കേന്ദ്രസർക്കാരിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു ഏജൻസിയാണ് ആദായനികുതി വകുപ്പ്. ഈ വകുപ്പ് മാത്രമല്ല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തുടങ്ങിയവയും കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള പ്രാധാന്യമുള്ള ഏജൻസികളാണ്. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ആദായനികുതി വകുപ്പും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിയമത്തിന്റെ പിൻബലം ഉണ്ടെങ്കിലും ചില കാര്യങ്ങൾ പ്രത്യേകത താല്പര്യത്തോടെ നടത്തുന്നു എന്ന് തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ പ്രതിപക്ഷനിലയിലുള്ള കക്ഷികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും, പാർട്ടികളോട് ഭീമമായ കുടിശിക തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെടുന്നതും നിയമപരമായി ഈ ഏജൻസികൾക്ക് ചെയ്യാൻ കഴിയുന്ന നടപടികളുടെ ഭാഗമാണ്. എന്നാൽ ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ അതിൻറെ സമയവും സന്ദർഭവും ഗൗരവമായി പരിശോധിക്കുവാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഏജൻസികൾക്കുണ്ട്.
രാജ്യത്ത് ഭരണം നടത്തുന്നത് ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരാണ് ഈ സർക്കാരിനും ബിജെപി എന്ന രാഷ്ട്രീയപാർട്ടിക്കും എതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ആ പാർട്ടികളെയും ഉന്നംവെച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏജൻസികൾ നീക്കങ്ങൾ നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്.
പ്രതിപക്ഷ പാർട്ടികളിൽ ഒന്നാമത് നിൽക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. ആ കോൺഗ്രസ് പാർട്ടിയുടെ മേൽ സ്വീകരിച്ച നിയമനടപടികളുടെ ഭാഗമായി ആദായ നികുതി വകുപ്പ്, അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ് മരവിപ്പിച്ചിരിക്കുകയാണ്. പാർട്ടി വർഷാവർഷം കണക്കുകൾ സമർപ്പിക്കുകയും അടയ്ക്കേണ്ട നികുതി വിഹിതം അടയ്ക്കുകയും ചെയ്യേണ്ടത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ഉത്തരവാദിത്വമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ നികുതി വകുപ്പിന് നടപടിയെടുക്കുകയും ചെയ്യാം. എന്നാൽ കോൺഗ്രസ് പാർട്ടി ആദായനികുതി വകുപ്പിന് 800 കോടിയോളം രൂപ അടിയന്തരമായി അടയ്ക്കണം എന്ന് വകുപ്പ് ആവശ്യപ്പെടുകയുണ്ടായി. ഇതിൻറെ പേരിൽ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് തടയുകയും ചെയ്തു.
ഈ നടപടിക്കു ശേഷം വെറും രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോൺഗ്രസ് പാർട്ടി 1823 കോടി രൂപ കൂടി ആദായനീതിയായി അടയ്ക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമത്തിന്റെ മുന്നിൽ ഈ തീരുമാനങ്ങൾ ശരിയാണെങ്കിലും, ആദായ നികുതി വകുപ്പ് എന്ന് മാത്രമല്ല ഏത് വകുപ്പും ഒരു ബഹുജന പ്രസ്ഥാനത്തിൻറെ മേൽ കർക്കശമായ നടപടി എടുക്കുമ്പോൾ സമയം കൂടി പരിഗണിക്കേണ്ട ബാധ്യത ഉണ്ട്.
രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പ്രമുഖ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് പാർട്ടിക്ക് സ്വാഭാവികമായും വലിയ സാമ്പത്തിക ചിലവുകൾ നടത്തേണ്ടി വരും. ഇതിനുള്ള വഴികൾ തടഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയപ്പാർട്ടിയെ നിഷ്ക്രിയമാക്കുന്നത് ശരിയായ നടപടിയല്ല. ജനാധിപത്യം ഒരുപാട് സവിശേഷതകൾ ഉള്ളതാണ്. രാജ്യത്ത് ജനാധിപത്യം അതിൻറെ പൂർണ്ണ അളവിൽ നിലനിൽക്കണമെങ്കിൽ ന്യായമായ രീതിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുകയും, ആ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പങ്ക് നിർവഹിക്കാൻ അവസരം ഉണ്ടാവുകയും ചെയ്യണം.
നിലവിലെ സമ്പ്രദായം അനുസരിച്ച് ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ കാര്യത്തിൽ അടക്കം എല്ലാ ചിലവുകളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും കൂട്ടു ചേർന്ന് നിർവഹിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ തുടർന്നും ചെയ്യുവാൻ പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാൽ എന്തു മാർഗ്ഗമാണ് പിന്നെ ഉള്ളത് എന്ന കാര്യം നടപടിയെടുത്ത ഏജൻസികൾ ആലോചിക്കേണ്ടതുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന സമ്പ്രദായത്തിൽ നിന്നും മാറ്റി തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ സ്ഥാനാർഥികളുടെയും പാർട്ടികളുടെയും ചെലവുകൾ സർക്കാർ നിർവഹിക്കുന്ന രീതി നടപ്പിലാക്കിയാൽ ഇത്തരത്തിലുള്ള തർക്കങ്ങൾക്ക് പരിഹാരം ആകും പക്ഷേ നിലവിൽ അത്തരത്തിലൊരു സാഹചര്യവും രാജ്യത്ത് ഇല്ല.
ഇത് മാത്രമല്ല പ്രശ്നം കോൺഗ്രസ് പാർട്ടിയുടെ മേൽ ആദായനികുതി വകുപ്പ് എടുത്തിട്ടുള്ള നടപടികൾ പോലെ തന്നെ, സിപിഐ എന്ന പാർട്ടിക്കും സിപിഎമ്മിനും ആദായ നികുതിയുടെ പേരിൽ നോട്ടീസുകൾ അയച്ചിരിക്കുകയാണ്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പാർട്ടിക്കും വലിയ കുടിശ്ശിക അടയ്ക്കണം എന്ന നിർദ്ദേശവുമായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ നടപടികൾ എടുക്കുന്നതെല്ലാം പ്രതിപക്ഷത്തിരിക്കുന്ന പാർട്ടികൾക്കും അതിൻറെ നേതാക്കൾക്കും എതിരെ മാത്രമാണ് എന്നതാണ്.
ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ളതാണ്. അധികാരത്തിലിരിക്കുന്ന ബിജെപി എന്ന പാർട്ടി ആദായ നികുതി വകുപ്പിന് കുടിശിക വരുത്തിയിട്ടുള്ള തുക 4600 കോടിയിൽ അധികം വരും എന്നാണ് പറയപ്പെടുന്നത്. ഈ കുടിശിക അടയ്ക്കണം എന്ന് ആവശ്യപ്പെടാനോ അതിൻറെ പേരിൽ ബിജെപി പാർട്ടിക്കെതിരെ നോട്ടീസ് അയക്കാൻ, നടപടിയെടുക്കാൻ ആദായ നികുതി വകുപ്പ് തയ്യാറാവാത്തത് രണ്ടു തരത്തിൽ നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണ്.
അധികാരത്തിലിരിക്കുന്ന പാർട്ടി എന്ത് തെറ്റ് ചെയ്താലും അതൊന്നും ചോദ്യം ചെയ്യപ്പെടാതെ ഇരിക്കുകയും, പ്രതിപക്ഷ പാർട്ടികൾ ചെറിയ കുറ്റങ്ങൾ ചെയ്താൽ പോലും അതിനെതിരെ അറസ്റ്റും വാറണ്ടും നോട്ടീസും ജപ്തി നടപടികളും തുടങ്ങിയവയായി നീങ്ങുന്നത് കേന്ദ്ര ഏജൻസികൾ കാണിക്കുന്ന ഇരട്ടത്താപ്പ് അല്ലാതെ മറ്റൊന്നും അല്ല.
ഇതൊക്കെ പറയുമ്പോൾ പോലും, കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ വിമർശനം അർഹിക്കുന്ന ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. രാജ്യത്ത് ഏറക്കാലം ഭരണം നടത്തുകയും, ഇപ്പോൾ പ്രതിപക്ഷത്താവുകയും ചെയ്ത പാർട്ടി 20 വർഷക്കാലമായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിലും, നിയമപരമായി അടയ്ക്കേണ്ട തുക അടയ്ക്കുന്നതിലും എല്ലാം വീഴ്ചവരുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുകൾ ആ പാർട്ടിയെ ഒറ്റപ്പെടുത്തുന്ന കാര്യം തന്നെയാണ്.
ഒരു രാഷ്ട്രീയ പാർട്ടി, അതും ദേശീയതലത്തിൽ വലിയ പ്രാധാന്യമുള്ള പാർട്ടി അതിൻറെ ധന വിനിയോഗ കാര്യങ്ങളിൽ യാതൊരു കൃത്യതയും കാണിച്ചിരുന്നില്ല എന്ന് കൂടി വെളിപ്പെടുത്തുന്നതാണ് ഇപ്പോൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരിക്കുന്ന കാര്യങ്ങളിലൂടെ പുറത്തുവരുന്ന വസ്തുത. ആദായ നികുതി വകുപ്പ് പ്രതിപക്ഷ പാർട്ടികൾക്കു എതിരെ എടുത്തിട്ടുള്ള നടപടികളിൽ ന്യായത്തിന്റെ ഘടകങ്ങൾ ഉണ്ടെങ്കിലും ആ നടപടി എടുത്തിട്ടുള്ള രീതിയും അതിന് കണ്ടെത്തിയ സമയവും ഒരുതരത്തിലും അംഗീകരിക്കാവുന്ന ഒന്നല്ല എന്ന് തന്നെയാണ് ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപ്പെടുന്നത് എന്ന കാര്യം ഭരണകൂടം എങ്കിലും തിരിച്ചറിയണം.