ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളില്‍ പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂർവമായ രീതിയില്‍ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. കേസ് വാദം കേള്‍ക്കാനായി ജൂലൈ എട്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭട്ടി എന്നിവരങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
“ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും അത് പരിഹരിക്കപ്പെടണം. പരീക്ഷ നടത്തുന്ന ഏജൻസിയെന്ന നിലയില്‍ നീതിപൂർവമായ രീതിയില്‍ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാൻ ഏജൻസി തയാറാകണം. തങ്ങള്‍ സ്വീകരിക്കാൻ പോകുന്ന തുടർ നടപടി എന്താണെന്നും ഏജൻസി വ്യക്തമാക്കണം. അത് നിങ്ങളുടെ പ്രവർത്തനത്തില്‍ വിശ്വാസ്യത നിലനിർത്തുകയെങ്കിലും ചെയ്യും” -കോടതി പറഞ്ഞു.