ഉപ മുഖ്യമന്ത്രിപദം ഉന്നം വെച്ച് പാണക്കാട് തങ്ങൾ…..

ഉപ മുഖ്യമന്ത്രിപദം ഉന്നം വെച്ച് പാണക്കാട് തങ്ങൾ.....

  കേരളത്തിലെ മുസ്ലിം മത വിശ്വാസികൾ ഭൂരിഭാഗവും വളരെ ആദരവോടെ നോക്കിക്കാണുന്ന കുടുംബമാണ് പാണക്കാട് തങ്ങൾ കുടുംബം…. രാഷ്ട്രീയത്തിനെല്ലാം അപ്പുറം ആദ്ധ്യാത്മികതയുടെ അടിത്തറയുള്ള കുടുംബം ആയിട്ടാണ് പാണക്കാട് കുടുംബം എല്ലാകാലവും അറിയപ്പെട്ടിട്ടുള്ളത്…. ആശ്രയിച്ച് എത്തുന്ന ആരെയും അനുഗ്രഹിച്ചും സഹായിച്ചും ശീലിച്ചിട്ടുള്ള പാരമ്പര്യമാണ് പാണക്കാട് തങ്ങൾ കുടുംബത്തിൻറെത്…..
ശക്തമായ മുസ്ലിം സാന്നിധ്യമുള്ള രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്…. പലപ്പോഴും ഈ രാഷ്ട്രീയപാർട്ടിയുടെ പ്രസിഡൻറ് പദവി തങ്ങൾ കുടുംബത്തിൽ ഉറപ്പിച്ചുനിൽക്കാറാണ് പതിവ്…. ഇപ്പോഴും പാർട്ടിക്ക് ദേശീയ പ്രസിഡൻറ് ഒക്കെ ഉണ്ടെങ്കിലും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയെ നിയന്ത്രിക്കുന്നത് പാണക്കാട് കുടുംബത്തിലെ കാരണവർ തന്നെയാണ്….. നിലവിൽ മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് സാദിഖ് അലി ശിഹാബ് തങ്ങൾ ആണ്
പാർട്ടിയുടെ പ്രസിഡൻറ് പദവി അലങ്കരിക്കുമ്പോൾ പോലും പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഒരു മത മേധാവിയുടെ പക്വതയും പാകതയും പ്രകടിപ്പിച്ചുകൊണ്ട് അദ്ധ്യാത്മിക പരിവേഷത്തിൽ ഒതുങ്ങുന്ന ചരിത്രമാണ് മുൻകാല പാണക്കാട് തങ്ങൾമാർ കാണിച്ചിട്ടുള്ളത്…. എന്നാൽ ആ പതിവ് തെറ്റിച്ചു കൊണ്ട് ഇപ്പോഴത്തെ മുസ്ലിം ലീഗ് പ്രസിഡണ്ട് കൂടിയായ സാദിഖ് അലി ശിഹാബ് തങ്ങൾ പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്നത് എല്ലാ ആൾക്കാരെയും അത്ഭുതപ്പെടുത്തുന്നുണ്ട്
ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന അവകാശവാദത്തിന് വിട്ടുവീഴ്ച നടത്തിക്കൊണ്ട് രാജ്യസഭാ സീറ്റ് സ്വന്തമാക്കിയ മുസ്ലിംലീഗിന്റെ ഈ നീക്കങ്ങളിൽ ചരട് വലികൾ നടത്തിയത് ശിഹാബ് തങ്ങൾ തന്നെ ആയിരുന്നു…. പാർട്ടിയുടെ പരമാധികാരിയെ പോലെ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പ്രമാണിത്തം മാറ്റി കൊണ്ടാണ് പാർട്ടിയെ പ്രശ്നങ്ങളിൽ ശിഹാബ് തങ്ങൾ ഇടപെട്ടു കൊണ്ടിരിക്കുന്നത്
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ ഘടകകക്ഷി യോഗത്തിൽ പതിവില്ലാത്ത വിധത്തിൽ മുസ്ലിം ലീഗ് പാർട്ടി നേതാക്കളെ മറികടന്നുകൊണ്ട് ശിഹാബ് തങ്ങൾ പങ്കെടുക്കുകയുണ്ടായി…. ഇത് ഒരിക്കലും ഉണ്ടാവാത്ത അനുഭവമായിട്ടാണ് ലീഗ് നേതാക്കൾ കണ്ടിരിക്കുന്നത്…. ഇത് മാത്രമല്ല അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പാർട്ടി വിഷയങ്ങളിൽ എല്ലാം ശിഹാബ് തങ്ങൾ നേരിട്ട് ഇടപെടൽ നടത്തുന്നുണ്ട്…… മുസ്ലിം ലീഗി
ന് ലഭിച്ച രാജ്യസഭാ സീറ്റ് ആർക്ക് നൽകണം എന്ന കാര്യത്തിൽ ലീഗ് നേതാക്കളിൽ എല്ലാരും പറഞ്ഞ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് പാർട്ടിയുടെ സ്ഥിരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്ത സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാനെ നിയോഗിച്ചത് പല നേതാക്കളെയും അമ്പരപ്പിച്ചു….. ഒഴിവരുന്ന രാജ്യസഭാ സീറ്റ് യൂത്ത് ലീഗിൻറെ ഭാരവാഹികളിൽ ഒരാൾക്ക് നൽകണം എന്ന ഏകദേശം ധാരണ ലീഗ് നേതൃത്വത്തിൽ ഉണ്ടായിരുന്നതാണ്…. എന്നാൽ ബീരാന്റെ പേര് നിർദ്ദേശിച്ചു കൊണ്ട് നേതാക്കളുടെ എല്ലാം അഭിപ്രായത്തെ തള്ളുകയാണ് സാദിഖ് അലി ശിഹാബ് തങ്ങൾ ചെയ്തത്….. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി കെ ഫൈസൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരുകളാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ മുന്നോട്ട് വെച്ചിരുന്നത്…. ഏതായാലും ബീരാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ യൂത്ത് ലീഗിൻറെ അടക്കം നേതാക്കൾ വലിയ പ്രതിഷേധത്തിൽ ആണ്
ഇതുവരെ ലീഗിനകത്ത് ഉണ്ടായിട്ടുള്ള രാഷ്ട്രീയ സംഭവവികാസങ്ങളേക്കാൾ ഗൗരവമുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ് കേരളത്തിൻറെ ഭാവി രാഷ്ട്രീയം കാത്തിരിക്കുന്നത്….. രണ്ടു വർഷത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻകാല ചരിത്രം തിരുത്തി എഴുതിക്കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്ത് വരും എന്ന സൂചനകളാണ് ലീഗ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്…. പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും ഒരു നേതാവും പ്രത്യക്ഷ രാഷ്ട്രീയത്തിൽ വന്നിട്ടില്ല….. എന്നാൽ ആ രീതി മാറ്റി പാർട്ടിയിലും അധികാരത്തിലും നിയന്ത്രണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നീക്കങ്ങൾ ശിഹാബ് തങ്ങൾ ആരംഭിച്ചിരിക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലീഗ് രണ്ടാമത്തെ പ്രധാന കക്ഷിയായ യുഡിഎഫിന് ഭരണം ലഭിക്കുന്നു എങ്കിൽ സർക്കാരിൽ ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെടുക എന്നതാണ് സാദിക്കലി ശിഹാബ് തങ്ങൾ ലക്ഷ്യം കുറിക്കുന്നത്….. മുസ്ലിം ലീഗ് പാർട്ടിയിൽ മുൻപ് ലീഗ് നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ ഒരിക്കൽ ഉപമുഖ്യമന്ത്രി പദത്തിൽ എത്തിയിരുന്നു…. അതിനു മുൻപ് അല്ലെങ്കിൽ അതിനുശേഷമോ ഇത്തരത്തിൽ ഒരു പദവിയും ആ പദവിയുടെ ലഭ്യതയും മുസ്ലീം ലീഗ് പാർട്ടിക്ക് ഉണ്ടായിട്ടില്ല
കോൺഗ്രസിനെ പോലെ തന്നെ യുഡിഎഫിനെ ശക്തമായി നയിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് പാർട്ടിയുടെ ആവശ്യം ഒരു തടസ്സവും ഉന്നയിക്കാതെ അനുവദിച്ചു കൊടുക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവും എന്ന കാര്യത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ നേതാക്കൾക്ക് ആത്മവിശ്വാസം ഉണ്ട്…. മാത്രവുമല്ല മുസ്ലീം ലീഗ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ആണെങ്കിലും ദേശീയതലത്തിൽ തന്നെ ലീഗ് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വരെ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സാദിഖ് അലി ശിഹാബ് തങ്ങൾക്കൊപ്പം നിൽക്കാൻ കുഞ്ഞാലിക്കുട്ടിയും ഉണ്ടെങ്കിൽ എല്ലാം ആഗ്രഹിക്കുന്നത് പോലെ തന്നെ നടക്കും എന്ന് തന്നെയാണ് പാർട്ടിയിലെ മറ്റു നേതാക്കളും വിശ്വസിക്കുന്നത്
ഏതായാലും യുഡിഎഫിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കാര്യമായ പദവികൾ വാങ്ങിയെടുക്കണം എന്ന കാര്യത്തിൽ ലീഗ് നേതാക്കൾ എല്ലാരും തന്നെ ഒറ്റക്കെട്ടാണ്…. നാലോ അഞ്ചോ മന്ത്രിമാരെ മാത്രം കൊണ്ട് ഭരണപങ്കാളിത്തം അവസാനിപ്പിക്കാതെ കോൺഗ്രസിന് തുല്യമായ സ്ഥാനമാനങ്ങൾ എന്ന നിലയ്ക്ക് മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രിപദം ലഭിക്കണം എന്ന വാദം ആയിരിക്കും അധികാരത്തിൽ വരുന്നെങ്കിൽ മുസ്ലിം ലീഗിൻറെ നേതാക്കൾ മുന്നോട്ടുവയ്ക്കുക….. ലീഗ് നേതാക്കളുടെ ഈ ആവശ്യം സ്വാഭാവികമായും കോൺഗ്രസ് നേതാക്കളും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും അംഗീകരിച്ചു കൊടുക്കുക ആയിരിക്കും ചെയ്യുക