വോട്ട് മറിക്കാൻ മറിയുന്നത് കോടികൾ

സന്നദ്ധ സംഘടനകളെയും മതസംഘടനകളെയും ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ

 

ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജയപരാജയങ്ങളുടെ കണക്കുകൂട്ടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് വിജയത്തിൽ ആശങ്കയുള്ള സ്ഥാനാർഥികളും അവരുടെ പാർട്ടികളും ഏത് തന്ത്രം പയറ്റിയും വിജയം ഉറപ്പാക്കാൻ തലപുകച്ചു കൊണ്ടിരിക്കുകയാണ്.

സമൂഹത്തിൽ സ്വാധീനമുള്ള സന്നദ്ധ സംഘടനകളുടെ നേതാക്കന്മാരെയും മത സംഘടനകളുടെ നേതാക്കന്മാരെയും പാട്ടിലാക്കാൻ ഇടത് വലത് മുന്നണികളുടെയും ബിജെപിയുടെയും നേതാക്കൾ നീക്കം തുടങ്ങിയതായി അറിയുന്നു. ഈ നീക്കങ്ങളിൽ സാമ്പത്തികമായി വലിയ തുക വാരിവിതറാൻ തയ്യാറാവുന്നത് ബിജെപിയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കളും സ്വാധീനിക്കാൻ കഴിയുന്ന സംഘടനാ നേതാക്കളെ രഹസ്യമായി കണ്ടു കോടിക്കണക്കിന് രൂപ പകരം നൽകുന്നതിന് വാഗ്ദാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായും ഇതിന് പുറമെയാണ് ചില മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാർഥികളുടെ അതേ പേരിൽ മത്സരിക്കുന്ന അപരന്മാരെ ഒഴിവാക്കി എടുക്കുന്നതിന് നടക്കുന്ന ശ്രമങ്ങളും.

കോൺഗ്രസിനും യുഡിഎഫിനും വിജയസാധ്യതയിൽ ആശങ്കയുള്ള മലബാർ മേഖലയിലെ മണ്ഡലങ്ങളിൽ വിജയം പുറത്താക്കുന്നതിനുവേണ്ടി കോൺഗ്രസിന്റെ നേതാക്കൾ കയറിയിറങ്ങുന്നത് മുസ്ലിം മത വിഭാഗത്തിൻറെ സന്നദ്ധ സംഘടനകളുടെ നേതാക്കളുടെയും, അതുപോലെതന്നെ നിഷ്പക്ഷ പ്രവർത്തനം നടത്തുന്ന ചില സന്നദ്ധ സംഘടനകളുടെയും നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആണ്. എല്ലാം പാർട്ടികളും സാമ്പത്തിക പ്രതിസന്ധി പരസ്യമായി പറയുന്നുണ്ടെങ്കിലും കാര്യമായ രീതിയിൽ വോട്ട് മറിക്കാൻ കഴിയുന്ന സന്നദ്ധ സംഘടന നേതാക്കൾക്ക് കോടികൾ വരെ വാഗ്ദാനം ചെയ്തു വരുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്.

ഇതേ സ്ഥിതി ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇടതുമുന്നണിയുടെ കൺവീനർ തന്നെ മുൻകൈ എടുത്ത് എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി ഫലം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തുകയുണ്ടായി. വിജയത്തിൽ ആശങ്കയുള്ള മണ്ഡലങ്ങളിൽ ഈ തരത്തിൽ പണം നൽകി സ്വാധീനിക്കാൻ കഴിയുന്ന സംഘടനകൾക്ക് അത് നൽകാൻ അവരുമായി ചർച്ച നടത്തുന്നതിന് ജില്ലാ നേതൃത്വങ്ങളെ ചുമതലപ്പെടുത്തിയതായും അറിയുന്നുണ്ട്.

ഏത് സന്നദ്ധ സംഘടനയ്ക്കും ചോദിക്കുന്ന തുക അതേപടി നൽകാൻ തയ്യാറാകുന്ന പാർട്ടി ബിജെപി ആണ്. ഹൈന്ദവ സംഘടനകളായ എൻ എസ് എസുമായും എസ് എൻ ഡി പി യു മായും ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സാമുദായിക പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും ആർ എസ് എസ് നേതാക്കൾ ഇതിനകം തന്നെ ചർച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. ഇതിനോടൊപ്പം കെ പി എം എസ് പോലുള്ള പിന്നോക്ക – പട്ടികവർഗ്ഗ സമുദായങ്ങളുടെ സന്നദ്ധ സംഘടന നേതാക്കളെയും ആർഎസ്എസിന്റെ ഉത്തരവാദിത്തപ്പെട്ട ആൾക്കാർ ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം തൃശൂർ പാലക്കാട് പത്തനംതിട്ട എന്നീ ലോകസഭാ മണ്ഡലങ്ങളിൽ നിലവിൽ ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്നതായി ഇവർ വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവചന സർവ്വേകൾ നടത്തിയ ചില ചാനലുകളും ഇത്തരത്തിൽ സർവ്വേ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു അതുകൊണ്ടുതന്നെയാണ് ഈ പറയുന്ന മണ്ഡലങ്ങളിൽ പണം എത്ര കണ്ട് ചിലവാക്കിയാലും സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കണം എന്ന വാശിയുമായി ബിജെപി നേതൃത്വം ഒറ്റക്കെട്ടായി നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ മുസ്ലിം മത വിഭാഗത്തി ൻ്റെ ഇടയിൽ പ്രവർത്തിക്കുന്ന സാമുദായിക സന്നദ്ധ സംഘടന നേതാക്കളെ നിരന്തരം സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു സമുദായങ്ങളെ കാൾ ശക്തമായ അടിത്തറയുള്ള ചില സംഘടനകൾ മുസ്ലിം മത വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട് മുസ്ലിം സമൂഹത്തെ ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടികളെക്കാൾ അണികളുടെ ശക്തിയുള്ള മുസ്ലിം സന്നദ്ധ സംഘടന ചില മണ്ഡലങ്ങളിൽ എങ്കിലും ജയപരാജയങ്ങൾക്ക് വിധി പറയാനുള്ള ശക്തിയുള്ളതാണ് എന്ന് കോൺഗ്രസ് നേതാക്കളും തിരിച്ചറിയുന്നുണ്ട്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ വലിയ ചില പദവികൾ വരെ ഈ സന്നദ്ധ സംഘടന നേതാക്കൾക്ക് വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമെയാണ് ഈ സംഘടനകൾ ആവശ്യപ്പെടുന്ന പണം നൽകുന്നതിന് കൂടി കോൺഗ്രസ് പാർട്ടിയും നേതാക്കളും തയ്യാറായിക്കൊണ്ടിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ ശാഖകൾ യോഗം ചേർന്ന യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് വേണ്ട പ്രചരണ ചിലവ് എന്ന പേരുപറഞ്ഞു കൊണ്ടാണ് സാമ്പത്തിക സഹായത്തിന് കോൺഗ്രസ് തയ്യാറാക്കുന്നത്.

ഇതേ തന്ത്രം തന്നെയാണ് എൽഡിഎഫ് നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ പുറത്തുവന്ന വാർത്താ ചാനലുകളുടെയും മറ്റും തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളിൽ എല്ലാറ്റിലും എൽഡിഎഫ് വളരെ പിറകോട്ട് പോകുന്ന സ്ഥിതിയാണ് പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും വലിയ ആശങ്ക ഉണ്ടായിരിക്കുന്ന സ്ഥിതി നിലനിൽക്കുകയാണ്. മുഖ്യമന്ത്രി തന്നെ ഇടപെട്ടുകൊണ്ട് പാർട്ടി സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും സംയുക്തമായി നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു എൽഡിഎഫ് വിജയത്തിനുള്ള സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ള വലിയ തുകയിൽ ഒരു പങ്ക് രഹസ്യ നീക്കം നടത്തി വോട്ട് മറിക്കുന്ന ആൾക്കാർക്ക് കൈമാറുക എന്ന തന്ത്രമാണ് സിപിഎമ്മും ഇടതുമുന്നണി പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്.

പതിവുകൾ വിട്ട് ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും കോടിക്കണക്കിന് രൂപ വോട്ട് മറിക്കാൻ വേണ്ടി ഒഴുകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നാണ് പല മണ്ഡലങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് കമ്മീഷനുകൾ ഇത്തരം കാര്യങ്ങളിൽ ശക്തമായ ഇടപെടലുകളും പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതൊന്നും പണം ഒഴുകുന്ന രഹസ്യ നീക്കങ്ങളെ തടയുവാൻ പ്രാപ്തമല്ല എന്നതാണ് വാസ്തവം. ഡൽഹിയിൽ നിന്നും മറ്റു ചില സുപ്രധാന കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് ആയി കേരളത്തിൽ എത്തുന്ന തുക ആണോ രാഷ്ട്രീയ പാർട്ടികൾ വോട്ട് മറിക്കൽ ചെലവിനായി വിനയോഗിക്കുക. ആരും കണ്ടുപിടിക്കാത്ത വിധത്തിൽ ട്രെയിനുകളിലും സ്വകാര്യ വിമാനങ്ങളിലും അതുപോലെതന്നെ വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്റ്ററുകളിലും ഓരോ സ്ഥലങ്ങളിലും കോടിക്കണക്കിന് രൂപ എത്തിക്കുന്ന സമ്പ്രദായമാണ്.

ദേശീയ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുന്നത് ബിജെപിയും കോൺഗ്രസ് പാർട്ടിയും ഈ കാര്യത്തിൽ ഒരേ പോലെ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യ കക്ഷികളിൽ ഒന്നായ സിപിഎമ്മിന് ഡൽഹിയിൽ നിന്നും വരുന്ന തുകയേക്കാൾ വലിയ തോതിലുള്ള തുക സംസ്ഥാനത്തെ തന്നെ വൻകിടക്കാരിൽ നിന്നും ശേഖരിക്കുക എന്ന രീതിയാണ് പതിവായി സ്വീകരിക്കാറുള്ളത്. ഭരണത്തിൻറെ തണലിൽ വ്യവസായ പ്രമുഖർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കോടിക്കണക്കിന് രൂപ ശേഖരിക്കുക എന്ന തന്ത്രമാണ് കേരളത്തിൽ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ എത്തിയപ്പോൾ ഈ തരത്തിൽ വോട്ട് മറിക്കുന്നതിന് കോടിക്കണക്കിന് രൂപ എല്ലാ പാർട്ടിക്കാരും വാരി ഒഴുക്കുന്നു എന്നതാണ് വാസ്തവം. വോട്ടു മരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ പോലെ തന്നെ കേരളത്തിലെ പല മണ്ഡലങ്ങളിലും പൊതു ശല്യം എന്ന രീതിയിൽ നിലനിൽക്കുന്ന സ്വതന്ത്രന്മാരെ പണം നൽകി മാറ്റുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.