കേരളത്തെ സമ്പൂർണ്ണ ഇൻറർനെറ്റ് സംവിധാനമുള്ള സംസ്ഥാനം ആക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടപ്പിൽ വരുത്തിയ കെ ഫോൺ പദ്ധതി എങ്ങും എത്താതെ അവശേഷിക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകം ഇൻഫർമേഷൻ ടെക്നോളജിയുടെ ചിറകേറുന്ന ഈ കാലത്ത് വിദ്യാസമ്പന്നർ തിങ്ങിപ്പാർക്കുന്ന കേരളത്തെയും അതേ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്കരിച്ചത്. കിഫ്ബിയിൽ നിന്നും 100 കോടി രൂപ പദ്ധതിക്ക് വേണ്ടി അനുവദിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കെ ഫോൺ ശൃംഖല സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കുന്നതിനു വേണ്ടി കേബിൾ വലിക്കുന്ന ഏർപ്പാടുകൾ ഏതാണ്ട് പൂർണമായും കഴിഞ്ഞു എങ്കിലും പ്രവർത്തനസജ്ജമാക്കുന്നതിന് വേണ്ട മറ്റു സംവിധാനങ്ങൾ ഒന്നും നിലവിൽ വരാത്ത സാഹചര്യത്തിൽ ആണ് ഇൻറർനെറ്റ് സംവിധാനം വ്യാപകമാക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്ന കേരള വിഷൻ അടക്കം പദ്ധതിയിൽ നിന്നും പിന്നോക്കം പോയിരിക്കുന്നത്. ബിപിഎൽ പട്ടികയിൽ പെടുന്ന പതിനാലായിരം പാവപ്പെട്ട കുടുംബങ്ങളിൽ കുട്ടികളുടെ പഠന ആവശ്യത്തിന് വരെ ഉപകരിക്കത്തക്ക വിധത്തിൽ സൗജന്യമായി ഇൻറർനെറ്റ് കണക്ഷൻ അനുവദിക്കുക എന്ന പദ്ധതിയാണ് സർക്കാർ മുന്നോട്ടുവച്ചത്… ആദ്യ വർഷത്തിൽ ഈ പതിനാലായിരം കണക്ഷനുകൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇതിൽ വർഷം ഒന്നു കഴിഞ്ഞിട്ടും ഏതാണ്ട് 5734 കണക്ഷനുകൾ ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന കണക്ഷനുകൾ എപ്പോൾ നൽകാൻ കഴിയും എന്ന കാര്യത്തിൽ ഇപ്പോൾ കെ.ഫോൺ കമ്പനി മേധാവികൾക്കു പോലും വ്യക്തമായ മറുപടിയില്ല.
സർക്കാർ കെ ഫോൺ പദ്ധതിയുമായി രംഗത്ത് വന്നപ്പോൾ ഇൻറർനെറ്റിന് വളരെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളാണ് ഈ കണക്ഷൻ എടുക്കുന്നതിനു വേണ്ടി അപേക്ഷയുമായി രംഗത്തുവന്നത്.
എന്നാൽ ഇതിൽ 10 ശതമാനം ആൾക്കാർക്ക് പോലും കണക്ഷൻ നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. മാത്രവുമല്ല കണക്ഷൻ എടുക്കുന്നതിനു വേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച ആയിരക്കണക്കിന് ആൾക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള കൃത്യമായ മറുപടി നൽകുവാൻ പോലും കെ ഫോൺ കമ്പനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ദയനീയമായ കാര്യം.കോമേഴ്ഷ്യൽ കണക്ഷനുകൾ ആവശ്യപ്പെട്ടുകൊണ്ട് 25000 ത്തിൽ അധികം ആൾക്കാർ അപേക്ഷ സമർപ്പിച്ചു എങ്കിലും ഇതിൽ 5000ത്തിൽ താഴെ ആൾക്കാർക്ക് മാത്രമാണ് ഇതുവരെ കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്. കൊമേഴ്സ്യൽ കണക്ഷൻ വ്യാപകമാക്കിയാൽ തന്നെ കമ്പനിക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും എന്ന് ഉറപ്പുള്ളപ്പോൾ പോലും കൃത്യമായി ഇൻറർനെറ്റ് ശൃംഖല എല്ലായിടത്തും എത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
മറ്റ് സ്വകാര്യ ഇൻറർനെറ്റ് സേവന കമ്പനികൾ ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് കെ.ഫോൺ കമ്പനി മുന്നോട്ടു വെച്ചത്. ഇതുതന്നെ ആയിരുന്നു ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് കണക്ഷൻ ലഭിക്കുന്നു എന്ന്തോടുകൂടി ആയിരക്കണക്കിന് ആൾക്കാർ കണക്ഷൻ എടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചു ഇപ്പോഴും കാത്തിരിക്കുകയാണ്.
വേറെ രസകരമായ ഒരു കാര്യം ഇൻറർനെറ്റ് കണക്ഷനുകൾ സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ലഭ്യമാക്കുന്നതിന് ആവശ്യമായ കേബിൾ ലൈനുകൾ വലിക്കുന്ന പണി 96% പൂർത്തിയായി എന്നാണ് അധികൃതർ പറയുന്നത്. ഇത്രയും സംവിധാനം ഒരുക്കിയിട്ടും എന്തുകൊണ്ടാണ് ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് കണക്ഷൻ നൽകുന്നതിന് കഴിയാതെ വരുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
കെ.ഫോൺ കമ്പനിയുടെ നടത്തിപ്പിലൂടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതിനോടൊപ്പം തന്നെ പദ്ധതി ആവിഷ്കരിക്കുമ്പോൾ പറഞ്ഞിരുന്നത് ഈ കമ്പനി നടത്തിപ്പുവഴി പ്രതിപക്ഷം സർക്കാരിന് 100 കോടി രൂപയുടെ ആദായം ഉണ്ടാകും എന്നതായിരുന്നു. എന്നാൽ പദ്ധതി പ്രവർത്തനം അതിൻറെ കാൽഭാഗം പോലും എത്താതെ മരവിച്ച കിടക്കുന്നത് വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നൂറുകോടിയിൽ അധികം രൂപ ഇതിന് മുതൽമുടക്കിയിട്ടുള്ള ഈ കമ്പനി എങ്ങനെയാണ് ഇനി മുന്നോട്ടു നീങ്ങുക എന്ന കാര്യത്തിൽ പോലും അധികൃതർക്ക് കൃത്യമായ അഭിപ്രായം ഇല്ല. കെ ഫോൺ കമ്പനിയും അങ്ങനെ കേരളത്തിൻറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അതേ വഴിയിലൂടെ മുന്നോട്ടു നീങ്ങി എന്ന് പറയുന്നതാവും ഏറെ ശരി.
പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തനം തുടങ്ങുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഒരു വർഷം കഴിയുമ്പോൾ നഷ്ടപ്പെട്ടതുകയുടെ നീണ്ട കണക്കുകൾ നിരത്തി സർക്കാർ സഹായം ആവശ്യപ്പെടുന്ന അനുഭവമാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. നൂറുകണക്കിന് കോടി രൂപ ഓരോ വർഷവും സർക്കാർ ഖജനാവിൽ നിന്നും നൽകി കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങൾ ആയ വൈദ്യുതി ബോർഡും ജലസേചന വകുപ്പും കെഎസ്ആർടിസിയും ഒക്കെ പ്രവർത്തിച്ചു പോകുന്നത്.
ഇതേ അവസ്ഥ തന്നെയാണ് അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രവർത്തിക്കുന്ന പല കോർപ്പറേഷനുകളുടെയും സ്ഥിതി. ഏതായാലും പൊതുജനങ്ങൾക്ക് സഹായം എന്ന രീതിയിൽ മുന്നോട്ടുവെച്ച കെ. ഫോൺ പദ്ധതിയും ഇപ്പോൾ യഥാർത്ഥത്തിൽ ഒരു ജനദ്രോഹ സംവിധാനമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.