തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം പുളിങ്കുടിയിൽ നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അർജുൻ എന്നിവരാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടു പേർ മരിച്ചു. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ് ഇപ്പോഴും. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മകൻ അർജുൻ വിഷം കഴിച്ച കാര്യം മുതിർന്ന സ്ത്രീയോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ഈ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.