അങ്കമാലി ∙ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് ലിജി രാജേഷാണ് (41) മരിച്ചത്. സുഹൃത്ത് ആലുവ കാസിനോ തിയറ്ററിനു സമീപം തൊണ്ടിയിൽ മഹേഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 2ന് ആശുപത്രിയിലെ നാലാംനിലയിൽ ലിജിയുടെ അമ്മ ലില്ലിക്കായി എടുത്തിരുന്ന മുറിയുടെ വരാന്തയിൽ വച്ചാണു കുത്തേറ്റത്. ലിജിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർക്കുനേരെയും മഹേഷ് കത്തിവീശി. ലിജിയുടെ മരണം ഉറപ്പാക്കുന്നതുവരെ ഇയാൾ ആരെയും അടുത്തേക്ക് വരാൻ അനുവദിച്ചില്ല. സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്നാണ് മഹേഷിനെ കീഴ്പ്പെടുത്തിയത്.
ഏറെ വർഷങ്ങളായി പരിചയമുള്ള ലിജിയും മഹേഷും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണു കൊലപാതകത്തിൽ കലാശിച്ചത്. സൗഹൃദം തുടരുന്നത് ലിജി നിരസിച്ചതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ലിജിയുടെ ഭർത്താവ് രാജേഷിനു ഖത്തറിലാണു ജോലി.
വെൽഡിങ് ജോലി ചെയ്യുന്ന പ്രതി മഹേഷ് അവിവാഹിതനാണ്. മരിച്ച ലിജി മഞ്ഞപ്ര അമ്പാട്ട് പരേതനായ വിജയന്റെയും ലില്ലിയുടെയും മകളാണ്. മക്കൾ: ആദിത്യരാജ്, അതീന്ദ്രരാജ്.