ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് ബ്രാൻഡായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവില്‍ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. സെർലാക് അടക്കമുള്ള ഉൽപ്പന്നങ്ങളിലാണ് കണ്ടെത്തിയത്.
എന്നാൽ , യു.കെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പബ്ലിക് ഐ ഒരു സ്വിസ് അന്വേഷണ ഏജൻസിയാണ്.
ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നെസ്ലെ ഇത്തരത്തില്‍ ഉയർന്ന അളവില്‍ പഞ്ചസാര ചേർത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്ലെയുടേതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുങ്ങൾക്ക് ഒരുതവണ നല്‍കുന്ന ഭക്ഷണത്തില്‍ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ സെർലാക് ഉത്പന്നത്തില്‍ നാല് ഗ്രാമും അതിലധികവും പഞ്ചസാരയാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.