മലപ്പുറത്ത് വിവാദം കത്തിക്കയറുന്നു

ഹൈദരാലി തങ്ങളുടെ മരണം - കാരണക്കാർ ലീഗ് നേതാക്കളോ  ?

മലപ്പുറം രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് പാർട്ടിയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ കത്തി കയറുകയാണ്.  മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.  ഈ വിവാദത്തിൽ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് നിലവിലെ ലീഗ് പാർട്ടിയുടെ ചില നേതാക്കൾ ആണ്.  ചന്ദ്രിക ദിന പത്രത്തിൻറെ പേരിൽ പത്തു കോടിയോളം രൂപ വക മാറ്റിയെടുത്ത കേസ് അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈദരാലി തങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു.  ഈ കേസിൽ കുടുങ്ങും എന്ന പ്രതിസന്ധി വലിയ വേവലാതിയായി ഹൈദരാലി തങ്ങളെ ബാധിച്ചിരുന്നു.  ഈ സംഭവമാണ് അദ്ദേഹത്തെ മരണത്തിലേക്ക് വരെ എത്തിച്ചത് എന്നാണ് പുതിയതായി ഉയർന്നിരിക്കുന്ന വിവാദം.
മുസ്ലിംലീഗിന്റെ മുൻപ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളുടെ മരണം എങ്ങനെ ഉണ്ടായി, ആരാണ് അതിൻറെ കാരണക്കാർ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമസ്തയുടെ ജനറൽ സെക്രട്ടറി ഉമ്മർ ഫൈസി രംഗത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നത് .
മുസ്ലിം ലീഗ് പാർട്ടിയുടെ മുൻ സെക്രട്ടറിയും ഇപ്പോൾ പൊന്നാനി ലോകസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയും ആയ കെ എസ് ഹംസയാണ്.  ഹൈദരാലി തങ്ങളുടെ മരണ കാരണത്തിൽ സംശയം ഉന്നയിച്ചത്  ഇതേ തുടർന്നാണ്  മലപ്പുറം ജില്ലയിലെ മുസ്ലിം മത വിഭാഗത്തിലും ലീഗ് പാർട്ടിയിലും പുതിയ വിവാദം കത്തിപ്പടർന്നിരിക്കുന്നത്.
മുസ്ലിം ലീഗ് എന്ന പാർട്ടിയെ ഒന്നടങ്കം കയ്യടക്കി വെച്ചിരുന്ന നേതാവായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. ഈ നേതാവിനെ വിമർശിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ഒരു വർഷം മുൻപ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
മുസ്ലിം ലീഗ് പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ  അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട പത്തു കോടി രൂപ പത്രത്തിനോ പാർട്ടിക്കോ ഉപയോഗിക്കാതെ ലീഗിൻറെ ചില മുതിർന്ന നേതാക്കൾ സ്വന്തമാക്കി എന്ന പരാതി ഉയർന്നപ്പോഴാണ് ഹൈദരാലി ശിഹാബ് തങ്ങൾ കുറ്റക്കാരനായി മാറുന്ന സ്ഥിതി ഉണ്ടായത്.  പത്രത്തിൻറെ അക്കൗണ്ടിൽ പത്തു കോടി രൂപ എത്തിയത് പാലാരിവട്ടം പാലം പണിയിൽ നടത്തിയ അഴിമതിയുടെ പ്രതിഫലമായിരുന്നു എന്നാണ് ആ കാലത്ത് പുറത്തുവന്ന റിപ്പോർട്ടുകൾ.  പാലം നിർമ്മാണത്തിലെ വീഴ്ചകൾ മൂലം ആ പാലം പുതുക്കി പണിയേണ്ട സ്ഥിതി വന്നിരുന്നു നിർമ്മാണത്തിന് കരാർ നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പത്തു കോടിയുടെ അഴിമതി നടത്തി എന്നാണ് പരാതി ഉയർന്നത്. ഈ വിഷയത്തിൽ കോടതിയിൽ കേസ്  ഉണ്ടാവുകയും ചെയ്തിരുന്നു.. തുടർന്നാണ്  പാർട്ടി പ്രസിഡൻറ് എന്ന നിലയിൽ ഹൈദരാലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടായത്.
കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ എല്ലാ മതവിഭാഗത്തിൽപ്പെട്ട ആൾക്കാരും സ്നേഹത്തോടെയും ആദരവോടെയും കാണുന്ന ഒരു കുടുംബമാണ് മലപ്പുറത്ത് തങ്ങൾ കുടുംബം.  മതപരമായ പാണ്ഡിത്യവും സ്വത്തും അധികാര പദവിയും ഒന്നുമല്ല മറിച്ച് എല്ലാ മനുഷ്യരെയും സ്നേഹിക്കാനും ഒന്നുപോലെ കാണുവാനും തങ്ങൾ കുടുംബത്തിലെ കാരണവർമാർ കാണിച്ചിട്ടുള്ള മനുഷ്യത്വപരമായ പെരുമാറ്റമാണ് ആ കുടുംബത്തിലെ കാരണവന്മാർക്ക് സമൂഹത്തിൽ വലിയ അംഗീകാരം ഉണ്ടാക്കിക്കൊടുത്തത്. ഈ കുടുംബത്തിലെ കാരണവന്മാരായ സഹോദരങ്ങളിൽ അവസാന ആളായിരുന്നു  ഹൈദരാലി ശിഹാബ് തങ്ങൾ. കാഴ്ചയിൽ തന്നെ വിശുദ്ധനും സത്യസന്ധനം നീതിമാനും ഒക്കെയായി തോന്നുന്ന ഒരാളായിരുന്നു ശിഹാബ് തങ്ങൾ. ഏത് വിഷയത്തിലും സംയമനവും സൗഹൃദവും ഒരുമിച്ച് കൂട്ടിക്കുഴക്കുന്ന പ്രത്യേക പ്രവർത്തന ശൈലിയാണ് അദ്ദേഹം ജീവിത അന്ത്യം വരെ നിലനിർത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഹൈദരാലി തങ്ങളെ മുസ്ലിങ്ങൾ മാത്രമല്ല എല്ലാ മതത്തിൽപ്പെട്ട ജനവിഭാഗവും സ്വന്തം സഹോദര തുല്യമായി സ്നേഹിച്ചുവന്നിരുന്നു.
നിഷ്കളങ്കനും പരിശുദ്ധനുമായ ഹൈദരാലി തങ്ങൾ ലീഗ് നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായപ്പോഴാണ് അദ്ദേഹത്തിൻറെ ഹൃദയം തകരുന്ന സ്ഥിതി ഉണ്ടായത്. തങ്ങളെ സംബന്ധിച്ചിടത്തോളം പത്തുകോടി രൂപയുടെ അഴിമതി വാർത്തകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതിന് പുറമെയാണ് ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളെ ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടായത്.
ഈ ചോദ്യം ചെയ്യലിനു ശേഷം മാനസികമായി മാത്രമല്ല ശാരീരികമായും പൂർണ്ണമായും തളർന്നുപോയ ഹൈദരാലി തങ്ങൾ പിന്നീട് പഴയ രീതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. എല്ലാ പ്രതിസന്ധികളും അദ്ദേഹത്തിൻറെ മുന്നോട്ടു ഉള്ള പോക്കിന് വിഘാതം ഉണ്ടാക്കിയപ്പോൾ അദ്ദേഹം രോഗിയായി മാറി പരമാവധി ചികിത്സകൾ നൽകിയെങ്കിലും മരുന്നു കൊണ്ട് മാറാവുന്ന രോഗം ആയിരുന്നില്ല അദ്ദേഹത്തെ തളർത്തിയിരുന്നത് എന്നതാണ് വാസ്തവം. 10 കോടിയുടെ അഴിമതി കേസുകൾ നിരന്തരം വാർത്തയായി വന്നതോടുകൂടി അതിൽ പ്രതിസ്ഥാനത്തു വന്ന ആൾ എന്ന നിലയിൽ ഹൈദരാലി തങ്ങൾ പൂർണമായും തകരുന്ന അനുഭവത്തെ നേരിടുകയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ ലീഗിലെ ചില നേതാക്കൾ ഹൈദരാലി തങ്ങൾ എന്ന പാവം മനുഷ്യനെ ഇല്ലാതാക്കുകയാണ് ചെയ്തത് എന്ന കാര്യം പരസ്യമായ രഹസ്യം ആയിരുന്നു.
ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടും ബഹളവും നിറഞ്ഞ നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഹൈദരാലീ തങ്ങളുടെ മരണം സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന ആശങ്കകൾ വലിയതോതിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചൂടിനെക്കാൾ കനത്ത ചൂടാണ് തങ്ങളുടെ മരണ കാര്യത്തിലെ സംശയങ്ങളുടെ പേരിൽ മലപ്പുറത്ത് നിറഞ്ഞുനിൽക്കുന്നത്.
2022 മാർച്ച് ആറാം തീയതിയാണ് ഹൈദരാലി ശിഹാബ് തങ്ങൾ രോഗബാധിതനായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ചു മരണം അടയുന്നത് മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് പദവിക്ക് പുറമേ സമസ്തയുടെ വൈസ് പ്രസിഡണ്ടായിട്ടും ശിഹാബ് തങ്ങൾ ട്രസ്റ്റ് ചെയർമാൻ ആയും മറ്റു നിരവധി സംഘടനകളുടെ നേതൃനിരയിലും ഹൈദരാലി തങ്ങൾ പ്രവർത്തിച്ചിരുന്നു. തങ്ങളുടെ മരണ ശേഷം രണ്ടുവർഷം കഴിഞ്ഞ് ഇപ്പോഴാണ് മരണ സംബന്ധിച്ചുള്ള സംശയങ്ങളും ആശങ്കകളും പൊതുവേദിയിൽ ചർച്ചയായി മാറുന്നത്.
വിഷയം ഉന്നയിച്ചത് ലീഗ് പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ആണെങ്കിലും ഈ സംഭവം ഏറ്റെടുത്തിരിക്കുന്നത് സമസ്തയുടെ നേതാക്കളാണ്. മുസ്ലിം ലീഗിൻറെ ഇപ്പോഴത്തെ ചില നേതാക്കളും സമസ്തയുമായി രൂക്ഷമായ തർക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമസ്ത തങ്ങളുടെ നേതാവായിരുന്ന  മുൻ ലീഗ് പ്രസിഡണ്ട് ഹൈദരാലി തങ്ങളുടെ മരണകാരണം അന്വേഷിക്കണം എന്ന് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ ഹൈദരാലി തങ്ങളുടെ മരണം സംബന്ധിച്ച് ഉയർന്നു വന്നിരിക്കുന്ന പരാതികൾ മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർത്ഥികളുടെ വിജയത്തെ ബാധിക്കുമോ എന്ന് ആശങ്ക ലീഗ് നേതാക്കൾക്ക് ഉണ്ട്.