മാണി കേരളയിൽ പുതിയ അങ്കം വെട്ടൽ

തോൽവിക്ക് കാരണക്കാരൻ മുഖ്യമന്ത്രി എന്ന നേതാക്കളുടെ അഭിപ്രായം ജോസ് കെ മാണി തള്ളി

 

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അതിരൂക്ഷമായ പ്രതിസന്ധിയിൽ എത്തിയിരിക്കുന്നു. പാർട്ടിയുടെ കോട്ടയത്തു ചേർന്ന ഉന്നത അധികാര സമിതി യോഗത്തിൽ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കൾക്കും മന്ത്രിമാർക്കും എതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങൾ പാർട്ടി ചെയർമാനായ ജോസ് കെ മാണി തടയാൻ ഒരുങ്ങിയതാണ് പ്രതിസന്ധിക്ക് തുടക്കം ആയത്. യോഗത്തിൽ പരിധി വിട്ട് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ജോസ് കെ മാണി അടക്കമുള്ള ഔദ്യോഗിക പക്ഷം സംഭവം ഒരു കാരണവശാലും പുറത്തു വരരുത് എന്നും യോഗത്തിൽ ഉണ്ടായ ഒച്ചപ്പാടുകൾ പാർട്ടി ഓഫീസിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങണം എന്നും വാശിപിടിച്ചതോടെ രംഗം കൂടുതൽ വഷളായി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സ് പാലായിൽ എത്തിയപ്പോൾ അന്ന് കോട്ടയം എംപി ആയിരുന്ന തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി വേദിയിൽ ഇരുത്തി അപമാനിച്ച സംഭവം ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് സർക്കാരിനെതിരായ വിമർശനത്തിന് തോമസ് ചാഴിക്കാടൻ തുടക്കം കുറിച്ചത്. പിന്നീട് പ്രസംഗിച്ച ഉന്നത അധികാര സമിതി അംഗങ്ങൾ പലരും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയും ധിക്കാരപരമായ നടപടികളും ഇടതുമുന്നണിയെ ജനങ്ങളിൽ നിന്നും അകറ്റി എന്നും, അതാണ് വലിയ തോൽവിക്ക് കാരണം എന്നും പറഞ്ഞു സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ തുടർച്ചയായി വന്നതോടുകൂടി ജോസ് കെ മാണി വിഷമത്തിൽ ആയി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനവിരുദ്ധ ശൈലികൾ ഇടതുമുന്നണി യോഗത്തിൽ പറയാതിരുന്ന പാർട്ടി ചെയർമാന്റെ നിലപാടുകളിലും നേതാക്കൾ വിമർശനം ഉയർത്തി.

യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ തടയുന്നതിന് ജോസ് കെ മാണിയും ഔദ്യോഗിക വിഭാഗവും രംഗത്ത് വന്നപ്പോൾ അതിനെ എതിർക്കുവാനും വലിയൊരു വിഭാഗം തയ്യാറായി. ഇടതുമുന്നണി സമ്മാനിച്ച രാജ്യസഭാ സീറ്റ് കിട്ടിയതോടുകൂടി പാർട്ടി ചെയർമാൻ സ്വന്തം കാര്യം സിന്ദാബാദ് എന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ് എന്നും ചെയർമാന്റെ നിലപാട് വെറും ഉപകാരസ്മരണ മാത്രമാണെന്നും ഈ നിലപാട് പാർട്ടിയുടെ അടിത്തറ തകർക്കുമെന്നും പ്രതിഷേധിച്ച അംഗങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ ചെയർമാനായ ജോസ് കെ മാണിയും ഒപ്പം നിൽക്കുന്ന മന്ത്രി റോഷി അഗസ്റ്റിനും തയ്യാറായില്ല.

കഴിഞ്ഞദിവസം നടന്ന പാർട്ടി ഉന്നത അധികാര സമിതി യോഗം വലിയതോതിൽ കലഹിച്ചു പിരിയുന്ന സ്ഥിതിയിൽ എത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ പാർട്ടി ചെയർമാന്റെയും മറ്റു ജില്ലകളുടെയും നിലപാടുകളെ വിമർശിച്ച വിഭാഗം നേതാക്കൾ ഈ യോഗത്തിനുശേഷം വീണ്ടും ഒത്തുകൂടി എന്നും പാർട്ടി ചെയർമാന്റെ അവസരവാദ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് പാർട്ടിയിൽ നിന്നും രാജിവെക്കുന്നതാണ് നല്ലത് എന്ന് തീരുമാനിച്ചതായിട്ടും വാർത്തകൾ പുറത്തുവരുന്നുണ്ട്. മറ്റൊരു കേരള കോൺഗ്രസ് ആയ ജോസഫ് ഗ്രൂപ്പിൻറെ നേതാവായ പി ജെ ജോസഫ് ആയി രഹസ്യമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു. അതിനുശേഷം വേണ്ടിവന്നാൽ മാണി ഗ്രൂപ്പിൽ നിന്നും രാജിവെക്കുകയും ജോസഫ് ഗ്രൂപ്പിൽ ചേരുകയും ചെയ്യുക എന്ന തീരുമാനത്തിലാണ് ഈ നേതാക്കൾ പിരിഞ്ഞത് എന്നാണ് അറിയുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്വന്തം സ്ഥാനാർഥിയായിരുന്ന തോമസ് ചാഴിക്കാടന് വലിയ തോൽവിയാണ് ഉണ്ടായത്. കോട്ടയത്തെ സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും മണ്ഡലം വിട്ട് മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു എന്ന പരാതിയും യോഗത്തിൽ ഉയരുകയുണ്ടായി. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉപേക്ഷിച്ച് സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പാർട്ടി സഖാക്കൾ പോയി എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മാത്രവുമല്ല ഇടതുപക്ഷത്തിന് നല്ല മുൻതൂക്കമുള്ള കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എവിടെപ്പോയി എന്ന് അന്വേഷിക്കേണ്ടതുണ്ട് എന്നും ചിലർ ആവശ്യപ്പെട്ടു. പല അസംബ്ലി മണ്ഡലങ്ങളിലും സിപിഎം വോട്ട് ബിജെപി മുന്നണിയിലെ തുഷാർ വെള്ളാപ്പള്ളി മാറി ചെയ്തു എന്ന പരാതിയും യോഗത്തിൽ ഉയർന്നു.

ഏതായാലും രാഷ്ട്രീയമായി ഒരു പാർട്ടി എന്ന നിലയിൽ അടിത്തറ തകർന്നുകൊണ്ടിരിക്കുന്ന മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് പെട്ടെന്ന് പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയിൽ വീണിരിക്കുകയാണ്. പാർട്ടി ചെയർമാൻ ആയ ജോസ് കെ മാണിക്കും മന്ത്രി റോഷി അഗസ്റ്റിനും എതിരെ പാർട്ടിയിലെ മുതിർന്ന ഒരു സംഘം നേതാക്കൾ കലാപം തുടങ്ങി കഴിഞ്ഞു. ജോസ് കെ മാണി നിലവിലെ നിലപാടുകൾ മാറ്റി ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ആശ്വസിപ്പിച്ചില്ലെങ്കിൽ അടുത്ത നാളുകളിൽ തന്നെ നിരവധി നേതാക്കൾ മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് വിട്ട് പി.ജെ.ജോസഫിന്റെ പാർട്ടിയിൽ ചേരും എന്നാണ് അറിയുന്നത്.