സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു

വി എസ് അച്യുതാനന്ദൻറെ റോളിൽ മുൻമന്ത്രി ജി സുധാകരൻ

ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയുടെ പേരിൽ സിപിഎമ്മിന്റെ നേതൃയോഗത്തിൽ വിമർശനങ്ങൾ ഉയർന്നെങ്കിലും, തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ തീരുമാനമെടുത്ത് യോഗം അവസാനിക്കുകയായിരുന്നു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ അവസാന ഘട്ടത്തിൽ ശാന്തത ഉണ്ടായെങ്കിലും, പാർട്ടിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങളിലും അവലോകന മീറ്റിങ്ങുകളിലും മിക്കവാറും എല്ലായിടത്തും പക്ഷം തിരിഞ്ഞു കൊണ്ട് രൂക്ഷമായ ഭാഷയിൽ പോരടിക്കുന്ന നേതാക്കളെയാണ് കണ്ടത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും ന്യായീകരിക്കുന്ന പിണറായി പക്ഷവും, എന്നാൽ തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരം തന്നെ ആണെന്നും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളും ശൈലിയും കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ വരെ പാർട്ടിയിൽ നിന്നും അകറ്റി എന്നും വിമർശിച്ചുകൊണ്ട് മറുപക്ഷവും നിലകൊള്ളുന്ന സ്ഥിതിയാണ് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉണ്ടായത്.

കണ്ണൂരും ആലപ്പുഴയും ആണ് കമ്മ്യൂണിസത്തിന് വിത്ത് പാകിയ രണ്ട് ജില്ലകൾ. ഈ ജില്ലകളിലാണ് പാർട്ടി എന്ത് പ്രതിസന്ധി ഉണ്ടാകുമ്പോഴും, ശക്തമായ അടിത്തറയുമായി നിലയുറച്ച് നിന്നിട്ടുള്ളത്. ആലപ്പുഴയുടെ വിപ്ലവ ഇതിഹാസമായിരുന്നു വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയും ഒക്കെയായ അച്യുതാനന്ദൻ പ്രായാധിക്യം കൊണ്ടും അനാരോഗ്യം കൊണ്ടും രാഷ്ട്രീയം വിട്ടു നിൽക്കുകയാണ്.

സിപിഎമ്മിനകത്ത് അത്ഭുതകരമായ പോരിനും വെല്ലുവിളിക്കും ചങ്കൂറ്റം കാണിച്ച നേതാവായിരുന്നു പാർട്ടി സെക്രട്ടറിയായ പിണറായി വിജയന് എതിരെ അങ്കം വെട്ടാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയ അച്യുതാനന്ദൻ. കേരളത്തിലെ എല്ലാ ജില്ലകളിലെയും സാധാരണ സിപിഎം പ്രവർത്തകരുടെ ആവേശമായി മാറി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മറന്നുകൊണ്ട് മുതലാളിത്ത ചങ്ങാത്തത്തിലേക്ക് കേരളത്തിലെ സിപിഎം നേതൃത്വം നീങ്ങിയതിനെതിരെയാണ് അച്യുതാനന്ദൻ പട നയിച്ചത്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണ് എന്ന് തുറന്നടിക്കാൻ വിഎസ് അച്യുതാനന്ദൻ തയ്യാറായി. കേരളത്തിൽ പാർട്ടിയിൽ വിഭാഗീയത അങ്ങനെ ശക്തമായി. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും നിലപാടുകളിൽ അച്യുതാനന്ദൻ നീങ്ങിയപ്പോൾ അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളെ സിപിഎമ്മിനകത്ത് സാധാരണ പ്രവർത്തകർക്ക് ആവേശം പകർന്നു. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിൽ ശക്തനായിരുന്ന പിണറായി വിജയൻ അച്യുതാനന്ദനെതിരെ കരുക്കൾ നീക്കി ഒടുവിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കുന്ന സ്ഥിതി വരെ ഉണ്ടായി.

ഇപ്പോൾ എന്തായാലും പിണറായി വിജയൻ പഴയപോലെ ഉഗ്ര പ്രതാപി അല്ല തെരഞ്ഞെടുപ്പ് തോൽവി അദ്ദേഹത്തിൻറെ നട്ടെല്ല് തകർത്തു പാർട്ടിയിൽ വിമത സ്വരങ്ങളും സർക്കാരിനെതിരായ രൂക്ഷ വിമർശനങ്ങളും നാളുകൾ കഴിയുംതോറും ശക്തമായി കൊണ്ടിരിക്കുന്നു.

ആലപ്പുഴയിലെ സിപിഎം വലിയ വിഭാഗീയതയുടെ പിടിയിലാണ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ ആണ് ആലപ്പുഴയിൽ വിമത ശബ്ദം ആദ്യം ഉയർത്തിയത്. സുധാകരന്റെ നിലപാടുകളെ ചില നേതാക്കൾ വിമർശിച്ചു എങ്കിലും കാര്യങ്ങൾ തുറന്നു പറയുന്ന സുധാകരൻ ഒപ്പം പാർട്ടി അണികൾ നിലയുറപ്പിച്ചതായി പാർട്ടിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട് ആലപ്പുഴയിലെ പാർട്ടിയുടെ പല ഏരിയ കമ്മിറ്റികളും സുധാകരന്റെ പ്രതികരണത്തെ ശരിവെക്കുന്നുണ്ട്.

ഭരണകൂടത്തോടും മുഖ്യമന്ത്രിയുടെ നിലപാടുകളോടും കടുത്ത അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയ സുധാകരന്റെ പ്രസ്താവനകൾ സിപിഎമ്മിന്റെ മറ്റു ജില്ലാ കൗൺസിൽ യോഗങ്ങളിൽ ചർച്ചയായി മാറുകയാണ്. പാലക്കാട്, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ സി പി എം നേതൃയോഗങ്ങളിൽ വിഭാഗീയതയുടെ തീവ്രത അനുഭവപ്പെട്ടു. സുധാകരന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പല നേതാക്കളും പിണറായിക്കെതിരെ വിമർശനത്തിന് തയ്യാറായി. പാർട്ടി സാധാരണ ജനങ്ങളിൽ നിന്നും അകന്നിരിക്കുന്നു എന്നും അതു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞതെന്നും ഈ നേതാക്കൾ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വന്തം ജില്ലയായ കണ്ണൂർ ജില്ലയിൽ പാർട്ടി നേതൃത്വത്തിൽ വലിയ വിമർശനങ്ങളാണ് പിണറായിയുടെ പേരിൽ ഉയർന്നത്. അവിടെ അനുഭവപ്പെടുന്ന മറ്റൊരു പ്രത്യേകത ജില്ലയിൽ പാർട്ടിയെ നയിച്ചു കൊണ്ടിരിക്കുന്ന പിണറായിയുടെ അടുപ്പക്കാരായിരുന്ന 3 ജയരാജന്മാരും പിണറായിയെ തള്ളിയിരിക്കുന്നു എന്നതാണ്.

സർക്കാരിനെയും മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും യാതൊരു ദയയും ഇല്ലാതെ ശക്തമായി വിമർശിച്ച ജി സുധാകരന്റെ പേരാണ് പല ജില്ലകളിലും ചർച്ചകളിൽ പൊന്തി വരുന്നത്. അതുകൊണ്ടുതന്നെ ഒരു കാലത്ത് ആലപ്പുഴക്കാരൻ ആയ വിഎസ് അച്യുതാനന്ദൻ പാർട്ടിക്കുള്ളിൽ നടത്തിയ വിഭാഗീയ ശബ്ദത്തിന്റെ ഇപ്പോഴത്തെ അവകാശിയായി ആലപ്പുഴക്കാരൻ തന്നെയായ മുതിർന്ന നേതാവ് ജി സുധാകരൻ മാറിയിരിക്കുന്നു എന്നതാണ് സ്ഥിതി. ജി സുധാകരനെ ഒതുക്കാൻ ചില മുതിർന്ന പിണറായി അനുകൂലികൾ ശ്രമം നടത്തിയെങ്കിലും, സാധാരണ പ്രവർത്തകർക്കിടയിൽ സുധാകരന്റെ നിലപാടുകൾക്ക് താല്പര്യവും പ്രചാരവും ഏറിവരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ പോയാൽ പഴയ പാർട്ടിയുടെ വിഭാഗീയ അന്തചിദ്രം വീണ്ടും വരും എന്നതാണ് വാസ്തവം.