കുതിരവട്ടം പപ്പുമാർ പറഞ്ഞുകൊണ്ടിരിക്കുന്നു – ഇപ്പ ശര്യാക്കിത്തരാം

കാലിയായ കീശയും കീറത്തുണിയുമാണ് സർക്കാരിൻറെ ഇപ്പോഴത്തെ സ്വത്ത്

വലിയ വണ്ടിയിൽ കയറിയിരുന്ന് ചെറിയ സ്പാനറുമായി ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറയുന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് പോലെയാണ് സംസ്ഥാനം . മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ ചില പ്രയോഗങ്ങൾ , കേരളത്തിലെ മിക്കവാറും എല്ലാ വിഭാഗം ജനങ്ങളും നിൽക്കക്കള്ളിയില്ലാതെ ദുരിതത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട വയോധികർക്ക് നൽകിവന്നിരുന്ന ക്ഷേമ പെൻഷൻ പോലും അഞ്ചുമാസത്തിലധികം കുടിശികയാണ്. പാവം ജനങ്ങൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നു സപ്ലൈകോയുടെ കടകളെല്ലാം കാലിയായി കിടക്കുന്നു . എണ്ണിയാൽ തീരാത്തത്ര കോടികൾ കൊടുത്തു തീർത്താൽ ആണ് കേരളത്തിൽ എന്തെങ്കിലും മുന്നോട്ടു നീങ്ങാൻ കഴിയുക എന്നതാണ് അവസ്ഥ .ഇത് അറിയാവുന്ന മുഖ്യമന്ത്രിയാണ് വരുന്ന രണ്ടു വർഷത്തിനുള്ളിൽ എല്ലാ ബാധ്യതകളും തീർക്കും എന്നും കേരളത്തിൽ പൊതുജനങ്ങൾക്കായി തേനും പാലും ഒഴുക്കും എന്നും ഒക്കെ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്നുകൊല്ലം കഴിഞ്ഞു. ഈ മൂന്നു കൊല്ലക്കാലവും ദാരിദ്ര്യത്തിന്റെ കണക്കുകൾ അല്ലാതെ സംസ്ഥാന ധനകാര്യ മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പ്രതിപക്ഷം എന്ത് ആവശ്യപ്പെടുമ്പോഴും കേന്ദ്രസർക്കാർ തരാത്തതാണ് എന്ന ന്യായമാണ് ധനകാര്യ മന്ത്രി സ്ഥിരം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് കേരളത്തിന് കൊടുക്കേണ്ടതിലും അധികം കൊടുത്തു എന്ന കണക്കാണ് .കേരളത്തിലെ പൊതുജനങ്ങൾ യഥാർത്ഥത്തിൽ എന്താണ് വിശ്വസിക്കേണ്ടത് ഒരു കാര്യം കൃത്യമായി പറയാൻ കഴിയും . കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഭരണകൂടം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ പ്രവർത്തിച്ചു പോവുകയാണ്.

എന്താണ് ഇപ്പോൾ കേരള സംസ്ഥാനത്തിന്റെ സ്ഥിതി എന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും മറ്റു പലതരത്തിലുള്ള റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കടം വീട്ടൽ കണക്കുകൾ പരിശോധിച്ചാൽ തന്നെ അടിയന്തരമായി 50,000ത്തിലധികം കോടി രൂപ സർക്കാർ കണ്ടെത്തണം. ഇത് എവിടെ നിന്ന് എങ്ങനെ ഉണ്ടാക്കും എന്ന കാര്യത്തിൽ മാത്രം മുഖ്യമന്ത്രി വ്യക്തത നൽകിയില്ല.

അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ 4250 കോടി വേണം. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള കോൺട്രാക്ടർമാർക്ക് കടം നൽകാൻ ഉള്ളത് 4000 കോടിയോളം രൂപയാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർക്ക് 2000 കോടി കുടിശികയാണ് ഇതിനോടൊപ്പം വികസന പ്രവർത്തനങ്ങൾ നടത്തിയ ഇനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാർക്ക് ആയിരത്തിലധികം കോടി രൂപ നൽകാനുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സപ്ലൈകോ സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വിതരണം ചെയ്ത കരാറുകാർക്ക് രണ്ടായിരത്തോളം കോടി രൂപ കുടിശിക നൽകാനുണ്ട്. കേരളത്തിലെ നെല്ല് കർഷകരുടെ കയ്യിൽ നിന്നും നല്ല സംഭരിച്ച ഇനത്തിൽ കർഷകർക്ക് 320 കോടി രൂപ നൽകേണ്ടതുണ്ട് .കൊട്ടിഘോഷിച്ചു സ്കൂളുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയ ദിനത്തിൽ 150 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. വിവിധ വകുപ്പുകളിലെ കരാറുകാരുടെ ബിൽ ഡിസ്കൗണ്ട് ഇനത്തിൽ 2500 കോടി രൂപ കുടിശ്ശിക കിടക്കുകയാണ്.

ഇതിനൊക്കെ പുറമെയാണ് ആരോഗ്യ മേഖലയിൽ ഉണ്ടായിരിക്കുന്ന അപകടകരമായ സാമ്പത്തിക സ്ഥിതി സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഇല്ലാതായിരിക്കുന്നു .മെഡിക്കൽ കോളേജുകളിൽ ചികിത്സ ഉപകരണങ്ങൾ ലഭ്യമല്ലാത്ത സ്ഥിതി തുടരുകയാണ് ക്യാൻസർ അടക്കമുള്ള മാരകരോഗ ചികിത്സയ്ക്കുള്ള മരുന്നുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത സ്ഥിതി തുടരുകയാണ്. ഇതുകൂടാതെ സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകുന്ന ധനസഹായങ്ങൾ മുടങ്ങിക്കിടക്കുന്നു. എന്തിനു പറയുന്നു കേരളത്തിൽ മലയോര മേഖലകളിൽ സ്ഥിരമായി നടക്കുന്ന വന്യജീവി അക്രമങ്ങളിൽ മരണപ്പെട്ടവർക്ക് വാഗ്ദാനം ചെയ്ത ധനസഹായം പോലും നൽകാൻ സർക്കാരിനെ കഴിയാത്ത സ്ഥിതിയാണ്. പരമ്പരാഗത തൊഴിൽ മേഖലയിൽ ഒരു ആനുകൂല്യവും നൽകുന്നില്ല.

കേരളത്തിൽ വിവിധ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് 23ലധികം ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ രംഗങ്ങളിലെ തൊഴിലാളികളാണ് ക്ഷേമനിധികളിൽ അംഗങ്ങൾ ആയിട്ട് ഉള്ളവർ ഈ തൊഴിലാളികൾ ബോർഡിലേക്ക് അടയ്ക്കുന്ന അംശാദായം ആണ് ആനുകൂല്യങ്ങൾ നൽകുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വലിയ സാമ്പത്തിക ശേഷിയുള്ളതും നന്നായി പ്രവർത്തിക്കുന്നതുമായ എല്ലാ ക്ഷേമനിധികളിലെയും അടങ്കൽ തുക സർക്കാർ ട്രഷറികളിലേക്ക് മാറ്റുകയും അവിടെ നിന്നും വക മാറ്റി ചിലവാക്കുകയും ചെയ്തിരിക്കുകയാണ്. ഇത് മൂലം 50 ലക്ഷത്തോളം തൊഴിലാളികളാണ് യാതൊരു സഹായവും ആനുകൂല്യവും കിട്ടാതെ വലയുന്നത് ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന വാർദ്ധക്യകാല പെൻഷൻ പോലും ഒരു വർഷത്തിൽ അധികമായി മുടങ്ങിക്കിടക്കുകയാണ്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗനവാടി വർക്കേഴ്സ് വെൽഫെയർ ബോർഡ് ഇവയിൽ എല്ലാം പെൻഷനും ആനുകൂല്യ വിതരണവും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

ഈ കണക്കുകൾ പ്രകാരം സംസ്ഥാന ഖജനാവിലേക്ക് 50,000 കോടി രൂപയെങ്കിലും ഒഴുകിയെത്തിയാൽ മാത്രമേ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്താൻ കഴിയുകയുള്ളൂ. ഈ സർക്കാരിൻറെ കഴിഞ്ഞ മൂന്നുവർഷക്കാലത്തെ സാമ്പത്തിക രംഗത്തുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള ഒരു കാര്യവും നടക്കുന്ന ലക്ഷണം ഇല്ല കാലിയായ ഖജനാവുമായി മുന്നോട്ടുപോകുന്ന സർക്കാർ ധനസമാഹരണത്തിനുള്ള മാന്യമായ വഴികൾ ഒന്നും ആലോചിക്കാതെ മുന്നോട്ടു പോവുകയാണ് .എന്നാൽ ഇതിനിടയിൽ തന്നെ സർക്കാർ അനാവശ്യമായ ചെലവുകളും ആഡംബര സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നു എന്നത് ജനങ്ങളെ നിരാശപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനം കൊണ്ട് ഒരു ഗുണവും ലഭിക്കാത്ത കേരളീയം പരിപാടി വീണ്ടും നടത്തുന്ന സർക്കാർ തീരുമാനം ഈ ഗണത്തിൽ ഏറ്റവും ഒടുവിൽ സർക്കാർ കൈക്കൊണ്ടതാണ് യഥാർത്ഥത്തിൽ ജനങ്ങളുടെ ദുരിതങ്ങൾ കാണാൻ ശ്രമിക്കാതെ പൊതുജനത്തെ മറന്നു കൊണ്ട് സർക്കാർ പ്രവർത്തിക്കുന്നു .കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ വലിയ പരാജയം സർക്കാരിൻറെ പ്രവർത്തനങ്ങൾക്കെതിരായ വിധിയെഴുത്തായി വിലയിരുത്തുമ്പോഴും ഭരണ പ്രവർത്തനങ്ങളിൽ ഒരു മാറ്റത്തിനും ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.