കൊശമറ്റം ഫിനാൻസും തകർച്ചയിലേക്കോ ?

നിക്ഷേപകർ പരിഭ്രാന്തിയിൽ

 

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊശമറ്റം ഫിനാൻസ് എന്ന കമ്പനിയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വാർത്തകൾ പുറത്തുവരുന്നു. കേരളത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങുകയും നിക്ഷേപകരിൽ നിന്നും വലിയ തുകകൾ സ്വന്തമാക്കിയ ശേഷം മുങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ പുതിയ വാർത്തയല്ല. കോട്ടയത്തിന് അടുത്ത് തന്നെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം കോടികൾ നിക്ഷേപകരിൽ നിന്നും സ്വന്തമാക്കിയ ശേഷം, നിക്ഷേപകർക്ക് തുക തിരിച്ചു നൽകാതെ കബളിപ്പിക്കപെട്ടതോടുകൂടി, ഈ ധനകാര്യ സ്ഥാപനത്തിൻറെ ഉടമയുടെ വീട്ടിൽ നിക്ഷേപകർ സംഘം ചേർന്ന് സമരം ആരംഭിച്ച വാർത്ത പുറത്തുവന്നിരുന്നു… ഈ വാർത്തയ്ക്ക് പിന്നാലെയാണ് കൊശമറ്റത്തിലെ നിക്ഷേപകരും ആശങ്കയുമായി രംഗത്ത് വന്നിരിക്കുന്നത്. കേരള കോൺഗ്രസ് ഗ്രൂപ്പിൻറെ നേതാവിൻറെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനം.

100 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സ്വകാര്യ ചിട്ടി കമ്പനിയും ഫൈനാൻസ് കമ്പനിയുമാണ് കൊശമറ്റം… സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ഏതാണ്ട് ആയിരത്തോളം ശാഖകൾ കൊശമറ്റം ഫിനാൻസിന്റെതായി പ്രവർത്തിച്ചു വരുന്നുണ്ട്. 3000 ത്തോളം ജീവനക്കാർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.

ഏറെക്കാലം ചിട്ടി നടത്തിപ്പ് സ്ഥാപനമായി പ്രവർത്തിച്ചിരുന്ന കോശമറ്റം പിന്നീട് സ്വർണ പണയ വായ്പ ഇടപാടിലേക്കും കടന്നു… കമ്പനി വളർന്നതോടു കൂടി വ്യക്തിഗത വായ്പകളും കാർഷിക വായ്പകളും അടക്കം പല പദ്ധതികളും തുടങ്ങി. വലിയ പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നാട്ടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ഏർപ്പാടും എല്ലാ ശാഖകളിലും തുടങ്ങുകയും ചെയ്തു. ഇത്തരത്തിൽ വ്യക്തികളിൽ നിന്നും വലിയ തുക വരെ കൊശമറ്റം ഫിനാൻസിൽ നിക്ഷേപമായി ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ എല്ലാം കൊശമറ്റം ഫിനാൻസിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ശാഖകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ തങ്ങളുടെ ബന്ധം ഉപയോഗിച്ച് ആണ് നാട്ടുകാരിൽ നിന്നും ബാങ്കിലേക്ക് നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൊശമറ്റം ഫിനാൻസിന് എന്തെങ്കിലും തകർച്ച ഉണ്ടായാൽ പ്രത്യക്ഷത്തിൽ ബാധിക്കുക കമ്പനിയിൽ ജോലി നോക്കുന്ന നൂറുകണക്കിന് ജീവനക്കാരെ ആയിരിക്കും.

മാത്യു ചെറിയാൻ എന്നയാളാണ് കൊശമറ്റം ഫിനാൻസിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ. ലൈല മാത്യു അടക്കം മറ്റ് നാലുപേർ കൂടി കമ്പനിയുടെ ഡയറക്ടർമാരായി ഉണ്ട്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കൊശമറ്റം ഫിനാൻസ് കമ്പനി, കഴിഞ്ഞ വർഷം ഷെയർ ക്യാപിറ്റൽ ആയി 550 കോടി രൂപയും, ഈ വര്ഷം ഷെയർ ക്യാപിറ്റൽ ആയി 1226 കോടി രൂപയും നേടിയതായി കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖകളിൽ പറയുന്നു.

കൊശമറ്റം ഫിനാൻസ് കമ്പനിയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഒരാൾ കമ്പനിയിൽ നിന്നും വായ്പയായി 25 കോടിയോളം രൂപ എടുത്തതായും, ഈ തുക തിരിച്ചു നൽകാതെ ഇരുന്നതായും, കോട്ടയം ഹെഡ് ഓഫീസിൽ ചേർന്ന കമ്പനി ബോർഡ് യോഗത്തിൽ ഈ വിഷയം വലിയ ചർച്ച ആയതായും, ഒടുവിൽ തർക്കത്തിൽ അവസാനിച്ചതായും ഒക്കെ വാർത്ത പുറത്തു വരുന്നു. പണം തട്ടിയെടുത്ത ഡയറക്ടർ, മാനേജിങ് ഡയറക്ടർ അടക്കമുള്ള മറ്റു ബോർഡ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും, ധൈര്യമുണ്ടെങ്കിൽ പണം വാങ്ങിക്കോളൂ എന്ന് പറഞ്ഞതായും ഒക്കെ അറിയുന്നു.

ഏതായാലും നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന കൊശമറ്റം ഫിനാൻസ് കമ്പനിയും, സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്വകാര്യ-ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് എത്തുമോ എന്ന ഭയപ്പാടിലാണ്… ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളുകൾ കമ്പനിയുടെ കാര്യത്തിൽ ശുഭകരമല്ലാത്ത വാർത്തകൾ പുറത്തുവന്നതോടുകൂടി വലിയതോതിൽ തുക നിക്ഷേപിച്ചിട്ടുള്ളവർ കമ്പനി കേന്ദ്ര ഓഫീസിൽ നേരിട്ട് എത്തി ഇപ്പോഴത്തെ കമ്പനിയുടെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തി എന്നും പറയപ്പെടുന്നു.

നിക്ഷേപകർ എപ്പോൾ ആവശ്യപ്പെട്ടാലും പണം ഉടൻ തിരിച്ചു നൽകാം എന്ന രീതിയിൽ മാനേജ്മെൻറ്റിന്റെ ഭാഗത്തുനിന്നും മറുപടി നൽകിയതായും പറയുന്നുണ്ട്. എന്നാൽ ഈ ധനകാര്യ സ്ഥാപനത്തിൽ പുതുതലമുറ മാനേജ്മെൻറ് ഭരണം തുടങ്ങിയതോടുകൂടി സാമ്പത്തിക അച്ചടക്കം ഇല്ലാതായി എന്ന് പറയുന്ന ജീവനക്കാരും കുറവല്ല.

കമ്പനിയിൽ ലഭ്യമാകുന്ന നിക്ഷേപത്തുക നിലവിലെ ഡയറക്ടർമാർ യാതൊരു പഠനവും നടത്താത്ത പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുകയും, ഈ പദ്ധതികളിൽ നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള വരുമാനമോ ലാഭമോ ഉണ്ടാകാതെ വന്നത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കി എന്നുമാണ് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ അഭിപ്രായപ്പെടുന്നത്.

കോടികൾ വക മാറ്റി ചെലവഴിക്കുകയും പ്രതീക്ഷിച്ച വരുമാനം ഉണ്ടാകാതെ വരുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഏത് ധനകാര്യ സ്ഥാപനവും സാമ്പത്തികമായി തകരാറിലേക്ക് നീങ്ങും. കൊശമറ്റം ഫിനാൻസിന്റെ കാര്യത്തിലും ഈ സ്ഥിതി ഉണ്ടാകുമോ എന്ന് ഭയപ്പെടുകയാണ് കമ്പനിയിൽ പണം നിക്ഷേപിച്ച ആൾക്കാരും നാട്ടുകാരിൽ നിന്നും നിക്ഷേപം കമ്പനിക്കായി വാങ്ങിക്കൊടുത്ത ജീവനക്കാരും.