ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ കനത്ത പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ഘടക കക്ഷികളും സിപിഎമ്മിന്റെ മലബാർ നേതാക്കളും …മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് പോലും പ്രകടമാക്കിയ ധികാരപരമായ പ്രസംഗങ്ങളും പ്രവർത്തനങ്ങളും മുന്നണിയുടെ വിജയത്തിന് തടസ്സം ഉണ്ടാക്കി എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്
ഇടതുപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ യുടെ നേതൃയോഗം തിരുവനന്തപുരത്ത് ചേരുകയും ഈ നിലയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ട് നീങ്ങിയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കപ്പെടും എന്ന വിമർശനമാണ് പൊതുവായി ഉയർന്നത്…. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെയും മറ്റു പലരെയും മോശം ഭാഷയിൽ നേരിട്ടതും ഒടുവിൽ ഒരു ക്രിസ്തീയ സഭ മേധാവിയെ വിവരദോഷി എന്ന് വിളിച്ചതും തെറ്റായിപ്പോയി എന്ന് സിപിഐ യോഗത്തിൽ നേതാക്കൾ വിമർശിച്ചു…. സിപിഐ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ പോലും ആക്ഷേപം ഉണ്ടായി…. മന്ത്രിമാർ പലരും സുഖലോലുപരായി മാറിയെന്നും ഗൃഹപാഠം നടത്താതെ വകുപ്പുകളിൽ തീരുമാനങ്ങൾ എടുക്കുന്നു എന്നും സിപിഐ നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു
മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി സിപിഐ വിമർശനം ഉയർത്തി പ്രതിഷേധം കാണിക്കുമ്പോൾ ആണ് ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്…. രാ
ജ്യസഭയിൽ ജോസ് കെ മാണിയുടെ സീറ്റ് സിപിഐക്ക് കൊടുക്കാനുള്ള സിപിഎം നേതൃയോഗ തീരുമാനം ആണ് ഈ പാർട്ടിയുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്…. പാർട്ടി ചെയർമാൻ ആയ ജോസ് കെ മാണിക്ക് ഒരു പദവിയും ഇല്ലാത്ത ഗതികേടാണ് വന്നിരിക്കുന്നത്…. മറ്റെന്തെങ്കിലും പദവി കൊടുക്കുന്ന കാര്യം സിപിഎം ആലോചിച്ചു എങ്കിലും ഇതിനോട് ജോസ് കെ.മാണി യോജിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ഇതേ നിലപാട് തന്നെയാണ് ഇടതുമുന്നണിയിലെ ജനതാദൾ, എൻ സി പി തുടങ്ങിയ മറ്റു ചെറു പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്…. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി ഒരു ജനകീയ നേതാവിനെ ചേർന്നതല്ല എന്നും ഇത് മാറ്റിയില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഉണ്ടാകും എന്നും ഈ പാർട്ടികൾ അഭിപ്രായപ്പെടുന്നുണ്ട്…. ഇത്തരത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള ചെറു പാർട്ടികൾ രാജ്യസഭാ സീറ്റ് മോഹിച്ചിട്ട് അത് നടക്കാതെ വന്നതിന്റെ പ്രതിഷേധത്തിന്റെ കൂടി പേരിലാണ്
ഇതിനിടയിലാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരനെതിരെ മത്സരിച്ചിരുന്ന പാർട്ടി സെക്രട്ടറി ജയരാജന്റെ പരാജയം സിപിഎമ്മിന്റെ മലബാർ ലോബിയിൽ ഭിന്നതകൾ ഉണ്ടാക്കിയിരിക്കുന്നത്…. തെരഞ്ഞെടുപ്പിൽ കണ്ണൂർ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തിക്കേണ്ട
മുഖ്യമന്ത്രി പിണറായി വിജയൻ വെറും വഴിപാട് കഴിക്കൽ മാത്രമാണ് പ്രചരണകാര്യത്തിൽ നടത്തിയത് എന്ന ആരോപണം തോറ്റ സ്ഥാനാർഥി ജയരാജനും ഉണ്ട്…. അദ്ദേഹം ഈ വിഷയം മറ്റു രണ്ടു ജയരാജന്മാരുമായി പങ്കുവെച്ചതായിട്ടും പറഞ്ഞു കേൾക്കുന്നുണ്ട്… മൂന്ന് ജയരാജന്മാരുടെ ശക്തമായ പിന്തുണയിലാണ് പിണറായി വിജയൻ പാർട്ടിയിലും പിന്നീട് ഭരണരംഗത്തും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിലസിയത്…. ഇപ്പോൾ കണ്ണൂരിലെ ഈ മൂന്ന് ജയരാജന്മാരും പിണറായി വിജയനിൽ നിന്നും അകലം പാലിക്കാൻ ആഗ്രഹിക്കുകയാണ്… ഇത്തരം ഒരു സ്ഥിതി കൂടെ ഉണ്ടായാൽ കരുത്തനായ പിണറായി വിജയൻ വല്ലാത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചേരും
ഇടതുമുന്നണിയുടെ രണ്ടാം സർക്കാർ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു…. എന്നാൽ രണ്ടാം സർക്കാരിൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ സമ്പൂർണ്ണ പരാജയത്തിലാണ് എത്തിയത് എന്ന് ഇപ്പോൾ മുന്നണിയിലെ ഘടകകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞു തുടങ്ങിയിരിക്കുന്നു… ഈ നിലയ്ക്ക് പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് സർക്കാരിനെ മുന്നോട്ടു നയിച്ചാൽ ഭാവിയിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടിക്കും ഇടതുപക്ഷ മുന്നണിയിക്കും വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവരും എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പരസ്യമായി പറയുന്ന സ്ഥിതിയിലേക്ക് നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്…. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പാർട്ടിയിലും ഇടതുമുന്നണിയിലും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്