പത്തു വർഷം നീണ്ട ബിജെപിയുടെ കേന്ദ്രഭരണത്തിന് താങ്ങും തണലുമായി നിന്ന ഇന്ത്യയിലെ കോർപ്പറേറ്റ് മുതലാളിമാരാണ് അദാനിയും അംബാനിയും. ബിജെപി എന്ന പാർട്ടിക്കും അതിൻറെ നേതാക്കൾക്കും, ചോദിക്കുമ്പോൾ എല്ലാം വാരിക്കോരി കൊടുത്ത രണ്ട് കുത്തക മുതലാളിമാരും ഇപ്പോൾ ആശങ്കയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 നു മേൽ സീറ്റുകൾ നേടി വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും എന്ന് നരേന്ദ്രമോദിയും മറ്റു നേതാക്കളും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ അതെല്ലാം വിശ്വാസത്തിൽ എടുത്ത് ബിജെപി പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചെലവുകൾക്കായി നൂറുകണക്കിന് കോടി രൂപ വാരിക്കോരി കൊടുത്ത അദാനിയും അംബാനിയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വലിയ അങ്കലാപ്പിൽ ആയി. അദാനി അംബാനി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഷെയർ മാർക്കറ്റിൽ കുതിച്ചു കയറി കൊണ്ടിരുന്ന സാഹചര്യം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. മാത്രവുമല്ല നിലവിൽ കേന്ദ്രത്തിൽ അധികാരമേറ്റ നരേന്ദ്രമോദിയുടെ മൂന്നാം സർക്കാരിനെ എത്ര കാലത്തെ ആയുസ്സ് ഉണ്ടാകും എന്ന കാര്യത്തിലും ഇവർ ആശങ്കയിൽ ആണ്. രണ്ട് കുത്തക മുതലാളി മാരുടെയും സാമ്പത്തിക ഉപദേഷ്ടാക്കൾ ബിജെപിയെ പരിധിവിട്ട് ചുമക്കേണ്ട കാര്യമില്ല എന്ന രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകിയതായി ആണ് അറിയുന്നത്.
നിലവിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ബിജെപി സർക്കാരിൻറെ നിലനിൽപ്പ് ഒപ്പം നിൽക്കുന്ന രണ്ടു പ്രമുഖ പാർട്ടികളുടെ ആശ്രയം അനുസരിച്ചാണ്. തെലുങ്കുദേശം പാർട്ടിയും ജെ.ഡി.യു പാർട്ടിയുമാണ് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാക്കിക്കൊടുത്തത്. എന്നാൽ ഈ രണ്ടു പാർട്ടികളുടെയും പിന്തുണയിൽ പ്രവർത്തിക്കുന്ന സർക്കാരിൻറെ ഭാവിയിൽ അദാനിയും അംബാനിയും മാത്രമല്ല ബിജെപിയെ പിന്തുണച്ചു നിൽക്കുന്ന മറ്റു ചില കോർപ്പറേറ്റ് മുതലാളിമാർക്കും ആശങ്ക ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ അവസരത്തിൽ ദേശീയ മാധ്യമങ്ങളിൽ പലതിനെയും കോടിക്കണക്കിന് വരുന്ന വലിയ തുക സംഭാവനയായി നൽകിക്കൊണ്ട്, ബിജെപിക്ക് അനുകൂല വാർത്തകൾ പ്രചരിപ്പിക്കുക എന്ന ഏർപ്പാട് സജ്ജീകരിച്ചത് അദാനി അംബാനി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നേരിട്ട് ഇടപെട്ട് 400 സീറ്റ് എന്നത് കടന്ന്, പരമാവധി സീറ്റുകളിൽ ഭൂരിപക്ഷം എന്ന സ്ഥിതിയിലേക്ക് എത്താൻ കഴിഞ്ഞാൽ ഈ തെരഞ്ഞെടുപ്പോടുകൂടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലനിൽപ്പ് പൂർണമായും ഇല്ലാതാകും എന്ന് വരെ നരേന്ദ്രമോദി അഭിപ്രായപ്പെടുകയും, ഇത് അംബാനി അദാനി മുതലാളിമാർ സ്വീകരിക്കുകയും ചെയ്തു എന്നാണ് അറിയുന്നത്.
ബിജെപി എന്ന പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വലിയ പ്രതിസന്ധിയിൽ ആക്കിയ ഒരു തെരഞ്ഞെടുപ്പ് ഫലം ആണ് വോട്ടെണ്ണി കഴിഞ്ഞപ്പോൾ പുറത്തുവന്നത്. കോർപ്പറേറ്റ് മുതലാളിമാർ തന്നെ ഒരുക്കിയ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്ന ആൾക്കാർ പുറത്തുവിട്ട എല്ലാ സർവേഫലങ്ങളും തകിടം മറിഞ്ഞതോടു കൂടി ഈ മുതലാളി സംഘം അവരോടും വലിയ വിരോധത്തിൽ ആയിരിക്കുകയാണ്.
ഇതിനിടയിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് പഴയ വിധത്തിൽ അടുപ്പം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്ന ആർ എസ് എസ് – സംഘപരിവാർ ശക്തികൾ, അദാനി അംബാനി അടക്കമുള്ള പല കോർപ്പറേറ്റ് മുതലാളിമാരുമായി കൂടുതൽ അടുക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പരസ്യമായി ആർ എസ് എസ് എസിനെ തള്ളിപ്പറഞ്ഞത് വലിയ വിവാദം ആയിരുന്നു. ഉത്തരേന്ത്യയിൽ ആർഎസ്എസ് ഇപ്പോഴും ഒരു ആധ്യാത്മിക പരിവേഷമുള്ള സംഘടനയായിട്ടാണ് നിലനിൽക്കുന്നത്. തികഞ്ഞ ഈശ്വരാ വിശ്വാസികളായ അദാനിയും അംബാനിയും അതുകൊണ്ടുതന്നെ ആർഎസ്എസ് നേതൃത്വത്തെ കൂടുതൽ അനുസരിക്കാനും അവരോടൊപ്പം നിന്ന് നീങ്ങാനും തീരുമാനിച്ചത് ആയിട്ടാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.
എന്തായാലും ശരി, അദാനിയും അംബാനിയും അടക്കം രാജ്യത്ത് ശത കോടീശ്വരന്മാർ കഴിഞ്ഞ 10 വർഷമായി താങ്ങി നിർത്തിയിരുന്ന ബിജെപി നേതൃത്വത്തെയും പ്രധാനമന്ത്രിയെയും ഇപ്പോൾ തള്ളിപ്പറയുന്ന മാനസികാവസ്ഥയിലേക്ക് ഇവർ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയും, തുടർന്നും പഴയതുപോലെ പിന്തുണച്ചാൽ വലിയ രാഷ്ട്രീയഭാവിയും അധികാര ഭാവിയും ഇല്ലാത്ത ഇന്നത്തെ സ്ഥിതിയിൽ യാതൊരു ഗുണവും ഭാവിയിൽ തങ്ങൾക്ക് ഉണ്ടാകില്ല എന്ന കണക്കുകൂട്ടൽ ആണ് ഈ മുതലാളിത്ത സംഘത്തിന് ഉള്ളത്. പ്രധാനമന്ത്രിക്കും ബിജെപി പാർട്ടിക്കും മുതലാളിത്ത സംഘത്തിൻറെ ഈ പുതിയ നീക്കങ്ങൾ വലിയ ആഘാതം ഏൽപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇതിനിടയിൽ രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയ നിരീക്ഷകർ പുറത്തുവിടുന്ന പല പ്രവചനങ്ങളും നരേന്ദ്രമോദിയുടെ മൂന്നാം സർക്കാരിനെ ആയുസ്സ് ഏറെ ഉണ്ടാവില്ല എന്ന തരത്തിലുള്ളതാണ്. സമീപഭാവിയിൽ തന്നെ സർക്കാരിനെ താങ്ങിനിർത്തുന്ന തെലുങ്കുദേശം പാർട്ടിയും ജെ.ഡി.യു വും പ്രധാനമന്ത്രിയുമായി ബിജെപിയുമായും ഇടയുക തന്നെ ചെയ്യുമെന്നും അങ്ങനെ സർക്കാർ താഴെ വീണാൽ വരുന്ന തെരഞ്ഞെടുപ്പിൽ, കോൺഗ്രസും രാഹുൽഗാന്ധിയും നയിക്കുന്ന ഇന്നത്തെ പ്രതിപക്ഷം കേവല ഭൂരിപക്ഷമെങ്കിലും നേടിക്കൊണ്ട് അധികാരത്തിൽ വരും എന്ന അഭിപ്രായവും പുറത്തുവരുന്നുണ്ട്. ഈ വാർത്തകളും അദാനി അംബാനി ഗ്രൂപ്പ് മുതലാളിമാരെ അങ്കലാപ്പിൽ ആക്കുന്നുണ്ട്
ഇനിയൊരു ലോകസഭാ തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുന്നതിന് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ദേശീയതലത്തിൽ ഉരുത്തിരിഞ്ഞു വരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയതായി നിലവിൽ വന്ന ലോകസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽഗാന്ധി നടത്തിയ പ്രകടനങ്ങളും ഇടപെടലുകളും ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയെ പരിധിവിട്ട് പിന്തുണക്കാൻ ശ്രമിച്ചാൽ പ്രതിപക്ഷത്തിന്റെ മുഖ്യ ശത്രുക്കളായി തങ്ങൾ മാറും എന്ന ഭയപ്പാടും അദാനി അംബാനി മുതലാളിമാർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ നിലവിലത്തെ രീതികൾ മാറ്റി നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയോടും ബിജെപി നേതാക്കളോടും അകലം പാലിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്ന തീരുമാനത്തിലാണ് കോർപ്പറേറ്റ് മുതലാളി സംഘം എത്തിയിരിക്കുന്നത്. ഇത് വലിയ ഒരു ആഘാതമാണ് പ്രധാനമന്ത്രിക്കും ബിജെപി പാർട്ടിക്കും ഉണ്ടാക്കുക എന്ന കാര്യത്തിൽ സംശയം ഇല്ല.