ന്യൂഡല്‍ഹി: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. എന്നാൽ ഗാന്ധി കുടുംബം വിവാഹത്തിനെത്തില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
മാസങ്ങള്‍ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കു ശേഷം ഇന്നാണ് (ജൂലൈ 12) ഇരുവരുടെയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്.
ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് മുകേഷ് അംബാനി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇരുവരും പങ്കെടുക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ലോക്‌സഭയ്ക്കുള്ളിലും പല തവണയായി അംബാനിയെ രാഹുല്‍ വിമർശിച്ചിരുന്നു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് വിവാഹച്ചടങ്ങുകള്‍. മാർച്ചില്‍ ഗുജറാത്തിലെ ജാം നഗറില്‍ വച്ചാണ് ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.