പിന്നോക്കക്കാരനെ പിന്നോട്ട് അടിച്ച മന്ത്രി കസേര…

കേളുവിനെ വെറും വയനാടൻ കേളുവാക്കി മുഖ്യമന്ത്രി...

 

സംസ്ഥാന സർക്കാരിൽ ദേവസ്വം പാർലമെൻററി കാര്യം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്ന മന്ത്രി കെ രാധാകൃഷ്ണൻ. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടുകൂടി അദ്ദേഹം മന്ത്രി പദവിയും എം എൽ എ സ്ഥാനവും രാജിവച്ചു. സർക്കാരിൽ രാധാകൃഷ്ണൻ എന്ന പകരമായി മുഖ്യമന്ത്രി തീരുമാനിച്ചത് വയനാട്ടിൽ നിന്നുള്ള സിപിഎം എം എൽ എ ആയ ഒ ആർ കേളുവിനെ ആണ്. വയനാട് പോലെ ഇപ്പോഴും വികസനത്തിനും സംരക്ഷണത്തിനും ജനങ്ങൾ കാത്തു കഴിയുന്ന ഒരു ജില്ലയിൽ നിന്നും മന്ത്രിസഭയിൽ ഒരാൾ കടന്നുവരുന്നത് അഭിനന്ദനാർഹമായ കാര്യമാണ്. എന്നാൽ കേളു എന്ന വയനാടൻ നേതാവിനെ മന്ത്രിയാക്കി സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും അപമാനിച്ചു എന്ന് പറയുന്നതായിരിക്കും ഏറെ ശരി.

പിണറായി വിജയൻറെ രണ്ടാം ഇടതുപക്ഷ മുന്നണി സർക്കാരിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പും ദേവസ്വം വകുപ്പും അതുപോലെതന്നെ പാർലമെൻററി കാര്യ വകുപ്പും കൈകാര്യം ചെയ്തിരുന്നത് രാജിവച്ച മന്ത്രി രാധാകൃഷ്ണൻ ആയിരുന്നു. അദ്ദേഹത്തിൻറെ പകരക്കാരനായി വയനാട്ടിൽ നിന്നും കേളുവിന് തീരുമാനിച്ചപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകൾ ഒഴിവാക്കിയത് എന്ന കാര്യം അജ്ഞാതമാണ്.

നിലവിൽ കേളു എന്ന മന്ത്രിക്ക് നൽകിയിരിക്കുന്നത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മാത്രമാണ്. ഇവിടെ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. മന്ത്രിയായിരുന്ന രാധാകൃഷ്ണനെക്കാൾ ഭരണ രംഗത്ത് കൂടുതൽ പരിചയമുള്ള ഒരു നേതാവാണ് കേളു. ഗ്രാമപഞ്ചായത്ത് ഭരണത്തിൽ തുടങ്ങി ജില്ലാ പഞ്ചായത്തിൽ വരെ ചുമതല നിർവഹിച്ചു ഒടുവിൽ നിയമസഭയിൽ നീണ്ടകാലത്ത് പ്രവർത്തന പരിചയവും സ്വന്തമാക്കിയ കേളു എന്ന നേതാവിനെ വെറും ഒറ്റ വകുപ്പിൽ അതും പ്രധാന വകുപ്പുകൾ ഒഴിവാക്കി മന്ത്രിയായി നിയോഗിച്ചപ്പോൾ പുറത്തുവരുന്നത് പിന്നോക്കക്കാരൻ വീണ്ടും പിന്നോക്കക്കാരൻ ആയി അവഗണിക്കപ്പെടുന്ന ആധുനിക രാഷ്ട്രീയ സദാചാരത്തിന്റെ കപട മുഖം തന്നെയാണ്.

ഒരു പാർട്ടി അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രി ആകണം ആരൊക്കെ മന്ത്രിമാരാകണം എന്നൊക്കെ തീരുമാനിക്കുന്നത് ഭരണത്തിൽ എത്തുന്ന പാർട്ടി തന്നെയാണ്. തൻറെ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരായി വരണം എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം മുഖ്യമന്ത്രിയിലും ആണ്. ഇതാണ് യാഥാർത്ഥ്യം എങ്കിൽ സ്വന്തം പാർട്ടിയിലെ കഴിവുക തെളിയിച്ച ഒരു നിയമസഭാംഗത്തെ മന്ത്രിയായി നിശ്ചയിക്കാൻ തീരുമാനിച്ചപ്പോൾ, ആ സ്ഥാനത്തേക്ക് വരുന്ന ആളിന് ന്യായമായിട്ടും നൽകേണ്ട വകുപ്പുകൾ വെട്ടിമുറിച്ച് വെറും അപ്രധാന വകുപ്പിന്റെ മന്ത്രിയാക്കി ഒതുക്കിയതിൽ എന്തൊക്കെയോ കഥകൾ ഉണ്ടായിരിക്കാം. വയനാടുകാരനായ പിന്നോക്ക സമുദായക്കാരൻ മന്ത്രിക്കസേരയിൽ എത്തുന്നത് അഭിമാനകരമാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ മന്ത്രിസഭയിൽ പുതിയ നിയമനം നടന്നത് ആ പദവിയിൽ ഇരുന്ന് ആൾ മറ്റൊരു പദവിയിലേക്ക് കടന്നുകയറിയപ്പോൾ ഉണ്ടായ ഒഴിവിന്റെ പേരിലാണ്. സ്വാഭാവികമായും ആ രാജിവച്ച മന്ത്രി കൈകാര്യം ചെയ്ത വകുപ്പുകൾ ലഭിക്കാനുള്ള അവകാശം പുതിയതായി അധികാരമേറ്റ മന്ത്രിക്ക് ഉണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പുരോഗമനപരമായ ചിന്താഗതികളും ആശയങ്ങളും വെച്ചുപുലർത്തുന്ന സമൂഹം കഴിയുന്ന പ്രദേശമാണ്. ഇവിടെ ഇപ്പോൾ ഭരണം നടത്തുന്നത് സിപിഎം സിപിഐ തുടങ്ങിയ കമ്മ്യൂണിസ്റ്റ് കക്ഷികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും മുഖ്യമായ ആശയവും അജണ്ടയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ്. ഈ തത്വശാസ്ത്രം മനസ്സിൽ നിറച്ച് നടക്കുന്ന സിപിഎമ്മിനെ പോലെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ മനപ്പൂർവ്വമായിത്തന്നെ ഒരു പിന്നോക്കക്കാരനെ വീണ്ടും വീണ്ടും പിന്നോക്കക്കാരനായി മാറ്റുന്ന തരത്തിൽ മന്ത്രി പദവിയും വകുപ്പും നൽകിയത് പൊറുക്കാൻ കഴിയാത്ത രാഷ്ട്രീയ അപരാധമാണ് എന്ന് ഇടതുപക്ഷ പ്രവർത്തകർ തിരിച്ചറിയണം.

പാർട്ടിയോടുള്ള കൂറും വിശ്വാസവും ഒരു ഇളക്കവും കൂടാതെ മനസിൽ സൂക്ഷിക്കുന്ന ഒ ആർ കേളു എന്ന പുതിയ മന്ത്രി പാട്ട് നൽകിയ പദവികളെ ആവേശത്തോടെ സ്വീകരിക്കുകയും, തനിക്ക് കിട്ടിയ പുതിയ പദവിയുടെ ലഭ്യതയിൽ സർക്കാരിനോടും പാർട്ടിയോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് കേളു എന്ന കമ്മ്യൂണിസ്റ്റ് വിശ്വാസിയുടെ മനസ്സിൻറെ വിശുദ്ധിയും പാർട്ടിയോടുള്ള കറകളഞ്ഞ സ്നേഹവും മൂലമാണ്. എന്നാൽ കേരളത്തിൽ ഇതെല്ലാം കണ്ടു കഴിയുന്ന സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തകരും പൊതുജനവും കേളുവിന് അനുവദിച്ചു നൽകിയ വകുപ്പിൻറെ കാര്യത്തിൽ പരിഭവം ഉള്ളവരാണ് എന്ന കാര്യം മുഖ്യമന്ത്രിയും സിപിഎം നേതൃത്വം ബോധ്യപ്പെടണം. ഇപ്പോൾ സർക്കാർ തലത്തിലും സിപിഎം പാർട്ടി തലത്തിലും ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത് ലോകസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും ഉണ്ടായ കനത്ത തോൽവിയെ കുറിച്ചാണ്. ഈ തോൽവിയെക്കുറിച്ച് ആലോചിക്കുമ്പോൾ കേളുവിന് മന്ത്രി എന്ന നിലയിൽ നൽകിയ വകുപ്പുകൾ മറ്റൊരു കറുത്ത പൊട്ടായി മാറുന്നു എന്ന കാര്യം കൂടി ചിന്തിക്കണം എന്നാണ് പറയുവാൻ ഉള്ളത്.