18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് വനിതാ എംപിമാരുടെ ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര.
പ്രതിപക്ഷത്തെ ചില വനിതാ ലോക്‌സഭാ എംപിമാർക്കൊപ്പമുള്ള ചിത്രമാണ് ‘യോദ്ധാക്കൾ തിരിച്ചെത്തി : 2019 vs 2024 എന്ന തലക്കെട്ടോടെ മഹുവ പോസ്റ്റ് ചെയ്തത്.
2019-ലെ ചിത്രത്തിൽ എംപിമാരായ മൊയ്‌ത്ര, കനിമൊഴി, സുപ്രിയ സുലെ, ജ്യോതിമണി, തമിഴച്ചി തങ്കപാണ്ഡ്യൻ എന്നിവർ ലോക്‌സഭയിലെ ഒരു ബെഞ്ചിലിരിക്കുന്നതായും, ഏറ്റവും പുതിയ ചിത്രത്തിൽ പുതിയ ലോക്‌സഭാ എംപി ഡിംപിൾ യാദവിനെ ഉൾകൊള്ളിച്ചുകൊണ്ടുമാണ് പോസ്റ്റ്.
മൊയ്‌ത്ര പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ കനിമൊഴി തമിഴ്‌നാട്ടിലെ തൂത്തുക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മറ്റ് എംപിമാരായ സുപ്രിയ സുലെ, ജോതിമണി, തമിഴാച്ചി തങ്കപാണ്ഡ്യൻ, ഡിംപിൾ യാദവ് എന്നിവർ യഥാക്രമം മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലം, തമിഴ്‌നാട്ടിലെ കരൂർ സീറ്റ്, ചെന്നൈ സൗത്ത് സീറ്റ്, ഉത്തർപ്രദേശിലെ മെയിൻപുരി സീറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്നവരാണ്.
അടുത്തിടെ സമാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ 74 സ്ത്രീകളാണ് വിജയിച്ചത്. 2019-ൽ തിരഞ്ഞെടുക്കപ്പെട്ട 78-ൽ നിന്ന് നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊത്തം വനിതാ എംപിമാരിൽ 11 പേരും മമത ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്.