ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയായപ്പോൾ തൽക്കാലത്തേക്ക് ഉപേക്ഷിച്ച കെപിസിസി പ്രസിഡണ്ട് പദം തിരികെ കിട്ടാൻ പരസ്യമായ യുദ്ധത്തിന് ഇറങ്ങിയ കെ സുധാകരനെതിരെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ ശക്തമായ നീക്കങ്ങൾ. താൽക്കാലിക പ്രസിഡണ്ടായി ചുമതലയേറ്റ എം എം ഹസന്റെ നേതൃത്വത്തിൽ തുടങ്ങിയ സുധാകര വിരുദ്ധ നീക്കങ്ങൾ എ ഗ്രൂപ്പിൻറെ നേതാക്കൾ ഏറ്റെടുത്തത് ആയിട്ടാണ് ഒടുവിൽ വരുന്ന വാർത്തകൾ. കെപിസിസി പ്രസിഡണ്ട് പദവി സുധാകരൻ ഏറ്റെടുത്ത ശേഷം കേരളത്തിൽ കോൺഗ്രസ് പാർട്ടി പൂർണമായും തളർച്ചയിലേക്കാണ് നീങ്ങിയത് എന്നും സുധാകരൻ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും ഉള്ള വിശദമായ പരാതി എ ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാന്റിന് നൽകിയത് ആയിട്ടാണ് അറിയുന്നത്.
കേരളത്തിലെ കോൺഗ്രസിനകത്ത് ശക്തമായി നിൽക്കുന്ന എ ഗ്രൂപ്പിൻറെ നേതാക്കൾ സുധാകരനെതിരെ മാത്രമല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെയും രഹസ്യമായി നീക്കങ്ങൾ നടത്തുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ യുഡിഎഫിനകത്ത് യാതൊരു ഏകീകരണവും ഉണ്ടാക്കാതെ ഒറ്റയ്ക്ക് പ്രവർത്തിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന പരാതിയാണ് ഗ്രൂപ്പ് പുറത്തുവിടുന്നത്. കോൺഗ്രസിന്റെ മാത്രമല്ല യുഡിഎഫിന്റെ വിഷയങ്ങൾ പോലും കൂടിയാലോചന നടത്താതെ തീരുമാനം എടുക്കുന്ന ഏകാധിപത്യ സ്വഭാവമാണ് സതീശൻ തുടരുന്നത് എന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പരാതിപ്പെടുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ദിവസം കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും എന്തെങ്കിലും ക്ഷീണം ഉണ്ടായാൽ അതിൻറെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കും എന്ന പ്രതിപക്ഷ നേതാവ് സതീശന്റെ പ്രസ്താവന എ ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ക്ഷീണം ഉണ്ടായാൽ അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പറഞ്ഞതിന്റെ പിന്നിലെ രഹസ്യം കോൺഗ്രസിന് വിജയമാണ് ഉണ്ടാകുന്നതെങ്കിൽ അതിൻറെ മുഴുവൻ ക്രെഡിറ്റും തൻറെ പേരിൽ ഉള്ളതാക്കാൻ ഉദ്ദേശം വച്ചു കൊണ്ടുള്ളതാണ് പ്രസ്താവന എന്ന് വിലയിരുത്തുന്ന ഗ്രൂപ്പ് നേതാക്കൾ ആണ് സതീശനെതിരെ അണിയറ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും പുതിയ നേതൃത്വം ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. കെപിസിസി പ്രസിഡൻറ് പദവിയിലേക്ക് സുധാകരനെയും യുഡിഎഫ് ചെയർമാന്റെയും പ്രതിപക്ഷ നേതാവിന്റെയും പദവിയിലേക്ക് വി ഡി സതീശന്റെയും പേരുകൾ ഹൈക്കമാന്റെ ഒരുപോലെ അംഗീകരിക്കുകയായിരുന്നു ചെയ്തത്. ഈ തീരുമാനത്തിനെ ആയുധമാക്കി കൊണ്ടാണ് സുധാകരനും സതീശനും എതിരെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾ ഇപ്പോൾ നീക്കങ്ങൾ നടത്തുന്നത്. കെ സുധാകരന്റെ ചില പ്രസ്താവനകൾ പാർട്ടി ഹൈക്കമാൻ്റിന് ഇഷ്ടക്കേട് ഉണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പാർട്ടിയെ പുനസംഘടിപ്പിക്കാൻ ഹൈക്കമാന്റെ തീരുമാനിച്ചാൽ സുധാകരന്റെ പ്രസിഡൻറ് കസേര നഷ്ടപ്പെടും. ഈ അവസരത്തിൽ തന്നെ മാത്രം അല്ല മാറ്റേണ്ടത്, പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്ന ഡിമാൻഡ് സുധാകരൻ സ്വാഭാവികമായും മുന്നോട്ടുവയ്ക്കും ഈഅവസ്ഥ മുൻകൂട്ടി കണ്ടു കൊണ്ടാണ് എ ഗ്രൂപ്പ് നേതാക്കൾ മുൻകൂട്ടി എറിയുന്നത്.
ഏതായാലും ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിനും യുഡിഎഫിനും നേട്ടം ഉണ്ടായാലും കോട്ടം ഉണ്ടായാലും കോൺഗ്രസ് പാർട്ടിയിൽ പുതിയ പ്രതിസന്ധികൾ ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. കോൺഗ്രസിനും യുഡിഎഫിനും മറ്റൊരു പ്രതിസന്ധി കൂടി ഉണ്ട്. അഞ്ചുവർഷം മുൻപ് ലോകസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തിൽ ഒരു പ്രത്യേക സാമൂഹ്യ വിഷയം കോൺഗ്രസിനെ അനുകൂലമായി ഉണ്ടായിരുന്നു. ശബരിമല വിഷയമായിരുന്നു അത്. ഈ വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാരിനും എതിരെ വലിയ പ്രതിഷേധം ഉയർന്ന കാലം ഉണ്ടായിരുന്നു. കേരളത്തിലെ ഈശ്വര വിശ്വാസികൾ ഇടതു സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതികരിക്കുന്ന സ്ഥിതി വന്നപ്പോൾ ആ അനുകൂല സാഹചര്യം കോൺഗ്രസിനും യുഡിഎഫിനും ഗുണം ചെയ്തു 20 സീറ്റിൽ 19 സീറ്റിലും വിജയം നേടിയ യുഡിഎഫ്, ഈ തെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല നിലവിൽ ജയിച്ച ഒരു സീറ്റിൽ തോൽവി ഉണ്ടായാൽ പോലും അത് യുഡിഎഫിന് ആഘാതം ഏൽപ്പിക്കും. ഈ പ്രതിസന്ധി സ്വാഭാവികമായും കോൺഗ്രസിനകത്ത് വലിയ തർക്ക വിഷയമായി മാറുകയും ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത വൈരാഗ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും.