മലയാളത്തിന്റെ മധു സാറിന് ഇന്ന് നവതി പുണ്യം

തിരുവനന്തപുരം: മലയാളത്തിന്റെ മധു സാറിന് ഇന്ന് നവതി പുണ്യം. 65 ല്‍ രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ചെമ്മീനിലെ പളനിയായി സത്യനും ചെമ്പന്‍കുഞ്ഞായി കൊട്ടാരക്കര ശ്രീധരന്‍നായരും കറുത്തമ്മയായി ഷീലയും അഭിനയകലയുടെ ഉന്നത സാക്ഷാത്കാരങ്ങള്‍ നേടിയപ്പോള്‍ ഒരിക്കലും അടങ്ങാത്ത കടലിലെ ഓളംപോലെ കരളില്‍ നിറയെ മോഹവുമായി പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍.
നാലര പതിറ്റാണ്ടു മുൻപ് പ്രേക്ഷകഹൃദയങ്ങളെ ഇളക്കിമറിച്ച പരീക്കുട്ടിയുടേയും കറുത്തമ്മയുടെയും ദുഃഖസാന്ദ്ര പ്രണയകഥയുടെആവിഷ് കാരത്തിന് ഇന്നും യൗവ്വനത്തിന്റെ തുടിപ്പ്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വഴിത്താരകള്‍ ഏറെ പിന്നിട്ട് മലയാള സിനിമ യാത്രതുടരുമ്പോള്‍ മധുസാര്‍ നവതിയുടെ നിറവില്‍. 300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള ചിത്രത്തിന്റെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. പത്മപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചുവെങ്കിലും പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ബഹുമതിയുടെ കിന്നരി പിടിപ്പിച്ച ആ അലങ്കാരങ്ങളെ തലയിലേറ്റാന്‍ മധു തയ്യാറല്ല. 89ല്‍ നിന്നും 90 കളിലേക്ക് കടക്കുമ്പോഴും മധു അദ്ദേഹത്തിന്റെ ചരിത്രം വീണ്ടും പുതുക്കിക്കൊണ്ടേയിരിക്കുന്നു. അവശതകൾ ഇല്ലാതെ പ്രധാനപ്പെട്ട പരിപാടികളിൽ എല്ലാം തന്നെ തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പു വരുത്തുന്നു. മധു മലയാളത്തിന്റെ ഒരു മധുര മനോഹര മനുഷ്യൻ തന്നെയാണ്.