കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് രാജി വെച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനും ഒക്കെയായിരുന്ന സജി മഞ്ഞക്കടമ്പൻ പുതിയ കേരള കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഇതിലൂടെ കേരളത്തിൽ നിലവിൽ ആറാമത്തെ കേരള കോൺഗ്രസ് ആണ് പ്രവർത്തനം തുടരുക.
കെഎം മാണിയുടെ മകനായ ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിൽ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്,, യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവർത്തിക്കുന്ന പി. ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ്, ബാലകൃഷ്ണപിള്ളയുടെ മകൻ ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാർ നയിക്കുന്ന കേരള കോൺഗ്രസ് ബി, മുൻ മന്ത്രി ആൻറണി രാജു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ്, അന്തരിച്ച സ്കറിയ തോമസ് രൂപീകരിച്ച കേരള കോൺഗ്രസ്, ഈ തരത്തിൽ അഞ്ചു കേരള കോൺഗ്രസ് പ്രവർത്തിച്ചുവരുന്നതിന്റെ ഇടയിലാണ് ജോസഫ് ഗ്രൂപ്പിൽ നിന്നും പുറത്തുവന്ന സജി മഞ്ഞ കടമ്പൻ പുതിയ കേരള കോൺഗ്രസ് പ്രഖ്യാപനം നടത്തിയത്,കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവായിരുന്ന കെ.എം മണി പറയുമായിരുന്ന ഒരു പ്രയോഗം കേരള ജനത മറന്നിട്ടില്ല.
വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് മാണി പറഞ്ഞത് നിരന്തരം പിളർന്നുകൊണ്ടിരിക്കുന്ന ഒരു പാർട്ടി എന്ന നിലയിൽ വിലയിരുത്തി കൊണ്ടാണ്. ഏതായാലും ജന്മനാ തന്നെ പിളർപ്പിന്റെ ജാതകം എഴുതിയിട്ടുള്ള കേരള കോൺഗ്രസ് പിന്നെയും പിന്നെയും പിളർന്നുകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തുകയാണ്. നിലവിലുള്ള കേരള കോൺഗ്രസുകൾ എൽഡിഎഫിലും യുഡിഎഫിലും ചേർന്നുനിന്നുകൊണ്ട് പ്രവർത്തിക്കുകയാണെങ്കിൽ സജി മഞ്ഞക്കടമ്പൻ പ്രഖ്യാപിച്ച പുതിയ കേരള കോൺഗ്രസ് ഈ രണ്ടു മുന്നണിയെയും വിട്ടുകൊണ്ട് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയിൽ ചേരുന്നതിനും ആ മുന്നണിയുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ആണ് തീരുമാനിച്ചിരിക്കുന്നത്.
സജി മഞ്ഞക്കടമ്പന്റെ ജോസഫ് കേരള കോൺഗ്രസിൽ വലിയതോതിൽ പ്രവർത്തകർ കോട്ടയം ജില്ലയിൽ പാർട്ടി വിടുന്ന സ്ഥിതി ഉണ്ടായിരുന്നു. ചില നേതാക്കളും ജോസഫ് ഗ്രൂപ്പ് പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്ന സ്ഥിതിയും വന്നു. ഈ സംഭവങ്ങൾ സജി മഞ്ഞക്കടമ്പന് വലിയ ഊർജ്ജമാണ് പകർന്നുകൊടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം കേന്ദ്രീകരിച്ച് തന്റെ അനുഭാവികളുടെ യോഗം പലതവണ വിളിച്ചു കൂട്ടുകയും ഏറെ നീണ്ട ചർച്ചകൾ നടത്തുകയും ചെയ്ത ശേഷമാണ് സജി ഇപ്പോൾ സ്വന്തമായി പാർട്ടി പ്രഖ്യാപിക്കാനും ആ പാർട്ടി ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം പ്രഖ്യാപിക്കാനും തീരുമാനം എടുത്തത്.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ടുവന്ന സജി മഞ്ഞക്കടമ്പനെ സ്വാധീനിക്കാനും പാർട്ടിയിലേക്ക് കൊണ്ടുവരുവാനും മാണി ഗ്രൂപ്പ് നേതാക്കൾ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരിട്ട് തന്നെ സജി മഞ്ഞ കടമ്പനുമായി ചർച്ചകൾ നടത്തിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു മുന്നണികളിൽ ചേർന്നു നിൽക്കുന്ന കേരള കോൺഗ്രസുകളും ആയി സഹകരിച്ചു പോകുന്നത് കൊണ്ട് പ്രത്യേക ഗുണം ലഭിക്കില്ല എന്ന തിരിച്ചറിവാണ് മഞ്ഞ കടമ്പനെ പുതിയ പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചത്.
ഇതിനിടെ സജീ മഞ്ഞ കടമ്പനുമായി ബിജെപിയുടെ സീനിയർ നേതാക്കൾ അടക്കം പലരും രഹസ്യചർച്ച നടത്തിയതായും നേതാക്കളുടെ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സജി മഞ്ഞക്കടമ്പൻ സ്വന്തം പാർട്ടിയെ ബിജെപിയുമായി ചേർത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിന് തീരുമാനിച്ചത് എന്നും ആണ് അറിയുന്നത്. പാർട്ടി പ്രഖ്യാപന അവസരത്തിൽ തന്നെ പുതിയ പാർട്ടി കോട്ടയത്ത് ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന കാര്യവും പരസ്യമായി അറിയിക്കുകയുണ്ടായി.
ദേശീയതലത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണി വീണ്ടും അധികാരത്തിൽ വരികയും ആ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് സജി മഞ്ഞ കടമ്പന്റെ ഉന്നം. ബിജെപിയെ പോലെ ദേശീയതലത്തിൽ ശക്തിയുള്ള പാർട്ടിയോട് ഒപ്പം ചേർന്നു നിന്നാൽ കിട്ടാവുന്ന സ്ഥാനമാനങ്ങളും സൗകര്യങ്ങളും ഈ നേതാവ് മുൻകൂട്ടി കാണുന്നുണ്ട്. അർഹമായ സ്ഥാനം നൽകും എന്ന് ബിജെപി നേതാക്കൾ മഞ്ഞക്കടമ്പന് ഉറപ്പു നൽകിയതായി വാർത്തയുണ്ട്.
ഈ കാര്യത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ ശക്തമായ ഇടപെടൽ ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്…കേരള കോൺഗ്രസിലെ ഏതു ഗ്രൂപ്പും മധ്യനിതാംകൂറിലെ ക്രിസ്തുമത വിശ്വാസികളുടെ ശക്തിയിൽ നിലനിൽക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് പറഞ്ഞാൽ തന്നെ മധ്യതിരിവിതാംകൂറിൽ ക്രിസ്ത്യാനികളുടെ പാർട്ടി എന്നാണ് അർത്ഥം.
ജീവിതത്തിൽ മതന്യൂനപക്ഷ വിഭാഗമായ ക്രിസ്തീയ വിശ്വാസികളുടെ പിന്തുണയുള്ള ഒരു പുതിയ പാർട്ടി ഹിന്ദു പാർട്ടി എന്ന് പറയുന്ന ബിജെപിയോട് ഒപ്പം ചേരാൻ സാഹചര്യമുണ്ടായാൽ കേരളത്തിൽ ഭാവിയിൽ ബിജെപിക്ക് അത് വലിയ ഗുണം ഉണ്ടാക്കും എന്ന വിലയിരുത്തൽ കൂടി ബിജെപി ദേശീയ നേതാക്കൾ കാണുന്നുണ്ട്. ഈ പരിഗണന കൂടി വെച്ചുകൊണ്ടാണ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വവും അദ്ദേഹത്തിൻറെ പാർട്ടിയുടെ പിന്തുണയും ബിജെപി നേതാക്കൾ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്.
സജി മഞ്ഞക്കടമ്പൻ നേതൃത്വം കൊടുക്കുന്ന പുതിയ കേരള കോൺഗ്രസ് മറ്റൊരു ക്രിസ്ത്യാനികളുടെ പാർട്ടി ആയി മാറുമ്പോൾ അത് ബിജെപി മുന്നണിക്ക് എത്രകണ്ട് ഗുണം ചെയ്യും എന്നത് ഭാവിയിൽ കണ്ടറിയേണ്ട കാര്യമാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട തുടങ്ങിയ മധ്യകേരളത്തിലെ പ്രദേശങ്ങളിൽ ഭൂരിഭാഗം കർഷകരും റബ്ബറിന് ആശ്രയിച്ചു ജീവിക്കുന്നവരാണ്.
കേരളത്തിൽ മാറിമാറി ഭരിച്ചിട്ടുള്ള ഇടത് വലത് മുന്നണികൾ കർഷകരോട് ഒരു ഘട്ടത്തിലും നീതു പുലർത്തിയിട്ടില്ല എന്ന് ക്രിസ്തുമത മേധാവികൾ പരിഭവിക്കുന്ന സ്ഥിതി നിലവിലുണ്ട്. മാത്രവുമല്ല കേന്ദ്രസർക്കാർ ഭരിക്കുന്നവർ വിചാരിച്ചാൽ മാത്രമാണ് റബ്ബർ കർഷകരെ സഹായിക്കാൻ കഴിയുക എന്ന വിശ്വാസവും ചില സഭ അധ്യക്ഷന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
ഇത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോൾ ഇടത് വലത് മുന്നണികൾക്ക് ഒപ്പം ചേർന്നു പോകുന്ന കേരള കോൺഗ്രസുകളെ തള്ളിക്കളഞ്ഞ് സജി മഞ്ഞ കടമ്പന്റെ പുതിയ പാർട്ടി ബിജെപിയോട് ഒപ്പം ചേർന്നുകൊണ്ട് കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്ന ഒരു വിലയിരുത്തൽ കർഷക സമൂഹത്തിൽ ഉണ്ടായാൽ നിലവിൽ ശക്തമായി നിൽക്കുന്ന ജോസ് കെ മാണിയുടെയും പി ജെ ജോസഫിന്റെയും കേരള കോൺഗ്രസ് വലിയ പ്രതിസന്ധിയെ നേരിടേണ്ട സാഹചര്യം ഉണ്ടായിത്തീരും.