ചെന്നൈ: 10,12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മുന്‍വര്‍ഷങ്ങളെപ്പോലെ ഇത്തവണയും നടന്‍ വിജയ് ആദരിച്ചിരുന്നു.
വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചെന്നൈയില്‍ വച്ചാണ് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് നടന്നത്. ഇപ്പോൾ ആ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉന്നത വിജയം നേടിയ ഒരു കുട്ടിയെ താരം പൊന്നാടയിട്ട് ആദരിച്ച ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയുണ്ടായ സംഭവമാണ് തെറ്റായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വിജയ് വിദ്യാര്‍ഥിനിയുടെ തോളില്‍ കൈ വയ്ക്കുന്നത്തോടെ പെണ്‍കുട്ടി താരത്തിന്‍റെ കൈ എടുത്തുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.
മോന എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പ്രസ്തുത വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ അപ്‍ലോഡ് ചെയ്തത് പ്രചരിപ്പിക്കുന്നത്, ആ ഭാഗം മാത്രം കട്ട് ചെയ്താനെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ചടങ്ങിന്‍റെ മുഴുവന്‍ വീഡിയോ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു. പെണ്‍കുട്ടി വിജയ്‍യുടെ കൈ എടുത്തുമാറ്റിയതിനു ശേഷം അദ്ദേഹത്തിന്‍റെ കൈ പിടിച്ച് താരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് താരത്തോട് സംഭാഷിക്കുന്നതും കാണാം.