ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുമ്പോൾ കേരളത്തിൽ ഇടതുമുന്നണിക്കും വലതു മുന്നണിക്കും പ്രത്യേകമായി നേട്ടം ഉണ്ടാക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുഖ്യമന്ത്രിയും ഇടതു നേതാക്കളും എന്ത് പറഞ്ഞാലും ഭരണവിരുദ്ധ വികാരം കേരളം ഒട്ടാകെ നിറഞ്ഞുനിൽക്കുന്നു എന്നത് തള്ളിക്കളയാവുന്ന കാര്യമല്ല. ഇതുകൊണ്ടുതന്നെ ഇടതുമുന്നണി അവകാശപ്പെട്ടിരുന്ന വലിയ നേട്ടം ഒന്നും വോട്ടെണ്ണൽ കഴിയുമ്പോൾ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. 20 സീറ്റിൽ പകുതി സീറ്റിനപ്പുറം ഇടതുമുന്നണി ജയിച്ചു വരും എന്നാണ് എൽഡിഎഫ് നേതാക്കൾ വിലയിരുത്തിയിരുന്നത്. എന്നാൽ ആ സാഹചര്യം ഉണ്ടാവില്ല എന്നാണ് അവസാന അവസരത്തിൽ കണക്കുകൂട്ടപ്പെടുന്നത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19 സീറ്റിലും വിജയം നേടിയത് കോൺഗ്രസ് നേതൃത്വം കൊടുത്ത യുഡിഎഫ് മുന്നണി ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട ഒരു സീറ്റ് കൂടി വീണ്ടെടുക്കും എന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ അവകാശവാദം ഫലം കാണാൻ സാധ്യതയില്ല.
കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ രണ്ട് മൂന്ന് മണ്ഡലങ്ങളിൽ എങ്കിലും വാശിയേറിയ ത്രികോണ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. തൃശ്ശൂർ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ശക്തമായ ബിജെപി സാന്നിധ്യം മത്സരത്തിന് വലിയ വീര്യം പകർന്നിട്ടുണ്ട്. എന്നാൽ അവസാന ഘട്ടത്തിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ബിജെപി വിജയിക്കും എന്ന് പറയാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
തെരഞ്ഞെടുപ്പ് നടക്കുന്ന ആലത്തൂർ പാലക്കാട് വടകര ആറ്റിങ്ങൽ കോട്ടയം എന്നീ സീറ്റുകളിൽ ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത ഉള്ളത്. എന്നാൽ ഇവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ എത്രകണ്ട് വോട്ട് സംഭരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇടത് വലത് മുന്നണികളുടെ ജയ പരാജയങ്ങൾ ഉണ്ടാവുക.
വടകരയിൽ ആണ് ഏറ്റവും വലിയ തീപാറുന്ന മത്സരം നടക്കുന്നത് സിപിഎം നേതാവും മുൻമന്ത്രിയുമായ ശൈലജ ടീച്ചർ ഇടതുമുന്നണി സ്ഥാനാർത്ഥിയായും ഷാഫി പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരരംഗത്ത് ഉണ്ട്. രണ്ടുമുന്നണികളും ഏതാണ്ട് കട്ടയ്ക്കു നിൽക്കുന്ന സ്ഥിതിയാണ് അവസാന നാളിലും ഈ മണ്ഡലത്തിൽ ആർക്കും കാണുവാൻ കഴിയുന്നത്. ഈ മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്ന ഒരു സവിശേഷത അവിടെ രാഷ്ട്രീയ ചർച്ചകളേക്കാൾ ഇടത് വലത് മുന്നണി സ്ഥാനാർഥികളുടെ പേരിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമൂഹമാധ്യമ വാർത്തകളും വീഡിയോകളും ആണ്. ഈ വിഷയങ്ങളുടെ പേരിൽ 2 സ്ഥാനാർഥികളുടെയും ആൾക്കാർ പോലീസിലും കോടതികളിലും കേസുമായി എത്തിയിട്ടും ഉണ്ട്.
ജൂൺ നാലിന് വോട്ടെണ്ണൽ നടത്തി ഫലപ്രഖ്യാപനം വരുമ്പോൾ യഥാർത്ഥത്തിൽ കേരളത്തിലെ ശക്തി കേന്ദ്രങ്ങളായ ഇടതുപക്ഷ മുന്നണിയും വലതുപക്ഷ മണ്ണിനെയും നേരിട്ട് തന്നെ നഷ്ടങ്ങളെ അഭിമുഖീകരിക്കും എന്നതാണ് വരാൻ പോകുന്ന യാഥാർത്ഥ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയെടുത്ത ഇടതുപക്ഷ മുന്നണി അതേ ഫലം പാർലമെൻറ് തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്ന വാദമാണ് ഉയർത്തിയിരുന്നത്. 20 സീറ്റിലും ഇടതുമുന്നണി ജയിച്ചിരിക്കുന്നു എന്ന മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അത് ആകില്ല എന്നും ഇടതുമുന്നണിക്ക് കൂടി വന്നാൽ അഞ്ചു സീറ്റിനപ്പുറം ലഭിക്കില്ല എന്നും ആണ് ഒടുവിലത്തെ വിലയിരുത്തലുകൾ.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തൂത്തുവാരുന്ന വിജയമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വന്തമാക്കിയത്. എങ്കിൽ ഈ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഒരു സീറ്റ്കൂടി നേടിയെടുക്കും എന്ന യുഡിഎഫ് നേതാക്കളുടെ അവകാശവാദവും പൊളിയാനാണ്. സാധ്യത കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പത്തൊമ്പത് സീറ്റിലെ വിജയം ഈ തവണ 15 ൽ താഴെയായി ചുരുങ്ങാനാണ് സാധ്യത.
ഇത്തരത്തിൽ പരിശോധിക്കുമ്പോൾ, കേരളത്തിലെ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ യഥാർത്ഥ രാഷ്ട്രീയ മത്സരം നടക്കുന്ന ഇടതുപക്ഷ മുന്നണിക്കും വലതുപക്ഷ മുന്നണിക്കും ക്ഷീണം ഉണ്ടാകുന്ന ഫലമായിരിക്കും പുറത്തുവരിക. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കുക എന്ന ശ്രമം പൂർണ്ണമായും വിജയിക്കാതെ വരുമ്പോൾ അതിൻറെ തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടും. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു സീറ്റ് നഷ്ടപ്പെട്ടാൽ പോലും കനത്ത ആഘാതമാണ് മുന്നണിക്ക് ഉണ്ടാവുക. ദേശീയതലത്തിൽ ബിജെപി വിരുദ്ധ കക്ഷികളുടെ മുന്നണി ഉണ്ടാക്കി അതിനു നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അങ്ങനെയുള്ള കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ നിന്നും നിലവിലുള്ള ഒരു സീറ്റ് എങ്കിലും കുറയുന്ന സ്ഥിതി വന്നാൽ അത് വലിയ ക്ഷീണം ഉണ്ടാകും.
ഇതിനൊക്കെ പുറമേ ആണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഭാവി തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പ് എന്ന പരിഗണനയിലേക്ക് തെരഞ്ഞെടുപ്പ് കടന്നുവരുന്നത് കോൺഗ്രസ് പാർട്ടിയിൽ നിന്നും കേരളത്തിൽ മാത്രമല്ല. ദേശീയ തലത്തിൽ തന്നെ നേതാക്കന്മാർ കൊഴിഞ്ഞുപോകുന്ന അന്തരീക്ഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ആരെങ്കിലും ഒക്കെ പരാജയപ്പെടുന്ന സ്ഥിതി വന്നാൽ അതിൻറെ പേരിൽ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ ഉടലെടുക്കുകയും, ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ നിന്നും രാജികളും മറ്റു പാർട്ടികളിലേക്കുള്ള ഒഴുക്കും ഉണ്ടായേക്കും എന്ന കണക്കുകൂട്ടലും രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നുണ്ട്.