ലക്ഷക്കണക്കിന് നിർമ്മാണ തൊഴിലാളികൾക്ക് ഒരു വർഷമായി പെൻഷൻ ഇല്ല……

കേരളത്തിലെ നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി ആവിഷ്കരിച്ചതാണ് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്...

സർക്കാരേ പെൻഷൻ തന്നു കൂടെ… ഞങ്ങൾ അടച്ച പണമാണ് … ലക്ഷക്കണക്കിന് നിർമ്മാണ തൊഴിലാളികൾക്ക് ഒരു വർഷമായി പെൻഷൻ ഇല്ല……
കേരളത്തിലെ നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി ആവിഷ്കരിച്ചതാണ് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്… 1998 മുതൽ ഈ ബോർഡ് പ്രവർത്തിക്കുന്നു…ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകുന്ന തൊഴിലാളികൾക്ക് 13 ദിനങ്ങളിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടാണ് ക്ഷേമനിധി ബോർഡ് പ്രവർത്തനം തുടങ്ങിയത്..ഈ ക്ഷേമനിധി ബോർഡ് കൃത്യമായി മാസം തോറും അംശാദായം അടച്ചു.. 60 വയസ്സ് എന്ന പെൻഷൻ പ്രായത്തിലെത്തിയവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു… പെൻഷൻ മാത്രമല്ല ബോർഡ് വാഗ്ദാനം ചെയ്തിട്ടുള്ള ഒരുതരത്തിലുള്ള ആനുകൂല്യവും ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.. വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി സമരങ്ങൾ നടന്നുവെങ്കിലും ഇതുവരെ നിർമ്മാണ തൊഴിലാളികളുടെ കണ്ണീര് കാണാൻ സർക്കാർ കണ്ണു തുറന്നില്ല എന്നതാണ് വാസ്തവം…കേരളത്തിൽ നടക്കുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും ഫ്ലാറ്റുകളുടെയും അടക്കമുള്ള നിർമ്മാണ ജോലികളിൽ പണിയെടുക്കുന്ന ഏതാണ്ട് 23 വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികൾക്കാണ് ഈ ക്ഷേമനിധി ബോർഡ് അംഗത്വം ലഭിക്കുക. 18 വയസ്സ് കഴിയുന്ന ഒരാൾ അംഗമായി ചേർന്ന് 60 വയസ്സ് പൂർത്തിയാകു

മ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും എന്നാണ് ബോർഡിൻറെ നിബന്ധന. ഈ വ്യവസ്ഥ പ്രകാരം അംഗത്വമെടുത്ത് മാസംതോറും നിലവിലെ 50 രൂപ ക്രമത്തിൽ അംശാദായം കൃത്യമായി അടച്ച തൊഴിലാളികൾക്ക് പോലും കഴിഞ്ഞ ഒരു വർഷമായി പെൻഷൻ അടക്കമുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല….തൊഴിലാളി

സംഘടനകൾ പറയുന്ന രീതിയിലാണെങ്കിൽ നിർമ്മാണ തൊഴിലാളികളോട് സർക്കാർ കാണിക്കുന്നത് കടുത്ത വഞ്ചനയാണ്… കേരളത്തിലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിലെ കണക്ക് പ്രകാരം 20,73 634 തൊഴിലാളികൾ അംഗത്വമെടുത്ത് മാസ വരിസംഖ്യ കൃത്യമായി അടച്ചു വരുന്നുണ്ട്… ഇത്തരത്തിൽ തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം മാത്രമല്ല കേരളത്തിൽ നടക്കുന്ന ഓരോ നിർമിതിയുടെയും അടങ്കൽ തുകയുടെ ഒരു ശതമാനം തുക സെസ് ആയി ബോർഡിലേക്ക് അടക്കാൻ വ്യവസ്ഥയുണ്ട്… ഈ രണ്ടു വിധത്തിൽ ബോർഡിന് ലഭിച്ചിട്ടുള്ള തുക ഏതാണ്ട് 1500 കോടിയിലധികമുണ്ടെന്നാണ് അറിയുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ സെസ് 10,000 കോടിയോളം രൂപ സർക്കാർ പിരിച്ചെടുക്കാനും ഉണ്ട് എന്നാണ് പറയുന്നത്…കെട്ടിട നിർമ്മാണ സെസ് തിരിക്കുന്ന കാര്യത്തിൽ തൊഴിൽ വകുപ്പ് അനാസ്ഥ കാണിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പിരിവ് ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്… തൊഴിലാളികൾ ഏറെ പ്രതിഷേധത്തോടെ പറയുന്ന ഒരു കാര്യം സെസ് പിരിക്കുകയോ പിരിക്കാതിരിക്കുകയോ ചെയ്യട്ടെ.. 20 ലക്ഷത്തിലധികം വരുന്ന തൊഴിലാളികൾ മാസംതോറും ബോർഡിലേക്ക് അടക്കുന്ന അംശാദായത്തിൻ്റെ പലിശ മാത്രം ഉണ്ടെങ്കിൽ തൊഴിലാളികളുടെ പെൻഷൻ വിതരണം കൃത്യമായി നടത്താൻ കഴിയും എന്നാണ്…യഥാർത്ഥത്തിൽ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ബോർഡ് മാത്രമല്ല മിക്കവാറും നന്നായി പ്രവർത്തിച്ചു പോകുന്ന എല്ലാ ക്ഷേമനിധി ബോർഡ് കളുടെയും ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും സർക്കാർ പണം പിൻവലിച്ചു ട്രഷറിയിലേക്ക് മാറ്റി സർക്കാരിൻറെ ചെലവുകൾ നിർവഹിക്കുന്നു എന്നതാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയിരിക്കുന്നത്…2022 നവംബർ മാസം മുതൽ നിർമ്മാണ തൊഴിലാളി പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയായി കിടക്കുന്നു…നിലവിൽ പെൻഷൻ പറ്റിയ തൊഴിലാളിക്ക് ലഭിക്കുന്ന പെൻഷൻ പ്രതിമാസം 1600 രൂപയാണ്… ഈ തുക കഴിഞ്ഞ ഒരു വർഷത്തിലധികമായി കുടിശികയായിരിക്കുകയാണ്… പെൻഷന് പുറമേ ബോർഡ് നൽകിവരുന്ന കുടുംബ പെൻഷൻ, ചികിത്സ സഹായം, വിവാഹ ധനസഹായം, മരണാനന്തര കർമ്മങ്ങൾക്കുള്ള സഹായം, അപകടമരണ സഹായം, അപകട ചികിത്സാസഹായം , വിവാഹ ധനസഹായം, പ്രസവ ചിലവ് സഹായം, തുടങ്ങിയ ബോർഡ് തൊഴിലാളികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്… കേരളത്തിൽ ഏറ്റവും കൂടുതൽ മുതലിറക്ക് നടക്കുന്ന ഒരു വ്യവസായമാണ് നിർമ്മാണ മേഖല… കേരളീയരായ 25 ലക്ഷത്തോളം തൊഴിലാളികളും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നു പണിയെടുക്കുന്ന 15 ലക്ഷത്തോളം തൊഴിലാളികളും ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്.. അന്യസംസ്ഥാന തൊഴിലാളികൾക്ക് കാർഡുകൾ നൽകി ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചെങ്കിലും ഇതും മുടങ്ങിക്കിടക്കുകയാണ്…രാജ്യത്ത് എമ്പാടും എന്നതുപോലെ കേരളത്തിലും കോവിഡ് മഹാമാരി വ്യാപിച്ച കാലത്ത് രണ്ടു വർഷക്കാലത്തോളം നിർമ്മാണ പ്രവർത്തനരംഗം പൂർണമായും സ്തംഭിച്ചു കിടക്കുകയായിരുന്നു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികൾ മാത്രമല്ല സർക്കാർ മേഖലയിലുള്ള പ്രവർത്തനങ്ങളും ഈ കാലങ്ങളിൽ മുടങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നു…അന്ന് തുടങ്ങിയ ജീവിത ദുരിതം നിർമ്മാണ തൊഴിലാളികൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്… കോവിഡിന്റെ പ്രതിസന്ധി മാറി നിർമ്മാണ പ്രവർത്തനങ്ങൾ കുറെയൊക്കെ പുരോഗമിച്ചു വന്നുവെങ്കിലും ഈ കാലഘട്ടത്തിനിടയിൽ 60 വയസ്സ് പൂർത്തിയാക്കി പെൻഷൻ പറ്റുകയും പണിയെടുക്കാൻ ആരോഗ്യം അനുവദിക്കാതെയും വന്ന ആയിരക്കണക്കിന് തൊഴിലാളികൾ ആശ്രയമായി കണ്ടത് ബോർഡ് നൽകുന്ന പെൻഷനായിരുന്നു….മറ്റ് ഏത് തൊഴിൽ മേഖലയെയും പോലെയല്ല നിർമ്മാണ മേഖല…’ തികച്ചും അപകടകരമായ സാഹചര്യത്തിൽ പണിയെടുക്കുന്നവരാണ് നിർമ്മാണ തൊഴിലാളികൾ.. സിമൻറ്. പെയിൻറ്. തുടങ്ങിയ രാസ പദാർത്ഥങ്ങളടങ്ങിയ ഉൽപ്പന്നങ്ങളുമായി ഇടപഴകുന്നത് കൊണ്ട് നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന നല്ലൊരു ശതമാനം തൊഴിലാളികളും 50 വയസ്സിനോടടുക്കുമ്പോൾ പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുന്ന സ്ഥിതിയുമുണ്ട്.. ഇ

ത്തരത്തിൽ രോഗികളായി മാറുന്ന ആൾക്കാർക്ക് പോലും ഒരു സഹായവും ലഭിക്കാത്ത സ്ഥിതി തുടരുന്നു എന്നതാണ് ഖേദകരം…ഭരണപക്ഷത്തുള്ള സിപിഎം – സിപിഐ,, പ്രതിപക്ഷത്തുള്ള കോൺഗ്രസ് പാർട്ടി തുടങ്ങിയവയ്ക്കെല്ലാം നിർമ്മാണ തൊഴിലാളികളുടെ ഇടയിൽ ശക്തമായ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്… ഈ സംഘടനകളെല്ലാം പലതരത്തിലുള്ള സമരങ്ങൾ നടത്തിയെങ്കിലും സർക്കാരിൻറെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാവാതെ തുടരുന്നു…ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് നേതൃത്വം കൊടുക്കുന്നത് സി പി എം ആണ്… സിപിഎമ്മിന്റെ നിർമ്മാണ തൊഴിലാളി സംഘടനയും വഴിപാടായി സമരം നടത്തിയെങ്കിലും ധനകാര്യ മന്ത്രിയോ സർക്കാരോ നിർമ്മാണ തൊഴിലാളികളെ തിരിഞ്ഞുനോക്കിയില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്…ഇതിനിടെയാണ് ലോകസഭാ തെരഞ്ഞെടുപ്പ് കേരളത്തിലും വന്നിരിക്കുന്നത്. ക്ഷേമനിധി ബോർഡ് അംഗത്വം എടുത്ത് നിയമപരമായി തന്നെ തൊഴിലാളിയായി പരിഗണിക്കപ്പെട്ടിട്ടുള്ള 20 ലക്ഷത്തിലധികം നിർമ്മാണ തൊഴിലാളികൾ കേരളത്തിലെ ഏറ്റവും ശക്തമായ ഒരു വോട്ട് ബാങ്ക് ആണ്.. ഇത് തിരിച്ചറിയാൻ ഇടതുപക്ഷ സർക്കാരിന് കഴിയാതെ പോയിരിക്കുന്നു എന്നത് ഖേദകരമാണ്… ആനുകൂല്യങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറായില്ല എങ്കിൽ ഈ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ നിലപാട് എടുത്തു കൊണ്ട് ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷ നിർമ്മാണ തൊഴിലാളി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്…