പ്രജകൾ രാജാക്കളായി മാറുന്ന ദിവസം

ഇത് സർവ്വേ ഫലം അല്ല...ഇത് ഫല പ്രവചനമല്ല...ഇത് പെയ്ഡ് ന്യൂസും അല്ല

 

അഞ്ചു വർഷത്തിലൊരിക്കൽ പൊതുജനം എന്ന കഴുത മഹാരാജാവിന്റെ കിരീടം വയ്ക്കുന്ന ദിവസമാണ് വോട്ടെടുപ്പ് ദിവസം. ജനാധിപത്യത്തിൽ അധിപതി ജനങ്ങളാണെങ്കിലും ഇതെല്ലാം വെറും പറച്ചിലുകൾ ആയി മാറിയിട്ട് കാലം കുറെയായി. എങ്കിലും ജനാധിപത്യം എന്ന വലിയ സങ്കൽപ്പത്തെ മനസ്സിൽ നിറച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

കേരളത്തിലും വലിയ മത്സരത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചു ആർക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങൾ സ്വമേധയാ മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞു. സ്റ്റേജുകളിൽ നിറഞ്ഞ നിന്ന് രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾ നടത്തിയ ഘോരഘോര പ്രസംഗങ്ങൾ ഒന്നുമല്ല ജനങ്ങളെ സ്വാധീനിച്ചിട്ടുള്ളത്. പൊതുജനം ഓരോന്നും കണ്ടും കേട്ടും അനുഭവിച്ചും കഷ്ടിച്ച് ജീവിക്കുകയാണ്. തെരഞ്ഞെടുപ്പും രാഷ്ട്രീയപാർട്ടികളുടെ ഭരണത്തിൽ എത്തലും ജനങ്ങൾക്ക് പുതിയ കാര്യമല്ല.

വലിയ പ്രതീക്ഷയോടെ മാറിമാറി പലരെയും അധികാരത്തിലെത്തിച്ചെങ്കിലും അവർ പറഞ്ഞു വെച്ചതിന്റെ പത്തിലൊന്നു പോലും ജനങ്ങൾക്ക് മുന്നിൽ നടന്നിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും ഓർമ്മവച്ച നാൾ മുതൽ മനസ്സിൽ പതിഞ്ഞിട്ടുള്ള രാഷ്ട്രീയ കൊടികളുടെ നിറവും അവരുടെ ചിഹ്നവും ഒരാവേശമായി മാറുമ്പോൾ പൊതുജനം അറിയാതെ പോളിംഗ് ബൂത്തിൽ എത്തി പതിവു ചിഹ്നത്തിൽ സ്വന്തം വോട്ട് രേഖപ്പെടുത്തുന്നു.

കഴിഞ്ഞകാല കേരള തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു പച്ചയായ സത്യമുണ്ട്. കേരളത്തിൽ ശക്തമായി നിലനിൽക്കുന്നത് കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആണ്. രണ്ടിനും ഇടയിൽ ബിജെപിയുടെ മുന്നണിയും ഉണ്ട്. മൂന്ന് മുന്നണികളിലും ആയി കൂട്ടുകെട്ടിൽ ചേർന്നു നിൽക്കുന്നത് നിരവധി പാർട്ടികളാണ്. ഈ പാർട്ടിക്കാർ അവർ അവരുടെ കക്ഷികൾക്ക് വോട്ട് ചെയ്താൽ, ആ പാർട്ടിയോ മുന്നണിയോ അധികാരത്തിൽ വരില്ല എന്ന് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്,

ഏറ്റവും ശക്തമായ പാർട്ടിയായി നിൽക്കുന്ന സിപിഎം മാത്രം വിചാരിച്ചാൽ കേരളത്തിൽ ഭരണത്തിൽ എത്തുകയില്ല. ഇതുതന്നെയാണ് കോൺഗ്രസ് പാർട്ടിയുടെയും അവസ്ഥ. ഏതു തെരഞ്ഞെടുപ്പിലും വിജയത്തിലേക്ക് വരുന്നത് മറ്റു ചില ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയമായി ഏറ്റവും പ്രബുദ്ധമായ ജനങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് കേരളം എന്നൊക്കെ പറയുന്നുണ്ട്. എങ്കിലും അത് വ്യക്തമാക്കുന്ന വാസ്തവങ്ങൾക്കപ്പുറത്ത് ഏതെങ്കിലും ഒരു പാർട്ടിയെയോ മുന്നണിയോ അധികാരത്തിലേക്ക് കയറ്റുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം വോട്ടർമാർ കേരളത്തിൽ ഉണ്ട്.

ഈ വിഭാഗമാണ് ഏതാണ്ട് പത്തു ശതമാനം വോട്ടർമാർ വരുന്ന നിഷ്പക്ഷരായ കക്ഷിരാഷ്ട്രീയത്തിൽ വിശ്വസിക്കാതെ ജീവിക്കുന്ന ജനത. അവർ കൊടിയും അടയാളവും നോക്കി അതിൽ ഭ്രമിച്ചു വോട്ട് ചെയ്യുന്നവരല്ല. തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോൾ തൊട്ടടുത്ത കാലത്തുണ്ടായിട്ടുള്ള ജീവിതാനുഭവങ്ങളെ വിലയിരുത്തി ഏതെങ്കിലും ശരിയെന്ന് തോന്നുന്ന വിഭാഗത്തിന് വോട്ട് ചെയ്യുന്ന രീതിയാണ് ഈ കൂട്ടർ അവലംബിക്കാറുള്ളത്. ഈ 10 ശതമാനം വോട്ടർമാരുടെ മനം മാറ്റങ്ങൾക്ക് അനുസരിച്ചാണ് പലപ്പോഴും കേരളത്തിൽ ഏതെങ്കിലും ഒരു മുന്നണി അധികാരത്തിൽ വരുക എന്നതാണ് വാസ്തവം. അതല്ലായിരുന്നുവെങ്കിൽ പാർട്ടിയുടെ പ്രവർത്തകരുടെയും അനുഭാവികളുടെയും അണികളുടെയും വോട്ടിന്റെ തൂക്കം കൊണ്ട് അധികാരത്തിൽ വരുമായിരുന്നെങ്കിൽ എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് മുന്നണികൾ ഭരണത്തുടർച്ചയിൽ തുടർന്നുകൊണ്ടിരിക്കുമായിരുന്നു.

കേരളത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിന് തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ പൊതുവായി കാണുന്ന ഒരു പ്രത്യേകത ഏതെങ്കിലും ഒരു പാർട്ടിക്ക് അല്ലെങ്കിൽ മുന്നണിക്ക് അനുകൂലമായ ഒരു തരംഗവും രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇല്ല എന്നതാണ്. തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും അധികാരത്തിൽ ഇരിക്കുന്ന സർക്കാരുകളുടെ വിലയിരുത്തൽ ഉണ്ടാവും. ഈ രീതിയിൽ പരിഗണിച്ചാൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ഇപ്പോഴത്തെ ഗ്രാഫ് വളരെ താഴത്തെ നിലയിലാണ് എന്ന പറയേണ്ടിവരും. അതുപോലെതന്നെ രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാരിൻറെ തീരുമാനങ്ങളും നടപടികളും കേരളത്തിലെ അടക്കം ന്യൂനപക്ഷ മതവിഭാഗങ്ങളെ ആശങ്കയിൽ ആക്കിയിട്ടുണ്ട് എന്നതും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ സാധ്യതയുള്ള ഒരു ഘടകമാണ്.

കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് സംബന്ധിച്ചിടത്തോളം നഷ്ടവും ഇല്ല ലാഭവും ഇല്ല എന്ന് വിലയിരുത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് 20 സീറ്റിൽ 19 സീറ്റും സ്വന്തമാക്കിയിരുന്നു. അന്ന് കോൺഗ്രസിനും യുഡിഎഫിനും തുണയായി ശബരിമല അയ്യപ്പൻറെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ സഹായകരമായ ഒരു ഘടകവും ഇല്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ഉണ്ടായ യുഡിഎഫ് തൂത്തുവാരൽ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ല. മൂന്നോ നാലോ സീറ്റുകൾ നഷ്ടപ്പെട്ടാലും കോൺഗ്രസിനും യുഡിഎഫിനും എന്തെങ്കിലും ന്യായങ്ങൾ പറഞ്ഞു പിടിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടാവുക.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയ ഞങ്ങളുടെ ജില്ലാ ലേഖകന്മാർ കൈമാറിയ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ബഹുമാന്യരായ ഞങ്ങളുടെ പ്രേക്ഷകരുടെ മുന്നിലേക്ക് സമർപ്പിക്കുകയാണ്.

തെക്കേയറ്റം ആയ തിരുവനന്തപുരം മണ്ഡലത്തിൽ യഥാർത്ഥ ത്രികോണ മത്സരം ആണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ അല്പം മുന്നോട്ട് കുതിച്ചെങ്കിലും, രണ്ടാംഘട്ടമായപ്പോൾ യുഡിഎഫ് സ്ഥാനാർഥി നിലവിലെ എം പി ശശി തരൂർ അതിവേഗം മുന്നിലേക്ക് എത്തുന്ന അനുഭവമാണ് ഉണ്ടാക്കിയത്, എന്നാൽ പ്രചാരണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ എത്തുമ്പോൾm അവിടെ കന്നി മത്സരത്തിന് ഇറങ്ങിയ ബിജെപിയുടെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തൊട്ടടുത്ത എതിരാളി ശശി തരൂരിന് ഒപ്പമോ അല്പം മുന്നിലോ എത്തി എന്ന വിലയിരുത്തൽ ഉണ്ട് .

ഇതിന് മുന്നോട്ടുവയ്ക്കുന്ന കാരണം വിശ്വസനീയമാണ് കേരളത്തിൽ മൂന്ന് മുന്നണികളുടെതായി നിരവധി സ്ഥാനാർഥികൾ മത്സരത്തിൽ ഉണ്ട്. എന്നാൽ ഈ സ്ഥാനാർഥികളിൽ ആര് നടത്തിയ പ്രചാരണ പ്രവർത്തനങ്ങളെക്കാളും അടുക്കും ചിട്ടയുമുള്ള ശൈലി നടപ്പിലാക്കിയത് രാജീവ് ചന്ദ്രശേഖർ ആയിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഇത്ര കൃത്യതയും വ്യക്തതയും നിറഞ്ഞ തെരഞ്ഞെടുപ്പു മാനേജ്മെൻറ് മറ്റൊരിടത്തും കണ്ടില്ല എന്ന് ഞങ്ങളുടെ ലേഖകർ അഭിപ്രായപ്പെടുന്നു. മാത്രവുമല്ല തിരുവനന്തപുരത്തെ വോട്ടർമാർ എന്ന് പറയുന്നത് 60 ശതമാനത്തോളം ഉദ്യോഗസ്ഥ വിഭാഗം ആണ്. അതുകൊണ്ടുതന്നെ വിദ്യാസമ്പന്നരും വികസന താൽപര്യമുള്ളവരും ആണ് രാജീവ് ചന്ദ്രശേഖർ എന്ന സ്ഥാനാർത്ഥി ഈ യാഥാർത്ഥ്യം കണ്ടുകൊണ്ട് മുന്നോട്ടുവെച്ച വികസന നിലപാടുകളും വികസന വാഗ്ദാനങ്ങളും ഈ മണ്ഡലത്തിൽ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നപരിഹാരം അതുപോലെതന്നെ മണ്ഡലപരിധിയിൽ കൊണ്ടുവരുന്ന എയിംസ് റെയിൽവേ വികസനം തുടങ്ങിയ കാര്യങ്ങൾ രാജീവ് ചന്ദ്രശേഖരൻ കൃത്യതയോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ലോ സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഓരോന്നിലും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളും അടിയന്തരമായി നടത്തേണ്ട കാര്യങ്ങളും എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചാരണ പരിപാടിയാണ് ബിജെപി സ്ഥാനാർത്ഥി നടത്തിയത്.

ഈ സാഹചര്യം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾക്കും മേൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉയർത്തി കാണിക്കുന്നു എന്നാണ് കണക്കാക്കുന്നു. ഇത് യാഥാർത്ഥ്യമാണെങ്കിൽ ഫലപ്രഖ്യാപനം വരുമ്പോൾ ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിക്കുകയും കേരളത്തിൽ ആ പാർട്ടി അക്കൗണ്ട് തുറക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും.

മറ്റൊരു ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂർ ബിജെപിയുടെ സ്ഥാനാർഥിയായി ചലച്ചിത്രതാരം സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലും ശക്തമായ സാന്നിധ്യം പ്രകടമാക്കുന്നുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരൻ ആണ് യുഡിഎഫ് സ്ഥാനാർതി സിപിഐയുടെ സുനിൽകുമാർ ഏറ്റവും ജനകീയനായ ഒരു നേതാവാണ്. ഈ മൂന്നാം സ്ഥാനാർഥികളും ഒരുമിച്ച് ഒരു മണ്ഡലത്തിൽ വന്നതോടുകൂടി കേരളത്തിലെ തീപ്പൊരി പാറുന്ന തെരഞ്ഞെടുപ്പ് മത്സര വേദിയായി തൃശ്ശൂർ മാറി. വളരെ മുൻകൂട്ടി തന്നെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി പ്രചരണരംഗം കയ്യടക്കി എങ്കിലും അതേ വീറും വാശിയുമായി സിപിഐ സ്ഥാനാർഥി സുനിൽകുമാറും രംഗത്തുവന്നു.

വടകരയിൽ എംപിയായ കെ മുരളീധരന്റെ തൃശൂരിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.തൃശ്ശൂരിൽ കുടുംബിരികൊണ്ട മത്സരമാണ് നടക്കുന്നതെങ്കിലും അവിടെ ബിജെപി വിജയത്തിലേക്ക് എത്താനുള്ള സാധ്യത കുറവാണ് എന്ന് ഞങ്ങളുടെ ലേഖകൻ അഭിപ്രായപ്പെടുന്നു. സിപിഐ നേതാവ് മുൻമന്ത്രി സുനിൽകുമാർ സ്വന്തമാക്കിയിട്ടുള്ള ജനകീയ സ്വാധീനം ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിക്കും എന്നാണ് അവസാന റൗണ്ടിൽ പറയുവാൻ കഴിയുക.

കേരളത്തിലെ ഏറ്റവും ശക്തമായ മത്സരവും എന്നും വിവാദങ്ങളുടെ കേന്ദ്രവുമായി മാറിയ മണ്ഡലമാണ് വടകര മുൻമന്ത്രി കെ കെ ശൈല കെ കെ ശൈലജയും പാലക്കാട് എംഎൽഎ ആയ ഷാഫി പറമ്പിലും പരസ്പരം മത്സരിക്കുന്ന വടകര. ആർക്കും പ്രവചിക്കാൻ കഴിയാത്ത അത്ഭുതകരമായ അസന്നിധാവസ്ഥയാണ് അവസാനഘട്ടത്തിലും സൃഷ്ടിച്ചിട്ടുള്ളത്. മത്സരം വലിയ ശക്തമായി തുടരുമ്പോൾ ഇടതുമുന്നണിയും വലതുമുന്നണിയും ഒരേ പോലെ തന്നെ വിജയം അവകാശപ്പെടുന്നുണ്ട്. എന്നാൽ വടകരായ എന്ന മണ്ഡലം പൂർണമായും ഒരു ഇടതുപക്ഷ അനുഭാവികളുടെ മണ്ഡലമാണ്. അപ്രതീക്ഷിതമായി യുഡിഎഫ് തരംഗം ഉണ്ടായപ്പോൾ മാത്രമാണ് കഴിഞ്ഞതവണ മുരളീധരൻ അവിടെ വിജയം കണ്ടെത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം എന്ന നിലയിൽ ഇടതുമുന്നണി സ്ഥാനാർഥി ശൈലജയുടെ വിജയം അവസാനഘട്ടത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

കാസർഗോഡ് മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നും തട്ടിയെടുത്തത് കോൺഗ്രസിൻറെ നേതാവായ രാജ്മോഹൻ ഉണ്ണിത്താൻ ആണ്. എംപി ആയശേഷം കൊല്ലം സ്വദേശിയാണെങ്കിലും താമസം കാസർഗോഡ് തന്നെ സ്ഥിരമാക്കി മണ്ഡലത്തിൽ നിറഞ്ഞ സാന്നിധ്യമായി മാറി ഒരു ജനകീയ നേതാവിന്റെ പരിവേഷം സ്വന്തമാക്കാൻ കഴിഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ, കഴിഞ്ഞതവണത്തെ വിജയം വീണ്ടും നേടും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായ ബാലകൃഷ്ണന് സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ കരുത്തിന്റെ ബലം ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ കൂടി രാജ്മോഹൻ ഉണ്ണിത്താൻ കുറഞ്ഞ ഭൂരിപക്ഷത്തിന് ആണെങ്കിലും ജയിച്ചു വരുകയാണ് ഉണ്ടാവുക.

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയമായ ചർച്ചകളോ വികസനകാര്യങ്ങളോ ഒന്നുമല്ല തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായത്. നിലവിലെ എംപി ആയ പ്രേമചന്ദ്രന്റെ പ്രവർത്തന ശൈലിയും, സ്വീകരിച്ചിട്ടുള്ള നിലപാടുകളും ആണ് കൂടുതലായി ചർച്ചയിൽ വന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രേമചന്ദ്രനെ എതിർക്കുന്നത് നിലവിൽ എം എൽ എ യും ചലച്ചിത്ര താരവുമായ മുകേഷ് ആണ്. തരംഗത്തിന്റെ ഏതാണ്ട് എല്ലാ ഘട്ടങ്ങളിലും ഈ മണ്ഡലത്തിൽ പ്രേമചന്ദ്രൻ ഒരു പടിയെങ്കിലും മുന്നിട്ടു നിൽക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ കൊല്ലം മണ്ഡലത്തിൽ ഒരിക്കൽ കൂടി പ്രേമചന്ദ്രന്റെ വിജയം ആവർത്തിക്കപ്പെടും എന്നാണ് ഞങ്ങളുടെ ലേഖകൻ മനസ്സിലാക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് ആറ്റിങ്ങൽ. നിലവിലെ എംപി അടൂർ പ്രകാശം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയും എംഎൽഎയും ആയ വി ജോയിയും മത്സര രംഗത്ത് ഉണ്ട്. ഈ രണ്ട് മുന്നണി സ്ഥാനാർഥികളെയും നേർക്കുനേർ എതിർത്തുകൊണ്ട്, ബിജെപിയുടെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വലിയതോതിൽ വോട്ട് നേടിയെടുത്ത ഈ മണ്ഡലത്തിൽ, കേന്ദ്രമന്ത്രിയെ തന്നെ ഇറക്കിയത് മണ്ഡലം പിടിച്ചെടുക്കുക എന്ന തന്ത്രത്തോട് കൂടി ആയിരുന്നു.

കേന്ദ്രമന്ത്രി എന്ന നിലയിൽ നല്ല അഭിപ്രായം നേടിയെടുത്ത മുരളീധരന് വോട്ടിൽ വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞാലും, വിജയത്തിലേക്ക് എത്തുക എളുപ്പമല്ല എന്നാണ് വിലയിരുത്തൽ. അവിടെ നിലവിലെ എംപി എന്ന നിലയിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൃത്യമായി അറിയാവുന്ന ആൾ എന്ന നിലയിലും അടൂർ പ്രകാശ് തുടക്കം മുതൽ തന്നെ എതിരാളികൾക്ക് മുന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിൽ വലിയ വോട്ട് സ്വാധീനം ഉള്ള ഈഴവ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിലും അടൂർ പ്രകാശിനെ അനുകൂല സാഹചര്യവും ഉണ്ട്. മറുവശത്ത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവിടെ അഭിമാന പോരാട്ടമാണ്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി പരാജയം ഏറ്റുവാങ്ങുന്ന സ്ഥിതി സിപിഎമ്മിന് ചിന്തിക്കുവാൻ കഴിയുന്ന കാര്യമല്ല. അതിന് ശക്തമായ പാർട്ടി പ്രവർത്തനങ്ങൾ തുടക്കം മുതൽ തന്നെ നടത്തിക്കൊണ്ടിരിക്കുന്നു ഉണ്ട്. എന്നാൽ പോലും ചെറിയ ഭൂരിപക്ഷത്തിന് ആണെങ്കിലും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വിജയസാധ്യത ഉണ്ട് എന്നതാണ് അവസാന ഘട്ടത്തിലെ വിലയിരുത്തൽ.

ഐക്യ ജനാധിപത്യ മുന്നണിയിലെ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയാണ് മുസ്ലിം ലീഗ്. മലപ്പുറം ജില്ലയിൽ ആ പാർട്ടിക്കുള്ള ശക്തിയും സ്വാധീനവും ആർക്കും ഏതെങ്കിലും തരത്തിൽ ഇല്ലാതാക്കാൻ കഴിയില്ല എന്ന് കേരള ചരിത്രം തെളിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ മലപ്പുറവും പൊന്നാനിയും മുസ്ലിം ലീഗിൻറെ ആധിപത്യ മണ്ഡലങ്ങളാണ്. രണ്ടു മണ്ഡലങ്ങളിലും ലീഗിൻറെ നേതാക്കളായ അബ്ദുൾ സമദ് സമദാനിയും ഇ.ടി മുഹമ്മദ് ബഷീറും മത്സര രംഗത്ത് ഉണ്ട്.

പൊന്നാനി മണ്ഡലത്തിൽ നേരത്തെ മുസ്ലിം ലീഗിൻറെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ എസ് ഹംസയാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി മണ്ഡലത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന രാഷ്ട്രീയ കണക്കിൽ മുസ്ലിം ലീഗ് എന്ന പാർട്ടിയെ തഴഞ്ഞുകൊണ്ട് മറ്റൊരു ആൾ ജയിച്ചു വന്ന അനുഭവം ഇല്ല. അതുകൊണ്ടുതന്നെ പൊന്നാനി മണ്ഡലത്തിൽ മുസ്ലിംലീഗിന്റെ വിജയം ആവർത്തിക്കപ്പെടും എന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

മലപ്പുറം മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻമന്ത്രി ഇ ടി മുഹമ്മദ് ബഷീർ ആണ്. മുസ്ലിംലീഗിന്റെ ആസ്ഥാന കേന്ദ്രമായ മലപ്പുറം മണ്ഡലത്തിൽ ലീഗ് എന്ന പാർട്ടിയെ പരാജയപ്പെടുത്തുവാൻ എളുപ്പമല്ല എന്നത് ഇടതുമുന്നണിക്ക് പോലും തിരിച്ചറിയാവുന്ന യാഥാർത്ഥ്യമാണ്. ഈ തെരഞ്ഞെടുപ്പിലും മലപ്പുറം മണ്ഡലത്തിൽ ലീഗ് തന്നെ വിജയകൊടി പാറിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന കെപിസിസി പ്രസിഡൻറ് കെ സുധാകരൻ മത്സരിക്കുന്ന മണ്ഡലമാണ് കണ്ണൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അവസാന നാളിൽ വരെ ഇനി മത്സരത്തിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് മാറിനിന്ന ആളാണ് സുധാകരൻ. പാർട്ടിയുടെ കേന്ദ്ര നേതൃത്വ തീരുമാനം അംഗീകരിച്ചുകൊണ്ട് ഒടുവിൽ മത്സരത്തിന് ഇറങ്ങുകയാണ് സുധാകരൻ ചെയ്തത്.

ഇവിടെ സുധാകരൻ എതിർക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആണ്. സുധാകരൻ എന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ വലിയതോതിൽ ഉൾക്കൊണ്ടിരുന്ന കണ്ണൂരിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഒരു മാറ്റത്തിന് തയ്യാറായേക്കും എന്ന വിലയിരുത്തൽ ഇവിടെ ഉണ്ട്. സുധാകരൻ എന്ന സ്ഥാനാർത്ഥിയുടെ അനാരോഗ്യവും തെരഞ്ഞെടുപ്പിൽ ഇല്ല എന്ന് നേരത്തെ പറഞ്ഞതും എല്ലാം ഈ മണ്ഡലത്തിലെ യുഡിഎഫ് അനുകൂല വോട്ടർമാരിൽ തന്നെ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കടുത്ത മത്സരം കാഴ്ചവയ്ക്കുവാൻ യുഡിഎഫിനും എൽഡിഎഫിനും കഴിഞ്ഞ ഈ മണ്ഡലത്തിൽ അവസാന റൗണ്ടിൽ പ്രചാരണം എത്തിയപ്പോൾ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും സിപിഎം സ്ഥാനാർഥി എംവി ജയരാജൻ വിജയിക്കും എന്ന വിലയിരുത്തലാണ് ഉള്ളത്.