കലാമണ്ഡലം ഗോപി വിവാദത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍…

സുരേഷ് ഗോപി- കലാമണ്ഡലം ഗോപി വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.

സുരേഷ് ഗോപി- കലാമണ്ഡലം ഗോപി വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പദ്മ പുരസ്കാരം തരപ്പെടുത്തിത്തരുവാൻ കഴിയുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ട് ചോദിച്ചത് കലാമണ്ഡലം ഗോപിയാണെന്നും തന്നെക്കൊണ്ട് സാധിക്കില്ല എന്ന് അപ്പോൾത്തന്നെ അന്തസ്സായി സുരേഷ് ഗോപി മറുപടി പറഞ്ഞെന്നും സന്ദീപ് പറഞ്ഞു. “രഘുവിനോടാണ്… ആ ഗോപിയല്ല ഈ ഗോപി… മനസ്സിലായല്ലോ… മാപ്രകളോടാണ്… ഒരു മനുഷ്യനെ കള്ളവാർത്തകൾ കൊടുത്ത് തേജോവധം ചെയ്യുന്നതിനും ഒരു പരിധിയുണ്ട്… എന്നും സന്ദീപ് ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് ഒരു പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്നു മകൻ ഫേസ്ബുക്ക് പോസ്റ്റീൽ അറിയിച്ചതായിരുന്നു വിവാദത്തിന്റെ തുടക്കം.

ഇതേ തുടർന്ന്, ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരില്‍ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും വിശദീകരിച്ച്‌ ഗോപിയാശാന്റെ മകൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. “തന്നെ സ്‌നേഹിക്കുന്ന ആർക്കും എപ്പോഴും വീട്ടിലേക്ക് വരാം. മകന് സുരേഷ് ഗോപി, മോഹൻലാല്‍, മമ്മൂട്ടി എന്നിവരോട് ബഹുമാനമുണ്ട്. സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷണിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ പോകാനായില്ല. വിവാദമുണ്ടായപ്പോള്‍ സുരേഷ്‌ഗോപിക്ക് തന്നെ വിളിച്ച്‌ സംസാരിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു” എന്നായിരുന്നു കലാമണ്ഡലം ഗോപിയുടെ പ്രതികരണം.