കോഴിക്കോട് : മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു. കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെ ലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേർമ്മയറിഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയാണ്.
എം ടി വാസുദേവൻ നായരുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എംടിക്കുള്ളത്
1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരം എം ടിക്ക് ലഭിച്ചു.എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എംടിയായിരുന്നു