നിയമം കയ്യിലെടുക്കാൻ കെഎസ്ഇബിക്ക് എന്തധികാരം…

നിയമം കയ്യിലെടുക്കാൻ കെഎസ്ഇബിക്ക് എന്തധികാരം...

   കോഴിക്കോട് തിരുവമ്പാടിയിലെ വൈദ്യുതി ബോർഡിൻറെ സെക്ഷൻ ഓഫീസിന് കീഴിലുള്ള ഒരു വീട്ടിൽ ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ കണക്ഷൻ കട്ട് ചെയ്യുകയും അതേ തുടർന്ന് വീട്ടുടമയും, സെക്ഷൻ ഓഫീസിലെ എൻജിനീയർ അടക്കമുള്ള ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നു.അതേ തുടർന്ന് വീട്ടിലെ വൈദ്യുതി കട്ട് ചെയ്യുന്നതിന് ബോർഡ് ചെയർമാൻ നിർദ്ദേശിക്കുകയും,അത് വലിയ വിവാദമായിരിക്കുകയാണിപ്പോൾ. ഇവിടെ നടന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ വൈദ്യുതി ഉപഭോക്താവ് തെറ്റ് ചെയ്തു എന്നത് ബോധ്യമാവുന്നുണ്ട്.എന്നാൽ അതിൻറെ പേരിൽ കെഎസ്ഇബി നടപ്പിലാക്കിയ കറണ്ട് കട്ടാക്കൽ തീരുമാനം 

ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. വൈദ്യുതി ഓഫീസിൽ അന്യർ കയറി അക്രമം നടത്തിയെങ്കിൽ അതിനെതിരെ പോലീസിൽ പരാതി നൽകുന്നതിനും പരിഹാരം തേടുന്നതിനും വഴികളുണ്ട്.അത് നടപ്പിലാക്കുകയായിരുന്നു വേണ്ടത്.അതിനുപകരം ഒരു വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുക എന്ന് പറയുന്നത് ഗുരുതരമായ ഗുണ്ടാ പണിയാണ്.വീട്ടുടമ ബില്ല് അടയ്ക്കാതെ വന്നപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാർ കണക്ഷൻ കട്ടാക്കി. വിവരമറിഞ്ഞ് വീട്ടിലെ ഒരംഗം ഓൺലൈൻ ആയി ബില്ലടച്ചു.അതിനുശേഷവും കണക്ഷൻ പുനസ്ഥാപിക്കാതെ ജീവനക്കാർ അനാസ്ഥ കാണിച്ചപ്പോഴാണ് വീട്ടുടമകളായ രണ്ടുപേർ ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത്.വൈദ്യുതി ഉപഭോക്താവ് സ്വീകരിച്ച നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ല.വീട്ടിലെ കുടുംബനാഥന്റെ മക്കളായ രണ്ടുപേരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. വീട്ടുടമയായ വൃദ്ധൻ ഹൃദ്രോഗിയാണ്.ഈ വീട്ടിൽ അമ്മയും കഴിയുന്നുണ്ട്.വൈദ്യുതി കട്ട് ചെയ്തപ്പോൾ അക്രമം നടത്തിയ മക്കൾ എന്നതിനേക്കാൾ ദുരിതം അനുഭവിക്കേണ്ടിവന്നത് പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾ കൂടിയാണ്. അത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ മനസ്സിലാക്കേണ്ടതായിരുന്നു.ഇതെല്ലാം സംഭവത്തിന്റെ ഒരു വശം മാത്രമാണ്.വൈദ്യുതി ബോർഡ് സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.കേരളത്തിലെ ജനങ്ങൾക്ക് വൈദ്യുതി നൽകുകയും അതിന് ബില്ലു നൽകി ചാർജ് ഈടാക്കുകയും ചെയ്യുന്ന ഏർപ്പാടാണ് വൈദ്യുതി വകുപ്പിനുള്ളത്.ഒരു വീട്ടുടമ ബില്ല് അടച്ചില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യാം.ഈ സംഭവത്തിന്റെ പേരിൽ എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങ

ളോ നഷ്ടങ്ങളോ ഉണ്ടായാൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിയമനടപടികൾ സ്വീകരിക്കാം.അതിനുപകരം ബില്ല് തുക അടച്ചു കഴിഞ്ഞ ഒരു വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കില്ല എന്ന് തീരുമാനമെടുക്കുന്നത് ഗുണ്ടാ പണിയാണ്.അത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ വൈദ്യുതി ബോർഡിന് എന്തധികാരമാണ് ഉള്ളത് എന്ന് പൊതുജനത്തിന് അറിയേണ്ടതുണ്ട്.പ്രശ്നമുണ്ടാക്കിയ വീട്ടുടമയുടെ വീട്ടിലെ കണക്ഷൻ പുനസ്ഥാപിക്കാതെ കട്ട് ചെയ്ത് കിടക്കട്ടെ എന്ന് ഉത്തരവിറക്കിയത് വൈദ്യുതി ബോർഡ് ചെയർമാനാണ്. ചെയർമാന്റെ ഈ നടപടിയെ വൈദ്യുതി മന്ത്രിയും ന്യായീകരിക്കുന്നുണ്ട്.ഇവിടെ ചില കാര്യങ്ങൾ മന്ത്രിയും ചെയർമാനും മറന്നു പോകുന്നുണ്ട്.കേരളത്തിലെപ്പോലെ യാതൊരു കൃത്യതയും ഉത്തരവാദിത്വബോധവും ഇല്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാരുള്ള ഒരു വൈദ്യുതി വകുപ്പ് രാജ്യത്ത് ഒരിടത്തുമില്ല.വർഷംതോറും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിന് മന്ത്രിക്ക് ഒരു മടിയുമില്ല.ഒരു വൈദ്യുതി കണക്ഷൻ എടുത്ത ഉപഭോക്താവ് ഏതെങ്കിലും തരത്തിലുള്ള തകരാർ പരാതിയായി അറിയിച്ചാൽ അത് പരിഹരിക്കുന്നതിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തിലല്ലാതെ വേറെ ഒരിടത്തും കാണില്ല.അപ്രഖ്യാപിത പവർകട്ടും മുന്നറിയിപ്പുകളില്ലാത്ത വൈദ്യുതി വിതരണ നിർത്തിവയ്ക്ക

ലും ഒക്കെ സ്ഥിരം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളാണ്.നഗരങ്ങളിൽ മാത്രമല്ല ഗ്രാമീണ മേഖലയിലുള്ള ജനങ്ങളും വലിയ ദുരിതം അനുഭവിക്കുന്നത് പതിവാണ്.കാക്ക പറന്നു കമ്പിയിൽ ചുറ്റി ട്രാൻസ്ഫോർമർ പൊട്ടുന്ന അനുഭവം നിരന്തരം എല്ലായിടത്തുമുണ്ട്.ഇത്തരത്തിൽ ട്രാൻസ്ഫോർമർ തകരാർ മൂലം വൈദ്യുതി വിതരണം നിലച്ചാൽ പോലും അത് പുനസ്ഥാപിക്കാൻ സാധാരണഗതിയിൽ ഒരു ദിവസം വരെ എടുക്കാറുണ്ട്.ആധുനികമായ എല്ലാ യാന്ത്രിക സൗകര്യങ്ങളും ലഭ്യമാകുന്ന ഇന്നത്തെ കാലത്താണ് കാക്ക വീണാൽ തകരാറിലാകുന്ന ട്രാൻസ്ഫോർമറുകളുമായി കേരളത്തിലെ വൈദ്യുതി വകുപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഒരു വീട്ടിലെ കറണ്ട് വിതരണം തകരാറിലായാൽ അത് പരിഹരിക്കപ്പെടണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം എന്ന ഗതികേടും കേരളത്തിൽ മാത്രമല്ല വേറെ ഒരിടത്തുമുണ്ടാവില്ല.ഇലക്ട്രിസിറ്റി ഓഫീസുകളിലെ ലാൻഡ് ഫോണുകൾ വഴിയാണ് പരാതി നൽകേണ്ടത്.പലപ്പോഴും ഈ ഓഫീസുകളിലെ ഫോണിൻറെ റിസീവർ മനപൂർവ്വം ഉദ്യോഗസ്ഥർ എടുത്തു മാറ്റിവയ്ക്കുന്നത് പുതിയ കാര്യമല്ല.വൈദ്യുതി ബോർഡിൻറെ ഉദ്യോഗസ്ഥർ എന്ത് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകൾ രംഗത്ത് വരും.ഉദ്യോഗസ്ഥരുടെ അനാസ്ഥയിലൂടെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കു മാത്രം യൂണിയനുമില്ല,നേതാക്കളുമില്ല.വൈദ്യുതി ബില്ല് അടയ്ക്കാതെ വന്നാൽ കറണ്ട് കട്ട് ചെയ്യുക സാധാരണ സംഭവമാണ്.എന്നാൽ അതിൻറെ പേരിൽ വീട്ടുടമയോട് പ്രതികാര മനോഭാവത്തോടുകൂടി പ്രവർത്തിക്കുകയും,ബില്ല് അടച്ചു കഴിഞ്ഞാൽ പോലും കണക്ഷൻ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ബോർഡ് ചെയർമാനും മന്ത്രിയും ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയാനേ ജനങ്ങൾക്ക് കഴിയുകയുള്ളൂ.