ചതിക്കുഴിയിൽ വീണ സി പി എം

ഓർത്തെടുക്കുക വി എസിന്റെ വാക്കുകൾ

ലോകസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നട്ടംതിരിയുകയാണ് കേരളത്തിലെ സിപിഎം എന്ന പാർട്ടി. പാർട്ടിയുടെ ഏത് യോഗം ഉണ്ടായാലും അവിടെയെല്ലാം ചോദ്യങ്ങളും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നു. കേരളത്തിലെ സിപിഎം എന്ന പാർട്ടി ഇവിടുത്തെ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണിയെ നയിക്കുന്ന പാർട്ടിയാണ്. ആ പാർട്ടിയിൽ മാത്രമല്ല മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സിപിഐയും കേരള കോൺഗ്രസും സമാനമായ രീതിയിൽ വിമർശനത്തിന്റെ കൂരമ്പുകൾ കൊടുക്കുകയാണ്. ഈ അമ്പുകളെല്ലാം ചെന്നുകൊണ്ട് മുറിവേറ്റു നിൽക്കുന്നത് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആണ്.

തോൽവി അത് ഏത് വിധത്തിൽ ഉണ്ടാകുന്നതായാലും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇരുത്തി ചിന്തിപ്പിക്കാനും പരിഹാരമാർഗ്ഗങ്ങൾ തേടുവാനും തെറ്റ് തിരുത്തുവാനും അവസരം ഒരുക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തോൽവി ഏറ്റുവാങ്ങിയ സിപിഎം ആത്മപരിശോധനയുടെ വഴിയിലാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പോലും തെറ്റുതിരുത്തൽ ഉണ്ടാകണം എന്ന തീരുമാനം വന്നു. എന്നാൽ എന്താണ് തെറ്റ് എന്നും പാർട്ടി എങ്ങനെ തെറ്റിലേക്ക് വഴുതിവീണു എന്നും മാത്രം ഒരു നേതാവും തുറന്നു പറയുന്നില്ല. ജനങ്ങളിൽ നിന്നും അകന്നതാണ് തോൽവിക്കു കാരണം എന്ന് ഭൂതക്കണ്ണാടി വച്ച് കണ്ടുപിടിച്ച വാക്കുകൾ ചില നേതാക്കൾ പുറത്തുവിടുന്നത്. എന്നാൽ യഥാർത്ഥത്തിൽ നിലവിലുള്ള ഇടതുപക്ഷ സർക്കാർ ജനപക്ഷം വിട്ടുകൊണ്ട് സർക്കാർപക്ഷമായി ഒതുങ്ങി പ്രവർത്തിച്ചു എന്നത് തന്നെയാണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണം

തെറ്റി തിരുത്താൻ ആണ് സിപിഎം നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ ഒരു കാര്യം ചെയ്യുക. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയൻ പ്രവർത്തിച്ചിരുന്ന കാലത്ത് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച വിഎസ് അച്യുതാനന്ദൻ പിന്നീട് കേരളത്തിൻറെ മുഖ്യമന്ത്രിയായ പിണറായി സെക്രട്ടറി പദവിയിൽ ഇരുന്നുകൊണ്ട് പാർട്ടിയെ തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം നീങ്ങുന്ന ഒരു പ്രസ്ഥാനമാക്കി വളച്ചു കൂട്ടി. ഒതുക്കേണ്ടവനെ ഒതുക്കാനും മെരുക്കേണ്ടവനെ മെരുക്കാനും തോളിൽ ഇരുത്തേണ്ടവനെ തോളിലേറ്റാനും പിണറായി തയ്യാറായപ്പോൾ, പാർട്ടിയെ തന്റെ കാൽക്കീഴിൽ തളച്ചിടാൻ പിണറായിക്ക് കഴിഞ്ഞു. ആ കാലത്തും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രത്യയ ശാസ്ത്ര സിദ്ധാന്തങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് താളം തെറ്റുന്ന പാർട്ടിയുടെ പോക്കിനെ വിമർശിക്കാൻ വിഎസ് അച്യുതാനന്ദൻ എന്ന ധീര പോരാളി രംഗത്ത് വന്നു. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവും വിശ്വാസവും നയങ്ങളും അതേപടി തുടരുമ്പോൾ മാത്രമാണ് സാധാരണ ജനങ്ങൾ ചെങ്കൊടി ആവേശത്തോടെ കൈയിലേന്തു എന്ന് അച്യുതാനന്ദൻ പൂർണമായും വിശ്വസിച്ചു. പിണറായി വിജയനും പാർട്ടിയും വഴിതെറ്റുന്ന നിലപാടുകളിലേക്ക് നീങ്ങിയപ്പോൾ വിമർശനത്തിന്റെ വാളു ഉയർത്തി അച്യുതാനന്ദൻ രംഗത്ത് വന്നു. തന്റെ സ്ഥാനമാനങ്ങൾ അല്ല പാർട്ടിയാണ് വലുത് എന്ന് പറഞ്ഞുകൊണ്ട്, സമനില തെറ്റിയ പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ പോക്കിനെ അദ്ദേഹം വിമർശിച്ചു. ഈ വിമർശനം എല്ലായിടത്തേക്കും വ്യാപിച്ചപ്പോൾ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും വിഭാഗീയത എന്ന പുതിയ പേരും പൊരുളും ഉണ്ടായി. പാർട്ടിയിൽ അച്യുതാനന്ദൻ വിഭാഗീയത വളർത്തുന്നു എന്നും പാർട്ടിയെ തകർക്കാൻ നീക്കം നടത്തുന്നു എന്നും വരെ ഔദ്യോഗിക പക്ഷം കുറ്റപ്പെടുത്തി.

ഇതൊക്കെ നിലനിൽക്കുമ്പോഴും ജനപക്ഷ നിലപാടുകളും ആയി അച്യുതാനന്ദൻ മുന്നോട്ട് നീങ്ങി. പ്രായം പോലും മറന്നുകൊണ്ട് മതികെട്ടാൻ മലയിലും കടലോരത്തും വിഎസ് മുഴങ്ങുന്ന ശബ്ദമായി എത്തി. എന്നാൽ ഇതിനെയെല്ലാം എതിർക്കുന്ന നിലപാടുമായി പാർട്ടി സെക്രട്ടറി പിണറായി വിജയൻ മുന്നോട്ട് നീങ്ങി.

ഇടതുപക്ഷത്ത് ഇരുന്നുകൊണ്ട് വലതുപക്ഷത്തിന്റെ മടിയിൽ തലചായ്ച്ചു മയങ്ങുന്ന സിപിഎം നേതാക്കളുടെ മുതലാളിത്ത ചങ്ങാത്തം അച്യുതാനന്ദൻ തുറന്നുകാട്ടി. പാർട്ടിയുടെ പ്രവർത്തനത്തിന് പാവപ്പെട്ട സഖാക്കൾ എന്ത് ചോദിച്ചാലും തരുമെന്നും അതിനുപകരം മുതലാളിത്തത്തിന്റെ വരാന്തയിൽ കാത്തുകിടക്കാനും കയ്യിട്ടുവാരാനും ശ്രമിക്കുന്നത് കമ്മ്യൂണിസത്തിന് ചേർന്നതല്ല എന്ന വാദം ആണ് അച്യുതാനന്ദൻ ഉയർത്തിയത്. ഫാരീസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് കോടീശ്വരന്റെ ഇഷ്ടക്കാരനായി മാറിയതും മറ്റു പല കോടീശ്വരന്മാരുടെയും വീടുകളിൽ കയറിയിറങ്ങിയതും അച്യുതാനന്ദൻ എടുത്തുപറഞ്ഞു. വെറുക്കപ്പെട്ടവൻറെ വീട്ടിലെ ഊണ് കഴിക്കുന്നത് ഒരു സഖാവിനെ വെറുക്കപ്പെട്ടവൻ ആക്കി മാറ്റും എന്ന് അച്യുതാനന്ദൻ തിരിച്ചറിഞ്ഞിരുന്നു.

കേരളത്തിൽ യഥാർത്ഥത്തിൽ സാദാ സഖാക്കൾ ഭൂരിഭാഗവും അച്യുതാനന്ദൻറെ നിലപാടിനോട് യോജിച്ചു നീങ്ങിയവർ ആയിരുന്നു. അച്യുതാനന്ദൻറെ പാർട്ടിയിൽ മാത്രമല്ല ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യത പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ വിഷമിപ്പിച്ചു. അച്യുതാനന്ദനെതിരെ കടുത്ത പോരാട്ടവും വൈരാഗ്യവുമായി നേതാക്കൾ പിണറായിയുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ നടത്തി. പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ പ്രകാശ് കാരാട്ട് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കുന്നതിനുള്ള ഉത്തരവിറക്കാൻ ഔദ്യോഗ വിഭാഗത്തിൻ്റെ നീക്കങ്ങൾക്ക് സാധിച്ചു. എന്നാൽ ഇതൊന്നും കൊണ്ട് വിറക്കുന്നവൻ ആയിരുന്നില്ല അച്യുതാനന്ദൻ.

വിഭാഗീയത പാർട്ടിയിൽ രൂക്ഷമാവുകയും വിഎസ് അച്യുതാനന്ദൻറെ കടുത്ത വിമർശനങ്ങൾ തുടരുകയും ചെയ്തപ്പോൾ പാർട്ടിയെ തന്റെ പിന്നിൽ അണിനിരത്തി നിർത്താൻ പിണറായി വിജയൻ കേരള യാത്ര നടത്തിയ യാത്രയുടെ അവസാനത്തിൽ അച്യുതാനന്ദനെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചു. കടലിൽ തിര ഇളകുന്നത് കണ്ട് ഒരു ബക്കറ്റിൽ വെള്ളം നിറച്ചു വെച്ചാൽ അതിനകത്ത് തിര ഉണ്ടാവില്ല എന്ന് പിണറായി സമാപന യോഗത്തിൽ പറഞ്ഞത് അച്യുതാനന്ദനെ കടലിനു പകരം ഒരു വെള്ളം നിറച്ച ബക്കറ്റ് ആയി ചെറുതാക്കുകയാണ് ചെയ്തത്.

ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. തുടർഭരണം എന്ന സ്ഥിതി നേടിയെടുത്തു ചരിത്രം തിരുത്തിയ പിണറായി വിജയൻ ഇപ്പോൾ എല്ലാത്തരത്തിലുമുള്ള പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും അമ്പുകൾ ഏറ്റു തളർന്നിരിക്കുകയാണ്. സിപിഎം എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ മാത്രമല്ല പ്രശ്നം. പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുവാൻ പാർട്ടിയിൽ നിന്നും അകന്ന ജനവിഭാഗത്തെ തിരികെ പാർട്ടിയിലേക്ക് എത്തിക്കണം. ഇതിനുള്ള മാർഗങ്ങളാണ് പാർട്ടി നേതാക്കൾ ആലോചിക്കുന്നത്.

പാർട്ടിയുടെ രക്ഷയ്ക്ക് വേണ്ടി തിരുത്തൽ നടത്തുവാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നു എങ്കിൽ, ആദ്യം ചെയ്യേണ്ടത് ഇപ്പോൾ ശയ്യാവലമ്പിയായി കഴിയുന്ന ഉഗ്ര പ്രതാപിയായിരുന്ന വി എസ് അച്യുതാനന്ദൻ എന്ന നേതാവ് വർഷങ്ങൾക്കു മുമ്പ് മുതൽ പറഞ്ഞുവെച്ച വാക്കുകൾക്ക് ചെവി കൊടുക്കണം. അദ്ദേഹം നടത്തിയ ജനപക്ഷ ഇടപെടലുകളെ നോക്കി കാണണം. അദ്ദേഹം വാശിയോടുകൂടി നെഞ്ചിലേറ്റി നടന്ന കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും ജനപക്ഷ നിലപാടുകളും വീണ്ടെടുക്കുവാൻ കണ്ണു തുറന്നു നോക്കണം. പാർട്ടി വഴിതെറ്റിപ്പോകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രതികരണശേഷി ഉറഞ്ഞു കൂടിയിരുന്ന അച്യുതാനന്ദൻറെ മനസ്സ് തിളച്ചു പൊന്തി അതിൽ നിന്നും പുറത്തുവന്ന വാക്കുകളായിരുന്നു പാർട്ടിയെ ജനപക്ഷത്തേക്ക് എത്തിക്കണം എന്ന നിലപാട്. എന്നാൽ അറിഞ്ഞോ അറിയാതെയോ അന്നത്തെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വം സമ്പന്ന സൗഭാഗ്യങ്ങളുടെ അക്കരപ്പച്ച തേടുന്നതിനുള്ള വ്യഗ്രതയിൽ ആയിരുന്നു.

കമ്മ്യൂണിസ്റ്റ് വിശ്വാസികൾ സൗകര്യപൂർവ്വം മറന്നുപോയ ചില കഥകൾ ഉണ്ട്. സഖാക്കൾ ഒരുമിച്ചു കൂടുന്നതിനും ആർക്കും തകർക്കാൻ കഴിയാത്ത ആത്മബന്ധം വളർത്തിയെടുക്കുന്നതിനും ആ പാർട്ടി സഖാക്കൾ പഴയകാലത്ത് സ്വീകരിച്ച ചില നിലപാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിനൊപ്പം കട്ടൻ ചായയും പരിപ്പുവടയും ദിനേശ് ബീഡിയും എഴുതി ചേർക്കപ്പെട്ടത്. ആ ജീവിത സംസ്കാരത്തിൽ നിന്ന് മാറി കോടികൾ മുടക്കി പണി കഴിച്ച സ്വന്തം വീട്ടിലേക്ക്, കോടികൾ വിലയുള്ള കാറിൽ വന്നിറങ്ങുന്ന സഖാക്കളെ കാണുമ്പോൾ മറ്റു സഖാക്കൾക്കും അങ്ങനെയാകണം എന്ന് തോന്നൽ ഉണ്ടാവുക സ്വാഭാവികമാണ്. നേതൃത്വം വഴിതെറ്റിയാൽ അണികളും വഴിതെറ്റും എന്ന കാര്യത്തിൽ തർക്കമില്ല. സിപിഎമ്മിനകത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഈ വഴിതെറ്റൽ ഉണ്ടായി എന്നത് തിരിച്ചറിയണമെങ്കിൽ അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ വാക്കുകളെ ഓർത്തെടുക്കുകയാണ് വേണ്ടത്.