നാഗ്പുർ: യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. ക്രൈം സീരിസുകൾ കണ്ട് പ്രചോദിതരയാണ് മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളായ സ്വപ്നിൽ മരാസ്കോൽഹെ, ചേത്ന ബുരാഡെ എന്നിവർ യുവതിയെ തട്ടികൊണ്ടുപോയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു യുവതിയെ തട്ടികൊണ്ടുപോയത്. പ്രതികൾ ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഐടി ജീവനക്കാരിയായ യുവതിയെ തടഞ്ഞുനിർത്തി, എൻഐഎയിൽ നിന്നാണെന്നും ബോംബ് സ്ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും പറഞ്ഞു. മുന്നോട്ട് നീങ്ങുകയായിരുന്ന യുവതിയെ ജോലി കഴിഞ്ഞ് തിരികെ വരവേ ഇരുവരും സ്കൂട്ടർ തടഞ്ഞ് വ്യാജ ഐഡി കാർഡ് കാണിച്ച് ഭയപ്പെടുത്തി. തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. സ്വപ്നിൽ യുവതിയെ വാടകവീട്ടില്‍ എത്തിച്ചു.
യുവതിയെ വീട്ടിൽ പൂട്ടിയിടുകയും,ശേഷം 30 ലക്ഷം രൂപ മോചനദ്രവ്യം യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി സഹായത്തിനായി ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ക്രൈം സീരിസുകൾ കണ്ട് പ്രചോദിതരായാണ് യുവതിയെ തട്ടികൊണ്ട് പോകാൻ തീരുമാനിച്ചതെന്ന് ഡിസിപി അനുരാഗ് ജെയിൻ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.