തിരുത്തലിൽ തമ്മിൽ തല്ലുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ

ദാസന്റെ വാക്കുകൾ കേട്ട് കേരളം ചിരിക്കുന്നു

ഏതാണ്ട് 30 കൊല്ലങ്ങൾക്ക് മുമ്പ് മലയാളത്തിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിൽ സഖാവിന്റെ വേഷമിട്ട ശങ്കരാടി പറയുന്ന ഡയലോഗുകൾ ഇന്നും പ്രസക്തിയിൽ നിൽക്കുകയാണ്. തെരഞ്ഞെടുപ്പിൽ എങ്ങനെ തോറ്റു എന്ന് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നേതാവായ ശങ്കരാടി പറയുന്ന വാക്കുകളാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തലച്ചോറിൽ നിറഞ്ഞു നിൽക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയെ പറ്റി ശങ്കരാടി പറയുന്നത് ഇങ്ങനെയാണ് – ഒരു താത്വികമായ അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ പരസ്യമായി എതിർക്കുന്നുണ്ടെങ്കിലും ഇവർക്കിടയിൽ ഒരു അന്തർധാര പ്രവർത്തിക്കുന്നുണ്ട് ഇതാണ് പാർട്ടിയുടെ തോൽവിക്ക് മുഖ്യകാരണം – ഈ വാചകങ്ങൾ കേട്ടിരുന്ന ഒരു സാധാരണ സഖാവ് തിരിച്ചു ചോദിക്കുന്നത് കേരളത്തിലെ സാധാരണ സഖാക്കൾ യോഗങ്ങളിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് – സഖാവേ എന്തുകൊണ്ട് പാർട്ടി തോറ്റു എന്നത് ലളിതമായി പറഞ്ഞുകൂടെ എന്ന ചോദ്യം ശങ്കരാടിയുടെബൗദ്ധിക നേതൃത്വത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈ വിഷമാവസ്ഥയിലാണ് ഇപ്പോൾ കേരളത്തിലെ സിപിഎം – സിപിഐ നേതാക്കൾ.

ലോകസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഭരണത്തിൽ ഇരിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായത്. ഈ തോൽവിയുടെ കാരണം കവടി നിരത്തി കണ്ടെത്തേട്ടേണ്ട കാര്യമില്ല. സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും ജനങ്ങളെ മറന്നു കൊണ്ട് അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും ശൈലിയുമായി പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണം.

പാർട്ടിക്ക് മാത്രമല്ല, ഭരണകൂടത്തിലും ശൈലി മാറണം എന്നു എല്ലാരും പറയുന്നുണ്ട്. തെറ്റു തിരുത്തൽ പറഞ്ഞുകൊണ്ടാണ് എല്ലാ നേതാക്കളും സംസാരിക്കുന്നത്. എന്നാൽ എന്താണ് തെറ്റ് എന്നും എങ്ങനെയാണ് തിരുത്തേണ്ടത് എന്നും ഒരു നേതാവും തുറന്നു പറയുന്നില്ല. ഇതിനിടയിലാണ് തിരുത്തൽ കാര്യത്തിൽ സിപിഎം സെക്രട്ടറിയും സിപിഐ സെക്രട്ടറിയും രണ്ടു തട്ടിൽ നിൽക്കുന്നത്.

കഴിഞ്ഞദിവസം നിയമസഭയിൽ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അങ്ങ് രാജാവല്ല മുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞപ്പോൾ വലിയ ദേഷ്യത്തോടെ കൂടി മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന്, ഞാൻ രാജാവല്ല ജനങ്ങളുടെ ദാസനാണ് ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ അത് കണ്ടിരുന്ന ജനം യഥാർത്ഥത്തിൽ ചിരിച്ചു പോയി. ജനങ്ങളുടെ ദാസൻ ഒപ്പം നിൽക്കുന്ന മന്ത്രിമാരുമായി കേരളം മുഴുവൻ നവകേരള സദസ്സ് യാത്ര നടത്തിയപ്പോൾ, പാർട്ടി അനുഭാവികളും, പോലീസുകാരും ഒരുമിച്ചുകൂടി ജനങ്ങൾക്കു മുമ്പിൽ ദാസന്മാരായി പ്രവർത്തിക്കുന്ന കാഴ്ച കണ്ട മലയാളികൾക്ക് മുഖ്യമന്ത്രിയുടെ വാക്കുകൾ ചിരിയാണ് പകർന്നത്.

മുഖ്യമന്ത്രി പ്രസംഗിച്ച മൈക്ക് അരമിനിറ്റ് തകരാറായപ്പോൾ ആ മൈക്ക് സെറ്റ് ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു സംഭവം ലോകത്ത് ഒരിടത്തും മുൻപ് ഉണ്ടായി കാണില്ല. മറ്റൊരു വേദിയിൽ നല്ല പ്രസംഗം നടത്തിയ മുഖ്യമന്ത്രി എന്ന് അവതാരക പറഞ്ഞപ്പോൾ അവർക്ക് നേരെ ക്ഷോഭിച്ചത് ജനങ്ങളുടെ ദാസൻറെ പ്രത്യേക മാനസികാവസ്ഥ കൊണ്ടായിരിക്കണം.

ആദരണീയരായ മതമേധാവികളെ വിവരദോഷികൾ എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മറ്റു നേതാക്കളെ പരനാറി കൾ എന്നും സ്വന്തം പാർട്ടിയിലെ അനുഭാവികളെ കുലംകുത്തികൾ എന്നും ഒക്കെ വിളിച്ച ഒരു നേതാവ് ജനങ്ങളുടെ ദാസനാണ് ഞാൻ എന്ന് പറഞ്ഞാൽ പൊതുജനത്തിന് എങ്ങനെയാണ് ചിരിക്കാതിരിക്കാൻ കഴിയുക.

ഏതായാലും കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആയ സിപിഎമ്മും സിപിഐയും ഇപ്പോൾ തിരുത്തലിന്റെ പേരിൽ തിരുത്തി കൊണ്ടിരിക്കുകയാണ്. ശങ്കരാടി സിനിമയിൽ പറഞ്ഞതുപോലെ ജനങ്ങൾക്ക് മനസ്സിലാവാത്ത ഭാഷ കണ്ടെത്താനുള്ള യജ്ഞത്തിലാണ്. ഈ പാർട്ടികളുടെ നേതാക്കൾ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായിരുന്നു. അത് ജനങ്ങൾ വോട്ട് ചെയ്യാത്തതുകൊണ്ട് ആണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സാധാരണ ജനങ്ങൾ അകലുന്ന സ്ഥിതി ഉണ്ടായി എന്നും ആർക്കാണ് മനസ്സിലാവാത്തത്. ഈ കാര്യം തുറന്നു സമ്മതിച്ചു കൊണ്ട് തെറ്റി തിരുത്തലിന് തയ്യാറാവുന്നതിന് പകരം സഖാക്കളെ കൂടെ നിർത്താൻ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കുന്നതിന് ആർക്കും മനസ്സിലാവാത്ത ന്യായീകരണവും ഭാഷയും തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഈ പറയുന്ന പാർട്ടിയുടെ നേതാക്കൾ.