കെപിസിസിയിൽ പുതിയ തർക്കം… പ്രസിഡൻറ് കസേരയ്ക്കായി വടംവലി…

പാർട്ടി ഫണ്ട് പിരിവ് കണക്കിൽ തർക്കം രൂക്ഷം...

 

ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് എല്ലാം കഴിഞ്ഞ 20 സീറ്റിൽ 20 ഇടത്തും വിജയം ഉറപ്പാക്കി ഉറങ്ങാൻ കിടന്ന കോൺഗ്രസ് നേതാക്കൾ, പുതിയ തർക്കങ്ങൾക്കായി ഉണർന്നെണീറ്റത് ആയിട്ടാണ് പുതിയതായി പുറത്തുവരുന്ന വാർത്തകൾ.
തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായ കെ. സുധാകരൻ തൻറെ പാർട്ടി പ്രസിഡണ്ട് സ്ഥാനം തൽക്കാലത്തേക്ക് യുഡിഎഫ് കൺവീനർ ആയ എം എം ഹസന് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കസേര തിരിച്ച് നൽകണം എന്ന ധാരണയിലാണ് പദവി വിട്ടുകൊടുത്തത്. എന്നാൽ യഥാർത്ഥ പ്രസിഡന്റ് കെ സുധാകരൻ ഇപ്പോൾ അണ്ടി കളഞ്ഞ അണ്ണാന്റെ അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കണ്ണൂരിൽ തോൽവിയാണ് ഉണ്ടാകുന്നതെങ്കിൽ, ഒരു പദവിയും ഇല്ലാത്ത ആൾ എന്ന ഗതികേടിലേക്ക് സുധാകരൻ മാറും. സുധാകരന് കെപിസിസി പ്രസിഡണ്ട് പദം തിരികെ വിട്ടു നൽകാൻ ഹസന് ഒട്ടും താല്പര്യമില്ല. പാർട്ടിയിലെ ഏറ്റവും വലിയ കസേര എന്ന നിലയിൽ ആ പദവിയിൽ എങ്ങനെയെങ്കിലും കടിച്ച തൂങ്ങണം എന്ന വാശിയിലാണ് ഹസ്സൻ. സുധാകരന് പ്രസിഡൻറ് സ്ഥാനം തിരികെ കൊടുക്കാതിരിക്കാൻ എല്ലാ അണിയറ നീക്കങ്ങളും ഹസൻ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

സുധാകരന്റെ കെപിസിസി പ്രസിഡണ്ട് സ്ഥാനം തിരികെ നൽകാതിരിക്കാൻ ഹസ്സൻ സംഘം കണ്ടുപിടിച്ച മാർഗ്ഗമാണ് കെപിസിസി ഫണ്ട് പിരിവിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന തിരിമറികൾ. സുധാകരൻ പ്രസിഡണ്ടായ ശേഷം ആറുമാസം കഴിഞ്ഞപ്പോൾ ആണ് കേരള യാത്ര നടത്തി പാർട്ടി ഫണ്ട് പിരിവ് നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ 137 ാമത് വാർഷികത്തിന്റെ ഭാഗമായി ഓരോ പ്രവർത്തകനും 137 രൂപ പാർട്ടിക്ക് നൽകി മെമ്പർഷിപ്പ് പുതുക്കുന്ന സംവിധാനമാണ് നടപ്പിൽ വരുത്തിയത് ആധുനികവൽക്കരണത്തിന്റെ ഭാഗം എന്ന നിലയിൽ പാർട്ടി പ്രവർത്തകർക്ക് 137 രൂപ ഓൺലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യവും അന്ന് ഒരുക്കിയിരുന്നു. പ്രസിഡൻറ് എന്ന നിലയിൽ കാസർകോട് നിന്നും യാത്ര തുടങ്ങി ഫണ്ട് തുക ഏറ്റുവാങ്ങി തിരുവനന്തപുരത്ത് യാത്ര സമാപിപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് കളക്ഷൻ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കുകയോ പാർട്ടി യോഗത്തിൽ അവതരിപ്പിക്കുകയോ ചെയ്തിരുന്നില്ല.

പാർട്ടി ഫണ്ട് പിരിവ് നടത്തിയിരുന്ന കാലത്ത് കെപിസിസിയുടെ ട്രഷറർ പദവിയിലിരുന്ന ആൾ പലവട്ടം കണക്കുകൾ ലഭ്യമാക്കുന്നതിന് നടപടികൾ എടുത്തെങ്കിലും ഫണ്ട് സംബന്ധിച്ച കണക്കുകൾ കെപിസിസിക്ക് കൈമാറാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ തയ്യാറായിരുന്നില്ല. മാത്രവുമല്ല വൻതുക ഫണ്ട് പിരിവിലൂടെ ശേഖരിക്കുകയും അത് പാർട്ടി നേതൃത്വത്തിലേക്ക് കൈമാറാതിരിക്കുകയും ചെയ്തപ്പോൾ വിമർശനം വ്യാപകമായി ഉയർന്നു പാർട്ടി ജില്ലാ പ്രസിഡൻറ് മാർ ഫണ്ട് തുക അടിച്ചുമാറ്റി എന്ന പരാതി വരെ ഉയർന്നിരുന്നു.  ഈ കാര്യങ്ങൾ ആലോചിക്കുന്നതിന് പാർട്ടിയുടെ ഭാരവാഹി യോഗം ചേർന്നെങ്കിലും യോഗത്തിൽ ജില്ലാ പ്രസിഡന്റ്മാർ വെറും മുട്ടാ യുക്തി നിരത്തുക മാത്രമാണ് ചെയ്തതെന്ന് പരാതിയുണ്ടായിരുന്നു. യാത്രക്ക് പിന്നാലെ രാഹുൽ ഗാന്ധി നടത്തിയ യാത്രയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ ഭീമമായ തുക ചെലവഴിച്ചു എന്നും അതാണ് കെപിസിസി ഫണ്ട് ഇല്ലാതാകാൻ കാരണം എന്നും ജില്ലാ പ്രസിഡൻ്റുമാർ വാദി’ മ്പെങ്കിലും എത്ര ചെലവ് ഉണ്ടായാലും അതിന് കണക്ക് പറയാമല്ലോ എന്ന നിലപാടാണ് അന്നത്തെ പാർട്ടി ട്രഷറർ സ്വീകരിച്ചത്. പിന്നീട് നടന്ന പല സംഭവങ്ങളും വാർത്തയായി പുറത്തുവന്നിരുന്നതാണ്. കണക്ക് ചോദിച്ചതിന്റെ പേരിൽ പാർട്ടി സംസ്ഥാന ട്രഷററെ ചില നേതാക്കൾ ഭീഷണിപ്പെടുത്തുക. അവരെ ഉണ്ടായി എന്നും മാനസിക സംഘർഷത്താൽ ട്രഷറർ പിന്നീട് മരണത്തിലേക്ക് എത്തിയെന്നും പരാതി പറഞ്ഞത് മക്കൾ ആയിരുന്നു.

ഏതായാലും ഇപ്പോൾ വീണ്ടും ആ സംഭവങ്ങൾ ചികഞ്ഞടുത്തുകൊണ്ട് ഹസന്റെ നേതൃത്വത്തിൽ ചില നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി 137 രൂപ ചലഞ്ചിലൂടെ ശേഖരിച്ചതുക സംബന്ധിച്ച കണക്കുകൾ ഭാരവാഹി യോഗത്തിൽ അവതരിപ്പിച്ച ശേഷം കെപിസിസി പ്രസിഡൻറ് പദവി സുധാകരന് വിട്ടുകൊടുത്താൽ മതി എന്ന ഒരു തന്ത്രവുമായിട്ടാണ് ഹസന്റെ ഒപ്പം നിൽക്കുന്ന നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.

പാർട്ടി ഫണ്ട് കളക്ഷന് വേണ്ടി ആവിഷ്കരിച്ച 137 രൂപ ചലഞ്ചിലൂടെ 22 കോടിയിലധികം രൂപ ശേഖരിച്ചത് ആയിട്ടായിരുന്നു അന്ന് വാർത്തകൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടു കോടിയോളം രൂപ യാത്ര ചെലവിലും പ്രചരണ ചെലവിലും മുടക്കേണ്ടി വന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ ഈ ചെലവ് എല്ലാം കഴിഞ്ഞ ബാക്കി വരുന്ന 20 കോടിയോളം രൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടി പറയാൻ സുധാകരനോ മറ്റ് ആരെങ്കിലുമോ തയ്യാറായിട്ടില്ല.

മാത്രവുമല്ല ഇപ്പോൾ ഈ ഫണ്ട് പിരിവ് സംബന്ധിച്ച കണക്കുകൾ പുതിയ തർക്കത്തിന് വഴിയൊരുക്കിയത് മറ്റൊരു കാരണത്തിന്റെ പേരിൽ ആണ്. ലോകസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സാധാരണഗതിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് ചെലവിനായി കെപിസിസി വലിയ തുക നൽകുന്ന പതിവ് ഉണ്ട്. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സ്ഥാനാർത്ഥികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു നൽകുന്ന രീതിയാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരരംഗത്ത് ഉണ്ടായിരുന്ന 16 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ആർക്കും ഒരു തുകയും കെപിസിസി കൊടുത്തില്ല എന്ന വസ്തുതയാണ് ഫണ്ട് സംബന്ധിച്ച പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

പാർട്ടിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപ ഏത് വിധത്തിലാണ് ചെലവാക്കിയത് എന്നും തെരഞ്ഞെടുപ്പ് കാലത്ത് എന്തുകൊണ്ട് സ്ഥാനാർഥികൾക്ക് സഹായം നൽകിയില്ല എന്നതും ചോദ്യമായി ഉയരുന്നുണ്ട്.  പതിവ് രീതികൾ ആണെങ്കിൽ പാർട്ടിയുടെ ഡൽഹി നേതൃത്വം സ്ഥാനാർഥികൾക്ക് സാമ്പത്തിക സഹായം എത്തിക്കാറുണ്ട്.  ഈ തെരഞ്ഞെടുപ്പിനു മുൻപ് ആദായനികുതി വകുപ്പ് കോൺഗ്രസിൻറെ കേന്ദ്ര കമ്മിറ്റി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പേരിൽ അവിടെ നിന്നും സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായം ഉണ്ടായില്ല എന്നും പറയപ്പെടുന്നുണ്ട്.

ഏതായാലും പാർട്ടി ഫണ്ടിന്റെ വിഷയം ഉയർത്തിക്കൊണ്ട് അതിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് പദവി സുധാകരന് ഉടൻ തിരിച്ചു നൽകേണ്ടതില്ല എന്ന ഒരു തീരുമാനം ഭൂരിഭാഗം നേതാക്കളും അംഗീകരിക്കുന്നതായിട്ടും പറയുന്നുണ്ട്. ഇത്തരത്തിലുള്ള സാങ്കേതിക കാരണങ്ങൾ ഉയർത്തിക്കാട്ടി കെപിസിസി പ്രസിഡണ്ട് പദവി സ്വന്തമാക്കി മാറ്റി മുന്നോട്ടു നീങ്ങാനുള്ള തന്ത്രങ്ങളാണ് ഹസനും അദ്ദേഹത്തിനോടൊപ്പം ഉള്ള നേതാക്കന്മാരും കൊണ്ടിരിക്കുന്നത്.

എന്നാൽ സുധാകരന് കെപിസിസി പ്രസിഡൻറ് പദവി തിരിച്ചു നൽകണമെന്നും പാർട്ടിയിൽ പുനസംഘടന ഉണ്ടാകുന്നതുവരെ അദ്ദേഹത്തെ തുടരാൻ അനുവദിക്കണം എന്നും വാദിച്ചുകൊണ്ട് പഴയ എ വിഭാഗം നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഉള്ളിൽ പുതിയ തർക്കങ്ങളും പ്രതിസന്ധികളും രൂപം കൊള്ളുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിയുമ്പോൾ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എങ്കിൽ അതിൻറെ പേരിലും പാർട്ടിയിൽ ചേരിതിരിവും ഗ്രൂപ്പ് പോരും ശക്തമാകുന്നതിനുള്ള സാധ്യതകളും രാഷ്ട്രീയനിരീക്ഷകർ തള്ളിക്കളയുന്നില്ല.