തലസ്ഥാനത്ത് ലക്ഷങ്ങൾ മുടക്കി അമ്പതാം വാർഷിക ആഘോഷം

സപ്ലൈകോയിൽ എത്തുന്ന പൊതുജനം കാലിപാത്രവുമായി മടങ്ങുന്നു

 

സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ചുരുക്ക പേരാണ് സപ്ലൈകോ. പൊതുജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും കുറഞ്ഞ വിലയ്ക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഏർപ്പാടാണ് സപ്ലൈകോ നടത്തുന്നത്. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഉള്ള മാവേലി സ്റ്റോറുകൾ ആണ് പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിൽ കേരളത്തിൽ എല്ലായിടത്തുമായി പ്രവർത്തിച്ചുവന്നിരുന്ന മാവേലി സ്റ്റോറുകളിൽ അടക്കം സർക്കാർ ന്യായവില വിതരണ കടകളിൽ ഒന്നും ഒരു സാധനവും ഇല്ലാതെയായിട്ട് നാളുകൾ ആയി. പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യം കൂടി സപ്ലൈകോയുടെ ചില്ലറ വിൽപ്പന ശാലകൾക്ക് ഉണ്ട്.

മാറിമാറി അധികാരത്തിൽ വന്ന ഏത് സർക്കാരിന്റെ കാലത്തും വളരെ കാര്യക്ഷമതയോടുകൂടി നോക്കിയിരുന്ന ഒരു സംവിധാനമാണ് മാവേലി സ്റ്റോറുകൾ. കാരണം കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് നിത്യ ഉപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കുന്നത് ഈ കടകളിൽ വഴിയായിരുന്നു. കേരളത്തിലെ ഏത് പാർട്ടിയുടെ ഭരണം നിലനിൽക്കുമ്പോഴും ഏത് സർക്കാരിനും എത്ര വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴും അതൊന്നും ബാധിക്കാതെ സുഗമമായി പ്രവർത്തിക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തിയിരുന്ന ഒരു സംവിധാനമാണ് സപ്ലൈകോയും അതിൻറെ വിപണന ശൃംഖലയും. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും മോശമായും ജനദ്രോഹപരമായും പ്രവർത്തിച്ചുവരുന്നത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ കീഴിലുള്ള സ്ഥാപനങ്ങളാണ് എന്നതാണ് വാസ്തവം.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ എന്നത് ഭരണഘടനാ വിധേയമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ്. സ്വാതന്ത്ര്യത്തിനുശേഷം ദാരിദ്ര്യം ഒക്കെ ഉണ്ടായിരുന്ന കാലം മുതൽ ജനങ്ങൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും, വിശപ്പ് അടക്കാനുള്ള സൗകര്യം കൃത്യമായി ഉറപ്പാക്കണം എന്ന തീരുമാനത്തോടുകൂടിയാണ് ഈ തരത്തിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷനുകൾ എല്ലാ സംസ്ഥാനത്തും രൂപീകരിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ റേഷൻ കടകളാണ് സപ്ലൈകോയുടെ ചുമതലയിൽ പ്രവർത്തിച്ചിരുന്നത് റേഷൻ കടകൾ വഴി അരി പഞ്ചസാര മണ്ണെണ്ണ ഗോതമ്പ് തുടങ്ങിയ അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ തികച്ചും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് വിതരണം ചെയ്തിരുന്ന സംവിധാനമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഈ കോർപ്പറേഷൻ കീഴിലുള്ള എല്ലാ പ്രവർത്തന മേഖലയിൽ താളം തെറ്റി കിടക്കുന്നു എന്നതാണ് വസ്തുത.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ കീഴിലുള്ള മാവേലി സ്റ്റോറുകളിൽ പഞ്ചസാരയും മണ്ണെണ്ണയും മറ്റും എത്തിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞു സപ്ലൈകോയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിയാൽ പോലും റേഷൻ വിതരണത്തിന് ഒരുക്കിയ ഇ – പോസ് മെഷീന്റെ നിരന്തരം ഉണ്ടാകുന്ന തകരാറുകൾ മൂലം മാസത്തിൽ റേഷൻ വിതരണം നാലും അഞ്ചും തവണ മുടങ്ങുന്ന സ്ഥിതിയും തുടരുകയാണ്.

സപ്ലൈകോയ്ക്ക് ഭക്ഷ്യവസ്തുക്കൾ അടക്കം പലതും വിതരണം ചെയ്യുന്ന ഏജൻസികൾക്ക് നൂറുകണക്കിന് കോടി രൂപയുടെ കുടിശ്ശിക ഉണ്ടായതാണ് സാധന വിതരണം മുടങ്ങാൻ കാരണം എന്ന് പറയുന്നു. ഇത് സംബന്ധിച്ചു നിയമസഭയിലും പത്രമാധ്യമങ്ങളിലും പലതവണ വിഷയം ചർച്ചയ്ക്കായി വന്നതാണ്. ഓരോ ഘട്ടത്തിലും സംസ്ഥാന ധനകാര്യ മന്ത്രി കണ്ടെത്തുന്ന ന്യായം കേന്ദ്രസർക്കാർ പണം തരുന്നില്ല എന്നതാണ്. ഇത് ഒരു മന്ത്രി പറയേണ്ട മാന്യമായ മറുപടിയല്ല എന്ത് ചോദിച്ചാലും കേന്ദ്രം തരുന്നില്ല എന്ന് പറയാൻ ആണെങ്കിൽ സംസ്ഥാനത്ത് കേന്ദ്രഭരണം ഏർപ്പെടുത്തുന്നതാണ് നല്ലത്.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്നതും സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതുമായ സ്ഥാപനങ്ങളുടെ ജനദ്രോഹത്തിന്റെ വ്യക്തമായ തെളിവുകളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനങ്ങൾ എല്ലാം മരവിച്ചു കിടക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷനും സപ്ലൈകോയും അമ്പതാം വാർഷികം വിപുലമായതോതിൽ തിരുവനന്തപുരത്ത് ആഘോഷിക്കുകയാണ്. അമ്പതാം വാർഷിക ആഘോഷങ്ങളുടെ തുടക്കമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

വലിയ സാമ്പത്തിക ചിലവ് നടത്തി ആണ് അമ്പതാം വാർഷികം തുടങ്ങി വെച്ചിരിക്കുന്നത്. ഇനിയും പല പരിപാടികളും ഉണ്ടാകും എന്നാണ് അറിയുന്നത്. നിത്യ ചെലവിന് പോലും വഴിയില്ലാതെ ജനങ്ങൾക്ക് അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ പോലും സംഭരിച്ച് വിതരണം നടത്താൻ കഴിയാത്ത ഒരു ഭരണകൂടം, അതിൻറെ ഒരു വകുപ്പിൻറെ അമ്പതാം വാർഷികം കൊട്ടിഘോഷിച്ച് ആഘോഷിക്കാൻ തീരുമാനിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

നിലവിൽ ഭരണം നടത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആരാണ് ഉപദേശിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം അജ്ഞാതമാണ്. ഭരണത്തിൻറെ പിടിപ്പുകളും മുഖ്യമന്ത്രിയുടെ പരിധിവിട്ട അഹങ്കാരവും കണ്ടുമടുത്ത കേരളത്തിലെ പൊതുജനം ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ ഇരിക്കുന്ന മുന്നണിയെ തൂത്തെറിയുന്ന അനുഭവമാണ് ഉണ്ടായത്. കനത്ത തോൽവി എങ്ങനെ ഉണ്ടായി എന്നതിന് ജ്യോൽസന്റെ കവടി നിരത്തൽ ഒന്നും ആവശ്യമില്ല സർക്കാരിൻറെ തെറ്റുകുറ്റങ്ങൾ തന്നെയാണ്. തോൽവിക്ക് കാരണം ഈ തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും നേരായ രീതിയിൽ ഭരണം നടത്തി ജനങ്ങൾക്ക് സ്വൈര്യ ജീവിതത്തിനും സുഖജീവിതത്തിനും വഴിയൊരുക്കാൻ ശ്രമം നടത്തുക എന്നതിന് പകരം തോൽവി അംഗീകരിക്കാതെ മുട്ടാ യുക്തികൾ നിരത്തിയാൽ ഏറെ നാൾ ഈ അധികാരം നീണ്ടുപോവില്ല എന്നതായിരിക്കും ഭാവി ഫലം.