ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷയുടെ പേരിലും പരീക്ഷണം…

പരിഷ്കരണം നല്ലതാണ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്...

 

കെഎസ്ആർടിസി എന്നത് സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. കേരളത്തിലെ ജനങ്ങൾക്ക് യാത്ര സൗകര്യങ്ങൾപ്പെടുത്താൻ ഉണ്ടാക്കിയ സംവിധാനമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. സ്വകാര്യ ബസുകൾ കേരളത്തിൽ ഓടുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ആശ്രയിക്കുന്നത് കോർപ്പറേഷൻ വണ്ടികളെയാണ്. ഇതിനു മുഖ്യകാരണം ദീർഘദൂര സർവീസുകൾ ഭൂരിഭാഗവും ട്രാൻസ്പോർട്ട് കോർപ്പറേഷൻ കയ്യടക്കി വെച്ചിരിക്കുന്നു എന്നത് തന്നെയാണ്. ഈ കോർപ്പറേഷൻ നടത്തി കൊണ്ടുപോകുന്ന വകുപ്പിന്റെ കീഴിൽ തന്നെയാണ് എല്ലാ ഗതാഗത കാര്യങ്ങളും നിയന്ത്രിക്കുന്ന മന്ത്രാലയവും ഉള്ളത്. സർക്കാരിൻറെ പകുതികാല മന്ത്രിയായി അടുത്ത കാലത്താണ് ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് ഈ വകുപ്പിന്റെ മന്ത്രി ആയിരുന്നത് ആൻറണി രാജു ആയിരുന്നു. മന്ത്രി കസേര ഏറ്റെടുത്ത ശേഷം മന്ത്രി ഗണേഷ് കുമാർ തൻറെ മുൻഗാമിയെ വല്ലാത്ത രീതിയിൽ തരംതാഴ്ത്തി കൊണ്ടുള്ള ചില പ്രസ്താവനകൾ നടത്തിയിരുന്നു. വർത്താനം ഒഴിഞ്ഞുപോയ മന്ത്രി പിടിപ്പുകൾ കൊണ്ട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആകെ അവതാളത്തിൽ ആക്കി എന്നിവരെ പുതിയ മന്ത്രി പറഞ്ഞിരുന്നു.

നിലവിലെ ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാർ മുൻപ് ഈ വകുപ്പിൻറെ ചുമതല കൈകാര്യം ചെയ്തപ്പോൾ, കോർപ്പറേഷനിൽ നല്ല ചില മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. അതിൻറെ സൽപേരിലാണ് അദ്ദേഹം തുടർന്നും ആ വകുപ്പിന്റെ മന്ത്രിയായി എത്തിയത്. എന്നാൽ ഇപ്പോൾ മന്ത്രി ആയ ശേഷം ഗണേഷ് കുമാർ നടത്തുന്ന ചില നടപടികളും പ്രസ്താവനകളും പരിധിവിട്ടതായി പോകുന്നു താനാണ് എല്ലാ അറിവും ഉള്ളവൻ എന്നും താനാണ് കേമൻ എന്നും ഉള്ള രീതിയിലുള്ള നടപടികൾ മന്ത്രി നടത്തുന്നുണ്ട്.

പ്രായപൂർത്തിയായ ഒരാൾക്ക് വണ്ടി ഓടിച്ചു നടക്കണമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കണം ഈ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് വേണ്ടി ഡ്രൈവിംഗ് പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ഡ്രൈവിംഗ് സ്കൂളുകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അവരെല്ലാം ഇപ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധവുമായി സമരത്തിലാണ്. ഈ മാസം ഒന്നാം തീയതി മുതൽ നടപ്പിൽ വരുത്തിയ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളാണ് സമര കാരണം പരിഷ്കരണത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് സ്കൂളുകാരുടെ പരാതി. മാത്രവുമല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിലധികം പഴക്കം ഉണ്ടാകാൻ പാടില്ല എന്നതും ടെസ്റ്റിന് പുതിയതായി വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ ബാഹ്യ സൗകര്യങ്ങൾ ഗതാഗത വകുപ്പ് എല്ലായിടത്തും ഒരുക്കിയിട്ടില്ല എന്നതും സമരക്കാരുടെ പരാതികളാണ്.

സമരത്തിലുള്ളവരുടെ പരാതികളെ കേൾക്കുവാനും പരിഹരിക്കപ്പെടേണ്ട കാര്യങ്ങൾ പരിഹരിക്കാനും ഗതാഗത വകുപ്പ് മന്ത്രിക്ക് ബാധ്യതയുണ്ട്. അതിന് പകരം പറയുന്നത് അനുസരിച്ചാൽ മതി എന്ന് ധിക്കാരനിലപാട് ശരിയല്ല. ഏത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും തൻറെ വകുപ്പിൽ നടപ്പിലാക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ള ഒരു സംസ്ഥാനവും ഏറ്റവും കൂടുതൽ വാഹനം സ്വന്തമാക്കിയിട്ടുള്ള ആൾക്കാരുടെ സംസ്ഥാനവും ആണ്. അപ്പോൾ സ്വാഭാവികമായും ആ വണ്ടികൾ ഉപയോഗിക്കാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസായി സർട്ടിഫിക്കറ്റ് സ്വന്തമാക്കുക എന്നത് നാട്ടുകാരുടെ അവകാശമാണ്. നിലവിൽ സർക്കാർ നടപ്പിലാക്കിയ തീരുമാനപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തീകരിച്ച് ലൈസൻസ് കിട്ടുന്നതിന് കാലങ്ങളോളം കാത്തിരിക്കണം. ഒരു ദിവസം 100 അല്ലെങ്കിൽ 150 പേര് ഡ്രൈവിംഗ് ടെസ്റ്റിന് ക്ഷണിച്ചിരുന്ന സ്ഥാനത്ത് 25 പേരെ മാത്രം ടെസ്റ്റ് നടത്തുക എന്ന നിബന്ധനയിലേക്ക് വന്നതുകൊണ്ട് അർഹരായ പലർക്കും ലൈസൻസ് കിട്ടുന്നതിന് വളരെ വേണ്ട കാലം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന ഉടമകളുടെ സംഘടന നേതാക്കൾ പറയുന്ന രീതിയിൽ ആണെങ്കിൽ കേരളത്തിൽ എല്ലായിടത്തുമായി പത്തു ലക്ഷത്തിലധികം ആൾക്കാരാണ് ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഫീസ് അടച്ച് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ലേണേഴ്സ് ടെസ്റ്റ് ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയവയുടെ ഫീസ് അതോടൊപ്പം ലൈസൻസിനുള്ള ഫീസ് പിന്നെ ലൈസൻസ് തപാൽ വഴി അയച്ചുതരുന്നതിനുള്ള ഫീസ് തുടങ്ങിയവ അടച്ചശേഷം ടെസ്റ്റിന് കാത്തിരിക്കുന്നവരാണ് പത്തുലക്ഷത്തിലധികം ആൾക്കാർ എന്ന കാര്യം ബഹുമാനപ്പെട്ട ഗതാഗത മന്ത്രി കാണാതെ പോകരുത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വകാര്യവാഹനം കൂടുതലായി ഉപയോഗിക്കുന്ന കേരളത്തിൽ സ്വന്തം വണ്ടി ഓടിച്ചു നടക്കുന്നതിന് വേണ്ടി നിയമപരമായ ലൈസൻസ് നേടുന്നതിന് മാസങ്ങളും അല്ലെങ്കിൽ വർഷങ്ങളും കാത്തിരിക്കേണ്ടി വരുക എന്ന സ്ഥിതി ദുസഹമാണ്.

ഒരു കാര്യം കൂടി ഈ അവസരത്തിൽ എടുത്തു പറയേണ്ടതുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് കൃത്രിമമായി പാസായി വണ്ടിയോടിക്കുന്നതിന്റെ പേരിൽ കേരളത്തിൽ റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന്റെ മറവിൽ വ്യാപകമായി അഴിമതിയും കൈക്കൂലിയും ഒക്കെ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ നടപ്പിൽ വരുത്തുന്ന പരിഷ്കാരങ്ങൾ മൊത്തത്തിലുള്ള ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന രീതിയിലായിരിക്കരുത് എന്ന് മന്ത്രി ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയതും അത് ഓടിക്കുന്നതും ഇപ്പോൾ ഉണ്ടായ പുതിയ സംഭവവികാസം അല്ല. കേരളത്തിൽ തലമുറകളായി വാഹനം ഓടിച്ചു നടക്കുന്ന ജനങ്ങൾ താമസിക്കുകയാണ്. ഇവരിൽ എല്ലാവരും തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പങ്കെടുത്ത യോഗ്യത നേടി ലൈസൻസ് സ്വന്തമാക്കിയ ആൾക്കാർ തന്നെയാണ്. മാത്രവുമല്ല ആരെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കൃത്രിമമായി സമ്പാദിക്കുകയോ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുകയോ ചെയ്താൽ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും നടപടിയെടുക്കുന്നതിന് വേണ്ടിയാണ് നമ്മുടെ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവരുന്നത്. ഈ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമം അല്ലെങ്കിൽ അതിനുള്ള പരിഹാരമാണ് മന്ത്രി ആദ്യം ഉണ്ടാക്കേണ്ടത്. അതല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ഉദ്യോഗസ്ഥർക്ക് മുമ്പിൽ വണ്ടി ഓടിച്ചു കാണിച്ച് ഒരു ലൈസൻസ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ആൾക്കാരെ കാലങ്ങളോളം ആർടിഒ ഓഫീസുകളിൽ കയറ്റി ഇറക്കി വിഷമിപ്പിക്കുന്ന സമ്പ്രദായം ഒരു ജനകീയ ഭരണകൂടത്തിലെ മന്ത്രി സ്വീകരിക്കുന്നത് ഭൂഷണമാണോ എന്ന് മന്ത്രി തന്നെയാണ് ആലോചിക്കേണ്ടത്.