നിപ: ഗവ. മെഡിക്കൽ കോളജിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേർന്നു. ഇൻഫെക്ഷൻ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ കെ ആർ രാജേഷിനെ നോഡൽ ഓഫീസറായി നിയമിച്ചു.

രോഗലക്ഷണം ഉള്ളവർ വന്നാൽ ഐസൊലേഷൻ വാർഡിൽ എത്തിക്കുന്നത് മുതൽ പരിചരണം, സാമ്പിൾ ശേഖരണം, ചികിത്സ നൽകൽ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസർ, മൈക്രോബയോളജി വിഭാഗം മേധാവി, സ്റ്റോർ സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർക്ക് ചുമതല നൽകി. ജനറൽ മെഡിസിൻ, പൾമോണറി മെഡിസിൻ, പീഡിയാട്രിക്സ്, അനസ്തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിൻ, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവരെ ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീമിനും രൂപം നൽകി.

നിപയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കുമായി ബോധവൽക്കരണം നൽകും. ആശുപത്രിയിൽ വരുന്ന എല്ലാവരും മാസ്ക് ധരിക്കുവാനും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. ബി ഷീല, വൈസ് പ്രിൻസിപ്പാൾ ഡോ. വി വി ഉണ്ണികൃഷ്ണൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം ദാസ്, ഡോ. എ എം രൺദീപ്, ഡോ. രാധിക, ഡോ. എൻ സരിത, ഡോ. ടി ജി ഷിബി, ഡോ. കെ ആർ രാജേഷ്, എം എ ബിന്ദു, ഒ എസ് സുജാത തുടങ്ങിയവർ പങ്കെടുത്തു.