സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി…

പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍.

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ വിസിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സിദ്ധാര്‍ഥന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായയും തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും അച്ഛന്‍ ജയപ്രകാശ് ആശങ്ക പ്രകടിപ്പിച്ചു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും പിതാവ് ആരോപിക്കുന്നു.

പെട്ടന്ന് മുഖ്യമന്ത്രി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ടെന്നും പ്രതിഷേധങ്ങളുടെ വാ മൂടി കെട്ടാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സംശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മാസം 9 നാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്, എന്നാല്‍ അതിന് ശേഷം ഒന്നുമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. സി ബി ഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പോലീസ് അന്വേഷണം നിലച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് തേച്ച്‌ മായ്ക്കാനുളള വി സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കി.