പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞു; കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കൊച്ചി കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു.ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവം നടന്നത്.കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അം​ഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. ഓട്ടോയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ഫോട്ടോ ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. തള്ളി താഴെയിട്ടതിനു ശേഷം ഇവർ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടർന്ന് ഇവർ ഇവിടെ നിന്നും കടന്നു. അരുൺ നൽകിയ പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.