ന്യൂഡൽഹി: ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ BJP മാറ്റംവരുത്തില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കേന്ദ്രമന്ത്രി നീതിൻ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനന്തകുമാർ ഹെഗ്‌ഡെയുടെ പരാമർശം തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ജനങ്ങളെ ആശയകുഴപ്പത്തിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. ഭരണകാലത്ത്, കോൺഗ്രസ് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നുമായിരുന്നു ഹെഗ്‌ഡെ ആരോപിച്ചത്.