കണ്ണുമിഴിച്ച് ക്യാമറകൾ, എന്നിട്ടും റോഡപകടങ്ങൾ പെരുകുന്നു…232 കോടിയുടെ എ ഐ ക്യാമറകൾ എന്തു നേട്ടമുണ്ടാക്കി…റോഡുകളിൽ പൊലിഞ്ഞത് 4010 മനുഷ്യ ജീവനുകൾ……
കേരള സർക്കാർ കൊട്ടിഘോഷിച്ചു സംസ്ഥാനമൊട്ടാകെ എ ഐ ക്യാമറകൾ സ്ഥാപിച്ചു… ഗതാഗത വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നാഷണൽ ഹൈവേകളിലടക്കം എല്ലാ ജംഗ്ഷനുകളിലും ക്യാമറ സ്ഥാപിച്ചത്… റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ തീരുമാനിച്ച് ആ പദ്ധതി നടപ്പിലാക്കിയത് റോഡുകളിൽ നൂറുകണക്കിന് ക്യാമറകൾ സ്ഥാപിച്ച് ഗതാഗതലംഘനം നടത്തുന്നത് കണ്ടുപിടിക്കുകയും, അവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തുകൊണ്ട് അപകടം കുറയ്ക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്
. എന്നാൽ ഈ ക്യാമറ സ്ഥാപിക്കൽ കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടായില്ല എന്നാണ് കേരള പോലീസ് തന്നെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്….2022ൽ കേരളത്തിൽ 43910 റോഡപകടങ്ങളാണ് ഉണ്ടായതെങ്കിൽ അത് 2023 ആയപ്പോഴേക്കും 48 141 ആയി വർദ്ധിച്ചു… അതായത് കഴിഞ്ഞവർഷം ക്യാമറകൾ സ്ഥാപിച്ച ശേഷം കേരളത്തിൽ 4231 റോഡപകടങ്ങൾ കൂടുതലായി ഉണ്ടായി എന്നാണർത്ഥം… കഴിഞ്ഞവർഷം റോഡപകടങ്ങളിൽപ്പെട്ട് 4010 പേർ മരണമടഞ്ഞതായും പോലീസ് പുറത്തുവിട്ട കണക്കിൽ പറ യുന്നുണ്ട്…
കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം 4796 റോഡപകടങ്ങൾ കേരളത്തിൽ ഉണ്ടായി.. ഈ അപകടങ്ങളിൽ പെട്ട അയ്യായിരത്തി നാനൂറ്റി പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുന്ന സാഹചര്യവും ഉണ്ടായി… അപകടങ്ങളിൽ 348 പേർ മരണമടഞ്ഞതായും പോലീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നുണ്ട്. കേരളത്തിലെ റോഡുകളിൽ ക്യാമറകൾ സ്ഥാപിച്ച ശേഷം റോഡപകടങ്ങളുടെ കാര്യത്തിൽ 10% വർദ്ധനവ് ഉണ്ടായി എന്നും ഈ റിപ്പോർട്ട് പറയുന്നു. 2023 ൽ റോഡപകടങ്ങളിൽപ്പെട്ട് 54349 പേർക്ക് പരിക്ക് പറ്റുകയുണ്ടായി…2022 ൽ ദിവസേന ശരാശരി 120 റോഡപകടങ്ങളാണ് ഉണ്ടായിരുന്നത് എങ്കിൽ കഴിഞ്ഞ വർഷം ഇത് 131 ആയി വർദ്ധിച്ചു… ഈ കണക്കുകൾ മാത്രം പരിശോധിച്ചാൽ കേരളത്തിൽ റോഡുകളിൽ ക്യാമറകൾ സ്ഥാപിച്ച് ഗതാഗത നിയന്ത്രണം വരുത്തി റോഡപകടങ്ങൾ കുറയ്ക്കാം എന്ന സർക്കാരിൻറെ പ്രഖ്യാപനം വെറും പാഴ്വാക്കായി എന്നത് വ്യക്തമാവുകയാണ്……ഈ പറഞ്ഞ കണക്കുകളെല്ലാം സംസ്ഥാന പോലീസ് വകുപ്പ് പുറത്തുവിട്ടതാണെങ്കിൽ സംസ്ഥാന ഗതാഗത ഗ്രൂപ്പിൻറെ കണക്കുകളും റോഡപകടങ്ങൾ കുറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്…. ഗതാഗത വകുപ്പിൻറെ കണക്കുപ്രകാരം ഒരു വർഷം 4000ത്തിലധികം റോഡപകടങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്… ഇതിൽ 50 ശതമാനവും അപകടങ്ങളിൽപ്പെടുന്നത് ഇരുചക്ര വാഹനങ്ങൾ ആണ്… കാർ അടക്കമുള്ള നാല് ചക്ര വാഹനങ്ങൾ 18% അപകടങ്ങളിൽ പെടുന്നുണ്ട്… റോഡ് സുരക്ഷ കർശനമാക്കി പാലിച്ചുകൊണ്ട് കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കി എന്ന് പറയുമ്പോൾ പോലും അപകടങ്ങളിൽ 14ശതമാനം കാൽനടയാത്രക്കാരെ ബാധിക്കുന്നതായിട്ടാണ് ഗതാഗത വകുപ്പിന്റെ കണക്കുകളിൽ പറയുന്നത്…. അതുപോലെതന്നെ കേന്ദ്രസർക്കാരിൻറെ ഗതാഗത വകുപ്പ് പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം കേരളം ദേശീയപാത അപകടങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുകയാണ്….
2016 മുതൽ 2024 ജനുവരി മാസം വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 3, 17 202 റോഡഅപകട കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ അപകടങ്ങളിൽപ്പെട്ട 3, 58 054 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്… ഈ കാലയളവിൽ സംസ്ഥാനത്ത് റോഡഅപകടങ്ങളിൽ പ്പെട്ട് 32, 244 പേർ മരിച്ചതായും പറയുന്നു… കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ ജനസേവനത്തിന് എന്ന് പറഞ്ഞുകൊണ്ട് പുതിയ പുതിയ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കും. ഇത്തരം പദ്ധതികളിൽ വൻകിട മുതൽ മുടക്കുള്ള ഇനങ്ങളും ഉണ്ടാകും…. പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതുപോലെ സർക്കാർ സംവിധാനം വഴി ജനങ്ങൾക്ക് എന്ന് പറഞ്ഞ് നടപ്പിൽ വരുത്തുന്ന പല വൻകിട പദ്ധതികളും ഒരു പ്രയോജനവും ജനങ്ങൾക്ക് നൽകാൻ കഴിയാതെ അവസാനിക്കുന്നു എന്നതാണ് വാസ്തവം…..ജനങ്ങളെ നേരിട്ടുതന്നെ ബാധിക്കുന്ന റേഷൻകടകളിൽ നടപ്പിലാക്കിയ ഇ – പോസ് ഓൺലൈൻ സംവിധാനം സ്ഥിരമായി തകരാർ ഉണ്ടാക്കി കേരളത്തിലെ റേഷൻ ഉപഭോക്താക്കളെ വലച്ചു കൊണ്ടിരിക്കുകയാണ്…. ജനങ്ങളുടെ ഏതുകാര്യവും വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി പരിഹരിക്കാം എന്ന് ലക്ഷ്യത്തോട് കൊണ്ടുവന്ന ഓൺലൈൻ സർക്കാർ സേവന പദ്ധതിയും സ്ഥിരം തകരാറുമായി ജനങ്ങളെ വലച്ചു കൊണ്ടിരിക്കുകയാണ്…. നൂറുകണക്കിന് കോടി രൂപയുടെ മുതൽമുടക്കുള്ള കെ.ഫോണും,,, ഇൻറർനെറ്റ് സംവിധാനവും ഇപ്പോഴും വെറും വാഗ്ദാനമായി അവശേഷിക്കുകയാണ്… കേരളം അപ്പാടെ മാറ്റിമറിച്ചു കളയും എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടുവെച്ച കെ. റയിൽ പദ്ധതി ജനങ്ങളുടെ തന്നെ എതിർപ്പ് കൊണ്ട് മാറ്റിവയ്ക്കപ്പെട്ടു…. ഇതിനോടൊക്കെ ചേർത്തു വായിക്കാവുന്ന സർക്കാർ കൊണ്ടുവന്ന മഹാത്ഭുതമാണ് കേരളം മുഴുവൻ അപകടരഹിത യാത്ര ഉറപ്പു നൽകുന്ന ക്യാമറ സ്ഥാപിക്കൽ പദ്ധതി… പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പലതരത്തിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും തുടക്കം മുതൽ തന്നെ ഉയർന്നുവന്നതാണ്…. സർക്കാർ ഖജനാവിൽ നിന്നും 232 കോടി രൂപ ക്യാമറയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വന്ന ഈ പദ്ധതി ഒരു വർഷം പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ എന്ത് നേട്ടമാണ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയത് എന്ന കാര്യം സർക്കാർ തന്നെ ഗൗരവമായി പഠിക്കണം…. കാലാകാലങ്ങളിൽ ജനങ്ങൾക്കുവേണ്ടി എന്ന് പറഞ്ഞുകൊണ്ട് വൻ സാമ്പത്തിക ബാധ്യതയുള്ള പല പദ്ധതികളും കൊണ്ടുവരാറുണ്ട് സർക്കാരുകൾ…. ഇത്തരം പദ്ധതികളിൽ പലതും വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാർ കണ്ടെത്തുന്ന ആശയങ്ങൾ ആയിരിക്കും …. ഇത്തരം ആശയങ്ങൾ സർക്കാരിന് മുമ്പാകെ സമർപ്പിച്ച് അതിന് അനുമതി നേടിയെടുക്കുന്നതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥ സംഘത്തിൻറെ തട്ടിപ്പും,, അഴിമതിക്കുള്ള വഴിയൊരുക്കലും ആയിട്ടാണ് കാണാറുള്ളത്… പദ്ധതികൾ നടപ്പിൽ വരുത്തുന്ന ഏജൻസികളും ഈ ഉന്നത ഉദ്യോഗസ്ഥ സംഘവും തമ്മിലുള്ള ഒത്തുകളിയിൽ പൊതുജനത്തിന്റെ പണമാണ് നഷ്ടമാകുന്നത് എന്നകാര്യം ഇനിയെങ്കിലും സർക്കാരുകൾ തിരിച്ചറിയണം…
232 കോടി രൂപ മുതൽ മുടക്കി കേരളത്തിലെ തെരുവുകളിൽ ഒരു ജീവൻ പോലും പൊലിയരുത് എന്ന് ഉറപ്പുപറഞ്ഞുകൊണ്ട് ഗതാഗത മന്ത്രി നടപ്പിൽ വരുത്തിയ പദ്ധതിയാണ് ക്യാമറ സ്ഥാപിക്കൽ….’ ഒരു വർഷത്തെ അപകട കണക്കുകൾ പുറത്തുവന്നപ്പോൾ മന്ത്രി പറഞ്ഞതും സർക്കാർ നടപ്പിലാക്കിയതും ഒരു ഗുണവും ചെയ്യുന്ന കാര്യമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.. ഈ ഇനത്തിൽ ചെലവാക്കിയ 232 കോടി രൂപ കേരളത്തിലെ തലചായ്ക്കാൻ ഇടമില്ലാത്ത അനാഥർക്ക് ഒരു ചെറു കൂര പണിതു നൽകാനോ,,, സർക്കാർ ആശുപത്രികളിൽ മാരകരോഗത്തിന് ചികിത്സ തേടി കഴിയുന്ന രോഗികളെ സഹായിക്കാനോ ഉപയോഗിച്ചിരുന്നെങ്കിൽ അത് എത്ര നല്ല കാര്യമായിരുന്നു എന്നുകൂടി പറയേണ്ടി വരുന്നു എന്ന കാര്യം അധികൃതർ മറക്കരുത്…..