കണ്ണൂർ: തിരുവനന്തപുരം ബിജെപി ലോക്സഭാ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് രാജീവ് ചന്ദ്രശേഖറും പി.കെ.ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്തു ചിത്രം പ്രചരിപ്പിച്ചത്. തന്നെയും തൻ്റെ ഭർത്താവിനെയും സമൂഹത്തിൽ താറടിച്ചു കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു.