ചാനൽ സർവ്വേകൾ വെറും തട്ടിക്കൂട്ടലുകളോ?

റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം നടത്തുന്ന സർവ്വേ പരിപാടി...

 സ്റ്റേഡിയത്തിലെ കായിക മത്സരത്തേക്കാൾ വാശിയിലാണ് മലയാളത്തിലെ വാർത്ത ചാനലുകാർ മത്സരിച്ചു കൊണ്ടിരിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാർ തമ്മിലുള്ള മത്സരത്തിന്റെ അരങ്ങ് ആണെങ്കിലും, യഥാർത്ഥ മത്സരം തുടങ്ങുന്നത് രാത്രി എട്ടുമണിക്ക് ശേഷമാണ്.  മലയാളത്തിലെ വാർത്താ ചാനലുകാർർ അപ്പോഴാണ്  ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി രംഗത്ത് വരുന്നത്.  കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ത്രികോണ മത്സരമാണ്. ഇടതുമുന്നണിയും, പലതുമുന്നണിയും, പിന്നെ ബിജെപി മുന്നണിയും.
ഇതിൽ ആര് ജയിക്കും എന്നത് 26 ആം തീയതി നടക്കുന്ന  വോട്ട് എടുത്തതിനുശേഷം മാത്രം തീരുമാനിക്കപ്പെടുന്ന കാര്യമാണ്. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സർവ്വേകൾ നടത്തി മുൻകൂട്ടി ഫല പ്രവചനം നടത്തുന്ന ചാനലുകാരുടെ പരിപാടികൾ തുടങ്ങിയിട്ട് കുറെ കാലമായി. കേരളത്തിൽ ഏതായാലും വാർത്താചാനലുകൾ പതിവുപോലെ സർവേ റിപ്പോർട്ടുകളുമായി അരങ്ങ് തകർക്കുകയാണ്. ഓരോ ചാനലുകാരും പ്രവചിക്കുന്നത് കാണുമ്പോൾ പ്രേക്ഷകർ ചിരിച്ചുകൊണ്ട് കുഴയുകയാണ്.  ചാനലുകാരുടെ ഫലപ്രഖ്യാപനം കണ്ടാൽ, ഇടതുമുന്നണിയും പലതുമുന്നണിയും ബിജെപിയും ഒരുപോലെ ജയിച്ചു വരുകയോ തോൽക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാവുക.
മലയാള വാർത്താ ചാനലുകൾ ചിലത് ഒന്നിലധികം തവണ സർവ്വേ ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഓരോ ചാനലുകാരും സർവ്വേയുടെ വിശദീകരണം നടത്തുന്നത് കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകും.  കൃത്യതയുടെ കാര്യത്തിലും വ്യക്തതയുടെ കാര്യത്തിലും മഹാത്ഭുതം സൃഷ്ടിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചില ചാനലുകാർ തെരഞ്ഞെടുപ്പ് സർവ്വേ റിപ്പോർട്ട് അവതരിപ്പിക്കുന്നത്.
ഏതായാലും ഓരോ ചാനലുകളും നടത്തുന്ന ഈ സർവേ റിപ്പോർട്ടുകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന പൊതുജനത്തിന് ഒരു കാര്യം മനസ്സിലാവുന്നുണ്ട്. ഇത് വെറും തട്ടിപ്പ് മാത്രമാണ് ചില ചാനലുകൾക്കെങ്കിലും, ന്യൂസ് റൂമിലും ബ്യൂറോകളിലും ഇരുന്നുകൊണ്ട് സ്വന്തമായി തന്നെ പ്രവചിക്കുന്ന രീതിയാണ് എന്ന് ആർക്കും മനസ്സിലാകുന്ന ഫലപ്രഖ്യാപനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഏത് ഏജൻസി, എവിടെയെത്തി, ആരെ കണ്ടുകൊണ്ട്, ആരുടെ അഭിപ്രായം അറിഞ്ഞുകൊണ്ട് അത് വിശകലനം നടത്തി ആണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഒരു ചാനലുകാരും നൽകുന്നില്ല. ഇത് യഥാർത്ഥത്തിൽ ന്യൂസ് റൂമിലും എഡിറ്റോറിയൽ ഡെസ്കിലും വട്ടം കൂടിയിരുന്ന തട്ടിക്കൂട്ടുന്ന കണക്കുകൾ മാത്രമാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.
ജനങ്ങളെ വിഡ്ഢികളാക്കുന്ന ഏർപ്പാടുകളും ആയി ചില വാർത്താചാനലുകൾ ഇപ്പോൾ ആവേശം കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ജനാധിപത്യത്തിൻറെ ഉത്സവം തന്നെയാണ്. പരമാവധി ജനങ്ങൾ ഇതിൽ പങ്കാളിയാവുകയും അവർ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു ഏർപ്പാടാണ് പൊതു തെരഞ്ഞെടുപ്പ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ ചാനലുകൾ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ പ്രേക്ഷകരിൽ വെറുപ്പ് ഉണ്ടാക്കുന്നു എന്ന കാര്യം ചാനൽ മേധാവികൾ തിരിച്ചറിയുന്നില്ല.
തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതും അതെല്ലാം ചേർത്തുകൊണ്ട് വാർത്തയിൽ അവതരിപ്പിക്കുന്നതും നല്ല കാര്യം തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് വാർത്ത റിപ്പോർട്ടിംഗിന് വേഷം കെട്ടിയിറങ്ങുന്ന രീതി പ്രേക്ഷകരിൽ മടുപ്പ് ഉണ്ടാക്കുന്നുണ്ട്. ഒരു കൂട്ടർ കുതിരപ്പുറത്ത് നടന്ന തെരഞ്ഞെടുപ്പ് വാർത്ത സംഘടിപ്പിക്കുന്നു  വേറൊരു കൂട്ടർ സ്കൂട്ടറിൽ നടന്നു വാർത്തകൾ ഉണ്ടാക്കുന്നു.
ചായക്കടകളിൽ കയറിയും കടലോരത്ത് ചുറ്റിക്കറങ്ങി പെട്ടിക്കടകളിൽ കയറി നാരങ്ങാ വെള്ളം കുടിച്ചും കള്ളുഷാപ്പിൽ കയറി മീൻ കറിയും പൊറോട്ടയും കഴിച്ചും  തെരഞ്ഞെടുപ്പ് വാർത്തകൾ സംഘടിപ്പിക്കുന്ന ചാനൽ വിദഗ്ധരുടെ ഈ തരംതാണ വാർത്ത ശേഖരണ പരിപാടി ജനങ്ങൾക്ക് മടുക്കുന്നുണ്ട് എന്നത് അവർ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏത് പൊതു തെരഞ്ഞെടുപ്പിലും മാറ്റം മറിച്ചിലുകൾ ഉണ്ടാകുന്നത് നിഷ്പക്ഷ വോട്ടർമാരുടെ ശതമാനം എങ്ങോട്ട് മാറി വോട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.  പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത നിഷ്പക്ഷരായ ഈ ആൾക്കാർ ചാനലുകാരുടെ ചോദ്യങ്ങൾക്ക്  മറുപടി നൽകുന്നവരും അല്ല. പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള കണക്ക് പ്രകാരം വോട്ടർമാരിൽ 10% ആൾക്കാർ നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ ആൾക്കാരാണ്.
അവർ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്  മത്സര രംഗത്തുള്ള സ്ഥാനാർഥികളെ വിശകലനം ചെയ്തുകൊണ്ടും നിലവിലെ സർക്കാരുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടും ഒരു തീരുമാനമെടുത്ത് വോട്ട് ചെയ്യുന്നവരാണ്.  ഈ 10 ശതമാനം നിഷ്പക്ഷ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും മുന്നണികളും സ്ഥാനാർത്ഥികളും വിജയികളായി മാറാറുള്ളത്. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ് ഈ യാഥാർഥ്യം തെരഞ്ഞെടുപ്പ് വേദികളിൽ ഇപ്പോഴും തുടരുന്ന സ്ഥിതിയുള്ളപ്പോൾ ചാനൽ പ്രമാണിമാർ ഫല പ്രവചനം  നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന കാര്യം സംശയാസ്പദമാണ്.
മാത്രവുമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ പ്രബുദ്ധത ഉള്ള ഒരു ജനതയാണ്. നല്ലൊരു ശതമാനം ജനങ്ങൾക്കും രാഷ്ട്രീയമായി കൃത്യമായ നിലപാടുകൾ ഉള്ളവരാണ്. അവർ രാഷ്ട്രീയമായിത്തന്നെ വോട്ട് രേഖപ്പെടുത്തുന്നു. എന്നാൽ രാഷ്ട്രീയ താൽപര്യക്കാരുടെ വോട്ടുകൊണ്ട് മാത്രം ജയപരാജയങ്ങൾ തീരുമാനിക്കപ്പെടില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ നിഷ്പക്ഷ വോട്ടുകളുടെ എണ്ണം ആണ് പലപ്പോഴും വിധിയെ തീരുമാനിക്കുന്നത്.
ഇപ്പോൾ മലയാളത്തിലെ വാർത്താ ചാനലുകാർ പുറത്തുവിട്ടിട്ടുള്ള പല പ്രഖ്യാപനങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഇത് ചാനൽ റേറ്റിംഗ് കൂട്ടുന്നതിന് വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഒരു തരികിട ഏർപ്പാടാണ്.  മൂന്നു കോടിയിൽ പരം വോട്ടർമാരുള്ള സംസ്ഥാനത്ത്, 20,000 പേരെ നേരിൽ കണ്ട് അവരുമായി സംസാരിച്ചു അവർ പറയുന്ന മറുപടിയെ അടിസ്ഥാനമാക്കി കേരളത്തിലെ 20 മണ്ഡലങ്ങളിലെ ജയപരാജയ തീരുമാനം ഉണ്ടാക്കുന്നു എന്നത് എന്ത് വിശ്വാസൃതയുള്ള ഏർപ്പാടാണ് .
അപ്പോൾ ഈ ഫലപ്രവചനങ്ങളും സർവ്വേ റിപ്പോർട്ടുകളും യാതൊരു അടിസ്ഥാനവും ഇല്ലാത്തതും ചാനൽ ഓഫീസുകൾ കേന്ദ്രീകരിച്ച് മാത്രം തട്ടിക്കൂട്ടുന്ന കണക്കുകളുടെ വെളിപ്പെടുത്തലുകളും അതിൻറെ പേരിൽ ഉള്ള അവകാശവാദങ്ങളുടെ പെരുമ്പറ മുഴക്കലും മാത്രമാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
 ഒരു കാര്യം ഉറപ്പാണ്, എത്ര വലിയ ആക്ഷേപങ്ങളും പരാതികളും ആവർത്തിക്കപ്പെട്ടാലും ഇന്നും ഇന്ത്യയിൽ കൃത്യതയും വ്യക്തതയും പരമാവധി നിലനിൽക്കുന്ന വോട്ടെടുപ്പ് സംവിധാനമാണ് ഉള്ളത്. ഒരാൾ സ്വന്തം വോട്ട് രേഖപ്പെടുത്തുക എന്നത് അയാളുടെ സ്വകാര്യ അവകാശമാണ്. അത് നീതിപൂർവമായി നടത്തിക്കൊണ്ടു പോകുവാൻ നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരമാവധി കഴിയുന്നുണ്ട്.
ചുരുക്കം ചില ഇടങ്ങളിൽ ഉണ്ടാകുന്ന കള്ള വോട്ടുകളും മറ്റു തിരിമറികളും വെറും സ്വാഭാവികം മാത്രമാണ്. രാജ്യം ഒട്ടാകെ നടക്കുന്ന ഒരുതരഞ്ഞെടുപ്പ് എന്ന രീതിയിൽ  ഒരു പൗരന്റെ പരമാധികാരം അവൻറെ ഇഷ്ടപ്രകാരം സ്വകാര്യമായി വിനിയോഗിക്കാൻ അവസരം നിലനിൽക്കുന്നിടത്തോളം, കാലം തെരഞ്ഞെടുപ്പിലെ ഫലം എന്നത് വോട്ടിംഗ് യന്ത്രങ്ങൾ തുറന്നുവച്ചു എണ്ണുമ്പോൾ മാത്രം പുറത്തുവരുന്ന വസ്തുതയാണ് എന്ന കാര്യം പ്രിയപ്പെട്ട ചാനൽ സർവ്വേ വിദഗ്ധന്മാർ മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.