പ്രസംഗഭാഗങ്ങള്‍ പുനഃസ്ഥാപിക്കണം: സ്പീക്കര്‍ക്ക് കത്തയച്ച്‌ രാഹുല്‍

നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ പാർലമെൻ്റ് രേഖകളില്‍നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ പാർലമെൻ്റ് രേഖകളില്‍നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പുനഃസ്ഥാപിക്കണം എന്ന ആവശ്യമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്.

നീക്കംചെയ്ത ഭാഗങ്ങള്‍ ചട്ടം 380-ൻ്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് രാഹുൽ സ്‌പീക്കർക്ക് കത്തയച്ചത്. താൻ സഭയില്‍ പറഞ്ഞതെല്ലാം വാസ്തവമാണെന്നും നീക്കം ചെയ്ത പരാമർശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതാണ് തന്റെ പ്രസംഗം. തന്റെ പരാമർശങ്ങള്‍ രേഖകളില്‍നിന്ന് എടുത്തുകളയുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഹുല്‍ ചോണ്ടിക്കാട്ടി.

അനുരാഗ് ഠാക്കൂറിൻ്റെ പ്രസംഗത്തിലെ ആരോപണങ്ങളും രാഹുല്‍ കത്തില്‍ ചൂണ്ടികാട്ടി. പ്രസംഗത്തില്‍നിന്ന് ഒരു വാക്ക് മാത്രം ഒഴിവാക്കിയത് അതിശയകരമായി തോന്നുന്നുവെന്നും അദ്ദേഹം കത്തില്‍ പരാമർശിച്ചു.