സ്വത്തിന് വേണ്ടി പിതാവിനെ ക്രൂരമായി മര്‍ദിച്ചു: മരണത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്

പിതാവിനെ സ്വത്ത് തർക്കത്തിന്റെ പേരില്‍ ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ചെന്നൈ: പിതാവിനെ സ്വത്ത് തർക്കത്തിന്റെ പേരില്‍ ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പിതാവ് കുളന്തൈവേലുവിനെ നാല്‍പ്പതുകാരനായ സന്തോഷാണ് ക്രൂരമായി മർദിച്ചത്.പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തമിഴ്നാട്ടിലെ പെരാമ്ബലൂറിലാണ് സംഭവം. അടുത്തിടെ കുളന്തൈവേലു മരിച്ചിരുന്നു. ശേഷമാണ് വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സന്തോഷ് പിതാവിനെ ക്രൂരമായി മർദിക്കുന്നതും ശേഷം അദ്ദേഹം ബോധം കെടുന്നതും ദൃശ്യങ്ങളിലുണ്ട്.

സന്തോഷിന്റെ ഷർട്ടില്‍ രക്തക്കറയും ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഐ പി സി 323 (മുറിവേല്‍പ്പിക്കൽ), 324 (ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കല്‍) അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സന്തോഷിനെ പിടികൂടിയത്. ഇയാള്‍ ഇപ്പോൾ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്.

‘ഏപ്രില്‍ 18നാണ് പിതാവായ കുളന്തൈവേലു അന്തരിച്ചത്. എന്നാൽ, ഇതുവരെ കുടുംബത്തില്‍ നിന്ന് സന്തോഷിനെ സംബന്ധിച്ച്‌ പരാതിയൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. അദ്ദേഹത്തിന്റെ മരണകാരണമായത് സന്തോഷിന്റെ ആക്രമണമാണോ എന്നും പോലീസ് പരിശോധിക്കുന്നത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സന്തോഷ് ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയ ഇയാള്‍ പിതാവിനോട് സ്വത്ത് ചോദിച്ചു. ഇതേത്തുടർന്നുണ്ടായ ബഹളത്തിൽ മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ഇയാളെ പിടിച്ചുമാറ്റിയത്.