കെ. റയിൽ പദ്ധതി എന്ന പേരിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിക്കാൻ തീരുമാനിച്ച ട്രെയിൻ സർവീസ് ആണ് സിൽവർ ലൈൻ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ സംസ്ഥാന സർക്കാരിൻറെ മേൽനോട്ടത്തിൽ കന്യാകുമാരി മുതൽ കാസർഗോഡ് വരെ പുതിയ റെയിൽ പാളം നിർമ്മിച്ച അതിൽ കൂടി അതിവേഗം തീവണ്ടി ഓടിക്കുന്ന ഏർപ്പാടാണ് സിൽവർ ലൈൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. ഈ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയപ്പോൾ, കേരളത്തിൽ വലിയ സംഘർഷത്തിനും പ്രതിഷേധത്തിനും അത് വഴിയൊരുക്കി. യാതൊരു മുന്നറിയിപ്പും നൽകാതെ നൂറുകണക്കിന് കുടുംബങ്ങളെ പൊളിച്ചു നീക്കുന്ന തരത്തിലുള്ള സിൽവർ ലൈൻ സർവ്വേയാണ് ഉദ്യോഗസ്ഥർ നടത്തിയത്. കേരളം ഒട്ടാകെ പ്രതിഷേധം ഉയർന്നപ്പോൾ സർക്കാർ തന്നെ വാശി അടക്കി പിറകോട്ട് പോയ പദ്ധതി വീണ്ടും തട്ടിയെടുക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി അറിയുന്നു. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ആവശ്യമായ അനുമതിയും പണവും കേന്ദ്രസർക്കാരിൻറെ അടുത്ത ബജറ്റിൽ നീക്കിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചത് ആയിട്ടാണ് അറിയുന്നത്.
വിദേശ ധനസഹായത്തോടെ ആണ് സിൽവർ ലൈൻ പദ്ധതി നടപ്പിൽ വരുത്തുക എന്നായിരുന്നു സംസ്ഥാന സർക്കാരിൻറെ നിലപാട്. സിൽവർ ലൈൻ നടപ്പിൽ വരുത്തുന്നതിന് വേണ്ടി നടത്തിയ സർവ്വേയിൽ സംഘട്ടനങ്ങളും അറസ്റ്റുകളും ശക്തമായപ്പോൾ പതിവുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ സിൽവർ ലൈൻ പദ്ധതിയെ ന്യായീകരിച്ചു കൊണ്ടും, ആര് എന്ത് തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാക്കിയാലും കേരളത്തിൽ കെ. റയിൽ പദ്ധതി നടപ്പിലാക്കിയിരിക്കും എന്ന് വരെ പ്രഖ്യാപിക്കുക, പ്രതിഷേധങ്ങൾ ശക്തമാവുകയും നാട്ടിൻപുറങ്ങളിൽ വരെ സിൽവർ ലൈൻ വിരുദ്ധ സംരക്ഷണ സമിതികൾ രംഗത്ത് വരികയും ചെയ്തതോട് കൂടി സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായി. ഇതിനിടയിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. തിരഞ്ഞെടുപ്പിൽ കെ. റയിൽ പദ്ധതി തിരിച്ചടിയായി മാറും എന്ന ബോധ്യപ്പെട്ടതോടുകൂടി സർക്കാർ പിന്നോക്കം പോകുന്ന സ്ഥിതി ഉണ്ടായി.
കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സാമൂഹിക പെൻഷനുകൾ സർക്കാർ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ, അതു പോലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ന്യായവില, കടകളിലെ സാധനങ്ങൾ ഇല്ലായ്മ, ഇത്തരം കാരണങ്ങൾ കൊണ്ട് കേരളത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. നിത്യ ഉപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സ്ഥിതിയിൽ പോലും യാതൊരുവിധ സർക്കാർ ഇടപെടലും ഉണ്ടാവുന്നില്ല. എന്ത് കാര്യം ചോദിച്ചാലും സാമ്പത്തിക പ്രതിസന്ധി എന്നും കേന്ദ്രസർക്കാർ നൽകേണ്ട സാമ്പത്തിക സഹായം തരുന്നില്ല എന്നും ഒക്കെയുള്ള ന്യായങ്ങളാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ സംസ്ഥാനത്തിന് സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ ഒരിക്കലും ഉണ്ടാവാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി നീങ്ങുമ്പോൾ ആണ് ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ മുതൽമുടക്ക് വരുന്ന സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ വീണ്ടും സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നു. മുടക്കുമുതലിന്റെ 70% തുകയ്ക്ക് കേന്ദ്രസർക്കാർ ജാമ്യം നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.
കടുത്ത വാശിയിൽ എന്നോണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഇപ്പോഴും ജനങ്ങളുടെ നെഞ്ചിലൂടെ കടന്നുപോകുന്ന കെ. റയിൽ പദ്ധതിക്ക് വേണ്ടി നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെ പ്രതിമാസ പെൻഷൻ പോലും നൽകാൻ കഴിയാത്ത സ്ഥിതിയിൽ നിൽക്കുന്ന ഒരു ഭരണകൂടമാണ് ജനങ്ങളെ വെല്ലുവിളിക്കുന്ന വിധത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് കേരളീയരാണ് എന്ന കാര്യത്തിൽ സംശയമില്ല. മാത്രവുമല്ല കൃത്യമായി പണം നൽകി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിലും മുൻപിൽ കേരളം തന്നെയാണ്. കേരളത്തിൽ ഗതാഗത സൗകര്യം ഉപയോഗിക്കുന്ന ആൾക്കാരുടെ എണ്ണം വളരെ കൂടുതലാണ് എന്ന് വെളിപ്പെടുത്തുന്നതാണ് ഈ കണക്ക്. കേരളത്തിൽ അതിവേഗ യാത്രയ്ക്കുള്ള ജനങ്ങളുടെ താല്പര്യം കൂടിവരുന്നുമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് വന്ദേ ഭാരത എന്ന പേരിലുള്ള അതിവേഗ തീവണ്ടി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കുകയും, അത് സർവീസ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്. റെയിൽ മന്ത്രാലയവും കേന്ദ്രസർക്കാരും അതിവേഗത ഉള്ളതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ പുതിയ ട്രെയിനുകൾ കേരളത്തിന് അനുവദിക്കുന്ന കാര്യം പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നിലവിലുള്ള ഇന്ത്യൻ റെയിൽവേയുടെ പാതകളും പുതിയ തീവണ്ടികളും കൂടുതലായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇപ്പോൾ ട്രെയിൻ യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കാൻ സാധ്യത ഉണ്ടാകും.
ഇത്തരത്തിലുള്ള നിലവിലെ തറയിൽപാതയുടെയും പുതിയ തീവണ്ടികളുടെയും സൗകര്യം ഒരുക്കി യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം കാലിയായ ഖജനാവും ആയി ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു സർക്കാർ ഒന്നരലക്ഷം കോടി രൂപയുടെ വായ്പയെടുത്ത് കേരളത്തെ വെട്ടി മുറിച്ച് ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകൾ പൊളിച്ചും നിരവധി കടകമ്പോളങ്ങളും ഓഫീസുകളും തകർത്തെറിഞ്ഞും സിൽവർ ലൈൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
ഒരു കാര്യം ഭരണകർത്താക്കൾ തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്. കെ. റയിൽ പദ്ധതി കേരളത്തിലെ ജനങ്ങൾ നിഷേധിച്ചതും തള്ളിക്കളഞ്ഞതുമായ ഒരു പദ്ധതിയാണ്. ഈ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയും സർക്കാരും വാശി കാണിച്ചതിൻ്റെ ഒരു തിരിച്ചടി കൂടിയാണ് ഇപ്പോൾ നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടി. ജനങ്ങളുടെ താൽപര്യങ്ങളെക്കാൾ മറ്റു ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഏതു സർക്കാരിനും അവസരം കിട്ടുമ്പോൾ ജനങ്ങൾ തിരിച്ചടി നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഇനിയെങ്കിലും ഇടതുപക്ഷ സർക്കാർ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് സിൽവർ ലൈനിന്റെ പിറകെ നടക്കാതെ ജനങ്ങളുടെ പട്ടിണിയും ദുരിതവും അകറ്റാൻ വേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്തുതീർക്കുക. ജനങ്ങളുടെ ജീവിത ദുരിതങ്ങൾ പരിഹരിച്ച് കഴിഞ്ഞശേഷം ആലോചിക്കാം കെ റയിലും സിൽവർ ലൈനും അതിവേഗ തീവണ്ടിയും ഒക്കെ.