ആനകൾ നിരക്കട്ടെ… പൂരം കൊഴുക്കട്ടെ…

അനാവശ്യ നിയന്ത്രണങ്ങൾ ആഘോഷങ്ങളെ ഇല്ലാതാക്കരുത്...

 

കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഉത്സവമാണ് തൃശൂർപ്പൂരം. നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന ക്ഷേത്ര ഉത്സവവും ആഘോഷവും ആചാരങ്ങളും ആണ് പൂരത്തിന്റെ പിന്നിൽ ഉള്ളത്. ഓരോ വർഷവും പൂരം കടന്നു വരുമ്പോൾ കേരളത്തിലും ഇന്ത്യയിലും നിന്ന് മാത്രമല്ല വിദേശത്തുനിന്നു പോലും നൂറുകണക്കിന് ആൾക്കാർ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുകയാണ് പതിവ്. പൂരം ജനങ്ങളെ ആകർഷിക്കുന്നത് ക്ഷേത്ര ആചാരങ്ങളുടെ മഹത്വം കൊണ്ടല്ല മറിച്ച് പൂരപ്പറമ്പിൽ എഴുന്നള്ളി നിൽക്കുന്ന നിരവധിയായ തലയെടുപ്പുള്ള ആനകളും അതിൻറെ ഒരുക്കങ്ങളും ആനപ്പുറത്ത് നടക്കുന്ന ആലവട്ടം വെഞ്ചാമരം തുടങ്ങിയവയുടെ ആകർഷണീയതയും അതോടൊപ്പം കാണികളെ അത്ഭുതപ്പെടുത്തുന്ന കുടമാറ്റവും ഒക്കെയാണ്.

ഇതിനേക്കാൾ പൂരപ്രേമികളെ സന്തോഷഭരിതരാക്കുന്നത്, പൂരനാളുകളിൽ നടക്കുന്ന മേള പൊലിമയും ഒപ്പം നടക്കുന്ന വെടിക്കെട്ടും ഒക്കെയാണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം കാലങ്ങളായി തൃശ്ശൂർ പൂരത്തിന്റെ അണിയറ ഒരുക്കങ്ങളായി നടന്നു വരുന്നതാണ്. കുറച്ചുകാലമായി ഓരോരോ തരത്തിലുള്ള നിയന്ത്രണങ്ങളും കടന്നുവന്ന പൂരപ്രേമികളെ സ്ഥിരമായി ആശങ്കപ്പെടുത്തുന്ന ഒരു സ്ഥിതി കണ്ടുവരുന്നു. ഇപ്പോൾ ഈ പൂരത്തിനും തൊട്ടു മുൻപ് ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് തർക്കങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു.

നമ്മുടെ നാട്ടിൽ വികൃതമായ ചില പ്രവർത്തനങ്ങളുമായി ഒരു കൂട്ടർ നീങ്ങുന്നുണ്ട് പ്രകൃതി സ്നേഹികൾ മൃഗ സ്നേഹികൾ പരിസ്ഥിതി പ്രവർത്തകർ സാമൂഹ്യപ്രവർത്തകർ വിവര അവകാശ പ്രവർത്തകർ ഇങ്ങനെയുള്ള പ്രവർത്തകരാണ്. അടുത്തകാലത്തായി പല പതിവു സമ്പ്രദായങ്ങളെയും തകർത്തു കൊണ്ടിരിക്കുന്നത് എല്ലാ കാര്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ കൂട്ടർക്ക് പലപ്പോഴും മനുഷ്യരുടെ പൊതുവായ താൽപര്യം മുഖ്യമല്ല എന്നതാണ് സത്യം.

അമ്പലത്തിൽ കയറ്റുന്ന ആനയ്ക്ക് അണ്ടർവെയർ ധരിപ്പിക്കണം എന്നും അല്ലെങ്കിൽ പീഡന കുറ്റം വരും എന്നും നാളെ ഒരു കൂട്ടർ പറഞ്ഞാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പൂരപ്പറമ്പിൽ ആനയെ നിർത്തിയാൽ അതിന് എന്തൊക്കെയോ നിബന്ധനകൾ നമ്മുടെ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും കൊണ്ടുവന്നു. പൂരപ്പറമ്പിൽ എത്തുന്ന ലക്ഷക്കണക്കിന് വരുന്ന ആൾക്കാരുടെ സുരക്ഷയാണ് ഇവർ പറയുന്നത് സംഗതി ന്യായം ഒക്കെയാണെങ്കിലും ഇവർ പറയുന്ന രീതിയിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ ആർക്കാണ് കഴിയുക എന്നതാണ് മറു ചോദ്യം.

വണ്ടി അപകടം ഒഴിവാക്കാൻ വണ്ടി യാത്ര വേണ്ട എന്ന് വെക്കാൻ കഴിയുമോ ഭക്ഷ്യ വിഷബാധ വരുമെന്നു കരുതി ഭക്ഷണം കഴിക്കേണ്ട എന്ന തീരുമാനിക്കാൻ കഴിയുമോ? തെങ്ങിൽ നിന്നും വീഴും എന്ന് കരുതി ആരെങ്കിലും തേങ്ങ പറിക്കാൻ കയറാതിരിക്കുമോ? ഇതൊക്കെ പോലെ തന്നെയല്ലേ പൂരം അടക്കമുള്ള അമ്പല ആഘോഷങ്ങളിലെ കാര്യങ്ങളും. ഇനി ഇതെല്ലാം പോകട്ടെ അമ്പലത്തിനകത്ത് ആന കയറുന്നത് നിയമം വഴി നിരോധിക്കാം കാട്ടിൽ കഴിയുന്ന കൊമ്പനാന നാട്ടിലേക്ക് ആൾക്കാരെ കൊന്നപ്പോൾ എന്ത് നിയമമാണ് ആനക്കെതിരെ ഉത്തരവായി ഇറക്കിയത്. ഇടിമിന്നൽ മൂലം ആൾക്കാർ മരണപ്പെട്ടാൽ ആകാശത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കഴിയുമോ കടൽക്ഷോഭിച്ചു മത്സ്യത്തൊഴിലാളി മരം മരിച്ചാൽ കടലിനെതിരെ കൊലപാതക കുറ്റം ചുമത്താൻ പറ്റുമോ ?

ഇത്തരത്തിലുള്ള തമാശ നിറഞ്ഞതാണെങ്കിലും ഗൗരവപരമായ പല ചോദ്യങ്ങളും അവശേഷിപ്പിച്ചു കൊണ്ടാണ് പലതരത്തിലുള്ള ആഘോഷ നിയന്ത്രണങ്ങളും നമ്മുടെ നാട്ടിൽ കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങളിൽ വെടിക്കെട്ട് കർശനമായി നിയന്ത്രിക്കുന്നു വെടിക്കെട്ട് തന്നെ ഏറ്റവും വലിയ ആകർഷണ ഘടകവും ആചാരത്തിന്റെ ഭാഗവുമായ പല ക്ഷേത്രങ്ങളും കേരളത്തിൽ ഉണ്ട്. പത്തോ പതിനഞ്ചോ കൊല്ലത്തിനിടയിൽ ഏതെങ്കിലും അമ്പലത്തിൽ വെടിക്കെട്ട് അപകടം ഉണ്ടായാൽ അതിൻറെ പേരിൽ എല്ലാ ആരാധനാലയങ്ങളിലും വെടിക്കെട്ട് വേണ്ട എന്ന് പറയുന്നതിൽ അല്പം പിശകുണ്ട് എന്നു പറഞ്ഞാൽ തെറ്റില്ല.

ജന്തുക്കളിൽ എന്തുതന്നെയായാലും മനുഷ്യർ തന്നെയാണ് വിലപ്പെട്ട വസ്തു എന്നാൽ ആ മനുഷ്യൻറെ പേര് പറഞ്ഞു കൊണ്ട് എല്ലാത്തിനും തടസ്സം ഉണ്ടാക്കുന്ന ചിലർ വെറും പബ്ലിസിറ്റി മോഹക്കാർ എന്ന് മാത്രമേ പറയാൻ കഴിയൂ. മനുഷ്യൻറെ നിലനിൽപ്പിന് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നവർ തെരുവുനായ പരിക്കുപറ്റി കിടക്കുമ്പോൾ വല്ലാതെ ദുഃഖിക്കുന്നത് മനുഷ്യസ്നേഹം കൊണ്ടല്ല. പേയിളകിയ നായ ആൾക്കാരെ ഓടിനടന്ന്ന്ന് കടിക്കുമ്പോൾ പോലും ജന്തു സ്നേഹവും സഹതാപവും കാണിക്കുന്നവർ അത് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്നു എന്നതു തന്നെയാണ് വസ്തുത.

നമ്മുടെ നിയന്ത്രണങ്ങൾക്ക് അപ്പുറമാണ് പലപ്പോഴും ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും ഒക്കെ ഉണ്ടാകാറുള്ളത്. പരമാവധി മുൻകരുതലുകൾ ഏതു കാര്യത്തിലും കൈക്കൊള്ളുന്നത് നല്ലതുതന്നെയാണ്. എന്നാൽ മനുഷ്യജീവൻ അപകടത്തിൽ ആകും എന്ന് മുൻകൂട്ടി തീരുമാനമെടുത്ത് യാതൊരു ന്യായീകരണവും ഇല്ലാത്ത ചില നിയന്ത്രണങ്ങൾക്ക് തയ്യാറാക്കുമ്പോൾ അത് സമൂഹത്തിന് ഇഷ്ടക്കേട് ഉണ്ടാക്കുന്നു എന്ന കാര്യം മറന്നു പോകരുത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരവും ആഘോഷവും ആണ് തൃശൂർ പൂരം. ലക്ഷക്കണക്കിന് ആൾക്കാർ ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുന്ന നാളുകളാണ് വരുന്നത്. പൂര ആഘോഷത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായി കാലങ്ങളായി തുടർന്നു വരുന്നവയാണ്. അവിടെ നടക്കുന്ന ആന എഴുന്നള്ളത്തും വെടിക്കെട്ടും എല്ലാം മറ്റു പല ക്ഷേത്രങ്ങളെ സംബന്ധിച്ചും നോക്കിയാൽ പൂര നഗരിയിലും ക്ഷേത്ര പരിസരത്തും ആനകളെക്കൊണ്ട് അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.

വളരെ ചുരുക്കം മാത്രമാണ് പൂര നഗരിയിലും ക്ഷേത്ര വളപ്പിലും ആനകളെ പ്രവേശിക്കുന്നതിന്. മുമ്പ് മൃഗ ഡോക്ടർ അതിനുപുറമേ വനംവകുപ്പിന്റെ ഡോക്ടർമാരും പരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈമാറണം എന്നത് ആന പ്രേമികളുടെയും പൂര പ്രേമികളുടെയും ഇഷ്ടക്കേടിന് വഴിയൊരുക്കി കഴിഞ്ഞു. പ്രതിഷേധം ശക്തമായപ്പോൾ ആണ് ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി മൃഗ ഡോക്ടർമാർ പരിശോധിച്ചാൽ മതി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇത് സ്വാഗതാർഹം ആണെങ്കിലും ഇത്തരത്തിൽ ഉള്ള കൃത്യതയില്ലാത്തതും അനവസരത്തിൽ ഉള്ളതുമായ ചില നീക്കങ്ങളും തീരുമാനങ്ങളും പൂരം അടക്കമുള്ള കേരളത്തിലെ പല ആഘോഷ പരിപാടികളുടെയും മേന്മയും പൊലിമയും നഷ്ടപ്പെടുത്തുന്നുണ്ട് എന്ന കാര്യം ബന്ധപ്പെട്ട ആൾക്കാർ തിരിച്ചറിയണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. തൃശ്ശൂർ പൂരം പൂർവ്വോപരി ഭംഗിയായി വലിയ ജനപങ്കാളിത്തത്തോടെ ഈ വർഷവും നടക്കുന്നതിന് സാധ്യത ഉണ്ടാകട്ടെ എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.