‘ഗോരക്ഷകര്‍ മൂലം ഗുജറാത്തിന്റെ പേര് നശിച്ചു, ഇത്തരക്കാരെ നിയന്ത്രിക്കണം’; ഹൈക്കോടതിയില്‍ പൊലീസ്

ഗോ സംരക്ഷണത്തിന്റെ പേരില്‍ ഒരു വിഭാഗം അക്രമമുണ്ടാക്കികൊണ്ട് സംസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ ഗുജറാത്ത് പൊലീസ്.

അഹമ്മദാബാദ്:ഗോ സംരക്ഷണത്തിന്റെ പേരില്‍ ഒരു വിഭാഗം അക്രമമുണ്ടാക്കികൊണ്ട് സംസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ ഗുജറാത്ത് പൊലീസ്.

ഇത്തരക്കാർ നിയമം കയ്യിലെടുക്കുകയാണെന്നും ഇവരെ അടിയന്തരമായി ഇത്തര പ്രവർത്തനങ്ങൾ നിന്ന് പിന്തിരിപ്പിക്കണമെന്നും സംസ്ഥാന പൊലീസ് കോടതിയോട് അഭ്യർഥിച്ചു.

രഥയാത്ര,ഈദ് മുതലായ ആഘോഷങ്ങളില്‍ ക്രമസമാധാനനില ഇത്തരക്കാർ കാരണം തകരുന്നുവെന്നാണ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊലീസ് ഉയർത്തിക്കാട്ടുന്നത്.

ആടുകളുമായി പോയ ഒരു ട്രക്ക് കഴിഞ്ഞ മാസം തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.

പൊതുനിരത്തില്‍ സ്വകാര്യ വ്യക്തികൾക്ക് വാഹനം തടയാൻ യാതൊരു അധികാരമില്ലെന്ന് പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഈ വിഷയം കോടതി പരിഗണിക്കണമെന്നും വ്യാജ മൃഗസംരക്ഷകർക്കെതിരെ നടപടിയെടുക്കണമെന്നും അഹമ്മദാബാദ് സിറ്റി എൻ ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ്.എൻ പട്ടേല്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.