വടക്ക് ക്രിസ്ത്യാനികൾ വഴിയിൽ കിടന്നു തല്ലു കൊള്ളുന്നു….ഇവിടെ ക്രിസ്തീയ മേധാവികൾ രാഷ്ട്രീയക്കാർക്ക് ഓശാന പാടുന്നു……

വടക്ക് ക്രിസ്ത്യാനികൾ വഴിയിൽ കിടന്നു തല്ലു കൊള്ളുന്നു....ഇവിടെ ക്രിസ്തീയ മേധാവികൾ രാഷ്ട്രീയക്കാർക്ക് ഓശാന പാടുന്നു...... രാജ്യത്തിൻറെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്...

വടക്ക് ക്രിസ്ത്യാനികൾ വഴിയിൽ കിടന്നു തല്ലു കൊള്ളുന്നു….ഇവിടെ ക്രിസ്തീയ മേധാവികൾ രാഷ്ട്രീയക്കാർക്ക് ഓശാന പാടുന്നു…… രാജ്യത്തിൻറെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്… മണിപ്പൂരിൽ ക്രിസ്ത്യാനികളടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തല്ലിത്തകർക്കുകയും വിശ്വാസികളെ ശാരീരികമായി ആക്രമിക്കുകയും തെരുവുകളിൽ വച്ചു കയ്യേറ്റം നടത്തുകയും ചെയ്ത അനുഭവങ്ങൾ പലതും ഉണ്ടായി…. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മണിപ്പൂരിലേത് മാത്രമല്ല… മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ശക്തമായി മുന്നേറുന്നു എന്നുള്ളതാണ്…ക്രിസ്ത്യൻ മുസ്ലിം സംഘടനകൾ ഹിന്ദുമത വിശ്വാസികളെ മതപരിവർത്തനം നടത്തി എന്നതിൻറെ പേരിലാണ് ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യാപകമായി അക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ പിൻബലം ഉള്ള ആർ എസ് എസ് – സംഘപരിവാർ ശക്തികളാണ് മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ വ്യാപകമായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്….മണിപ്പൂരിന് പുറമേ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ , തുടങ്ങി പല സംസ്ഥാനങ്ങളിലേക്കും ഇപ്പോൾ അക്രമണങ്ങൾ പടർന്നിരിക്കുന്നു എന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഓരോ സംസ്ഥാനത്തും ഉണ്ടായിട്ടുള്ള ന്യൂനപക്ഷ അക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയെങ്കിലും ഒരു ഇടപെടലും ഉണ്ടാകില്ല എന്നാണ് സംഘടന പറയുന്നത്… ഈ പറയുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ 75 ദിവസങ്ങൾക്കുള്ളിൽ 1061 ലധികം ആക്രമണ കേസുകൾ ഉണ്ടായി എന്നും യുണൈറ്റഡ്  ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്…ആർ എസ് എസും മറ്റു സംഘപരിവാർ ശക്തികളും ഈ ആക്രമണങ്ങൾക്ക് ന്യായം കണ്ടെത്തുകയാണ്… അവർ പറയുന്നത് ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ മത പ്രവർത്തകർ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും വലിയ തോതിൽ മതംമാറ്റം നടത്തിച്ചു എന്നാണ്…. ഈ പറയുന്ന സംസ്ഥാനങ്ങളിലെല്ലാം പതിനായിരക്കണക്കിന് ഹിന്ദു കുടുംബങ്ങൾ മതപരിവർത്തനത്തിന് വിധേയരായി എന്നാണ് ആർ എസ് എസ് ആരോപിക്കുന്നത്… അതുകൊണ്ടുതന്നെ ഇത്തരം ആൾക്കാരെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഘർ വാപസി യജ്ഞമാണ് തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇതിൽ പ്രകോപിതരായി ക്രിസ്ത്യൻ മതപുരോഹിതരും അനുയായികളും അക്രമത്തിന് ഒരുങ്ങുമ്പോഴാണ് സംഘർഷം ഉണ്ടാകുന്നത് എന്നും അവർ പറയുന്നു… രാജ്യത്തിൻറെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ ഭൂരിഭാഗം ആയിരുന്ന ഹിന്ദു മത വിശ്വാസികൾ നല്ല പങ്ക് ന്യൂനപക്ഷ മതമേധാവികളുടെയും മറ്റും പ്രവർത്തനങ്ങളും ഇടപെടലും കൊണ്ട് മതം മാറ്റം നടത്തി എന്നും ഇനി അത് ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും ആണ് ആർ എസ് എസ് – സംഘപരിവാർ നേതാക്കന്മാർ ആവർത്തിച്ചു പറയുന്നത്…ഈ വിധത്തിൽ രാജ്യത്തിൻറെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ മതവിശ്വാസികൾ പരക്കെ അക്രമത്തിന് ഇരയായി കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ചില മതമേധാവികൾ കേന്ദ്ര ഭരണകർത്താക്കളെയും ഭരണം നടത്തുന്ന രാഷ്ട്രീയ പാർട്ടിയെയും പുകഴ്ത്തിക്കൊണ്ട് നടക്കുന്നു എന്നത് ഒരു വിരോധാഭാസം ആണ്... കേന്ദ്ര ഭരണത്തിൽ ബിജെപി വന്നതിനുശേഷം ആണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം പലയിടങ്ങളിലും ആർ എസ് എസ് നേതൃത്വത്തിൽ മതപരിവർത്തനം തടയുക എന്ന മുദ്രാവാക്യവുമായി പള്ളികളും മറ്റ് ആരാധനാലയങ്ങളും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്… ആർഎസ്എസും സംഘപരിവാർ ശക്തികളും മതപരിവർത്തനം നടത്തിയവരെ തിരികെ ഹിന്ദുക്കൾ ആക്കുന്നതിനുള്ള അക്രമം നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തുവാൻ കേന്ദ്രസർക്കാരും കൂട്ടുനിൽക്കുന്നു എന്നത് വാസ്തവമാണ്. കേന്ദ്രത്തിൽ ബിജെപി ഭരണം വന്ന ശേഷമാണ് ഘർ വാപസി – അഥവാ കുടുംബത്തിലേക്ക് തിരികെ എത്തുക എന്ന മുദ്രാവാക്യവുമായി മതപരിവർത്തനം ചെയ്തവരെ തിരികെ കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്… ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ തടയുവാൻ ക്രിസ്ത്യൻ പള്ളികളും മറ്റും കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചതോടെയാണ് വലിയതോതിലുള്ള സംഘർഷത്തിന് വഴി ഒരുങ്ങിയത്. ഇത്തരത്തിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണം നടത്തുന്നത് ബിജെപി ആയതിനാൽ ആർഎസ്എസിനും മറ്റുമെതിരെ ഏതു വിധത്തിലുള്ള അക്രമം നടത്തിയാലും ഒരു കേസ് പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം….കഴിഞ്ഞ 10 വർഷമായി രാജ്യഭരണത്തിലേക്ക് കടന്നുവന്ന ബിജെപിയുടെ പിൻബലത്തോടെയാണ് ആർ എസ് എസ് ക്രിസ്ത്യാനികൾക്കും ക്രിസ്തുമത സ്ഥാപനങ്ങൾക്കും എതിരെ അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തരത്തിലുള്ള അനുഭവങ്ങളും വാർത്തകളും വന്നുകൊണ്ടിരിക്കുമ്പോൾ പോലും കേരളത്തിലെ ക്രിസ്തീയ സഭ മേധാവികളും നല്ലൊരു ശതമാനം വൈദികന്മാരും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾക്ക് സ്വീകരണം നൽകാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും അവരുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി സംസാരിക്കാനും തയ്യാറാകുന്നു എന്നതാണ് വിമർശിക്കപ്പെടേണ്ട കാര്യം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വൈര്യ ജീവിതം നഷ്ടപ്പെട്ട് ജീവ ഭയത്തോടെയാണ് ക്രിസ്തുമത വിശ്വാസികൾ കഴിയുന്നത്. എപ്പോൾ വേണമെങ്കിലും തങ്ങൾ ആക്രമിക്കപ്പെടും എന്ന ഭയം അവിടെയുള്ള പള്ളികളിലെ പുരോഹിതന്മാർക്കും അതുപോലെതന്നെ സന്യാസിനി മാർക്കും ഉണ്ട്. ഇത്തരത്തിലുള്ള മതപരമായ വൈരാഗ്യ പ്രവർത്തനങ്ങൾ പല സംസ്ഥാനങ്ങളിലും തുടരുമ്പോൾ കേരളത്തിൽ മാത്രം അതെല്ലാം മറന്നുകൊണ്ട് ക്രിസ്തുമത സഭാ മേധാവികൾ ബിജെപി നേതാക്കളെ ഒപ്പം കൂട്ടുന്നത് സ്വന്തം സഭയോടും സമുദായത്തോടും കാണിക്കുന്ന അനീതിയാണ് എന്ന് വിശ്വാസികൾക്കിടയിൽ തന്നെ ഇപ്പോൾ അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട് ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് രാജ്യം ഒട്ടാകെയായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ പരസ്യമായ പ്രതിഷേധവും പ്രസ്താവനയും ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്…