കേരളത്തില്‍ പുതിയ തട്ടിപ്പ്

അയ്യായിരം രൂപ നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ, പതിനായിരം നല്‍കിയാല്‍ പത്തുലക്ഷം

അയ്യായിരം രൂപ നല്‍കുന്നവർക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി സംസ്ഥാനത്ത് പുതിയ തട്ടിപ്പുസംഘം സജീവമെന്ന് റിപ്പോർട്ട്.

അയ്യായിരത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപിക്കേണ്ടത്. അതായത്, അയ്യായിരം രൂപ നല്‍കുന്നവർക്ക് അഞ്ചുലക്ഷവും പതിനായിരം രൂപ നല്‍കുന്നവർക്ക് പത്തുലക്ഷവും മടക്കിനല്‍കും, എന്നാണ് സംഘത്തിന്റെ വാഗ്ദാനം. അതിവിചിത്രമായ വിശദീകരണവുമായി തട്ടിപ്പ് സംഘം. ലക്ഷ്യം ഇടുന്നത് തൃശ്ശൂർ മേഖല .

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച്‌ ട്രസ്റ്റ് രൂപീകരിക്കാൻ ദുബായില്‍ നിന്ന് ഇന്ത്യയിലെ ബാങ്കില്‍ എത്തിയ 2,000 കോടി രൂപ പിൻവലിക്കണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന വിശദീകരണവുമായാണ് ഏജന്റുമാർ ആളുകളെ ഫോണില്‍ വിളിക്കുന്നത്. ഇതിനാണ് പരിചയക്കാരും അതിവിശ്വസ്തരുമായ ആളുകളോട് അയ്യായിരം രൂപ ചോദിക്കുന്നതത്രെ. തുക തരുന്നവർക്ക് 5 ലക്ഷം വീതം തിരിച്ചുനല്‍കും. 10,000 തരുന്നവർക്ക് 10 ലക്ഷം, എത്ര തുക അടയ്ക്കാനും തടസ്സമില്ല എന്നതാണ് പദ്ധതിയെ കുറിച്ച്‌ ഏജന്റുമാർ വിശദീകരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഫോണിലൂടെയാണ് ഈ അതിവേഗം ലക്ഷാധിപതിയാകുള്ള ഓഫർ പ്രചരിക്കുന്നത്. പദ്ധതിയില്‍ എത്ര പേർ തല വച്ചു എന്നു വ്യക്തമായിട്ടില്ല.

പരിചയക്കാരില്‍ നിന്നു മാത്രമായി 30 ലക്ഷം രൂപ പിരിച്ചെടുത്ത് 2,000 കോടി ബാങ്കിലെത്തിക്കാനാണത്രെ ഉദ്ദേശ്യം. അതിനാല്‍ അധികം പേരെ അറിയിക്കുന്നില്ലെന്നും പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നും ഏജന്റുമാർ പലരോടു പറഞ്ഞുപറഞ്ഞ് സംഗതി അറിയാത്തവരായി ആരുമില്ല എന്നതാണ് സ്ഥിതി. അങ്ങോട്ടു വിളിച്ചാല്‍ ഒരു പരിചയവുമില്ലെങ്കിലും കാര്യങ്ങളെല്ലാം വെടിപ്പായി വിശദീകരിക്കാനും ഈ ഏജന്റുമാർ റെഡി.

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച്‌ ട്രസ്റ്റ് രൂപീകരിക്കാനാണ് 2000 കോടി രൂപ ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയത് എന്നാണ് വിളിക്കുമ്ബോള്‍ പറയുന്നത്. ഇത് പിൻവലിക്കാൻ 30 ലക്ഷം രൂപ നികുതി അടയ്ക്കണമത്രെ. ഇന്നലെ ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്ന് ഇന്നലെ വിളിച്ചവരോടു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചവരോടും ഇതു തന്നെയാണ് പറഞ്ഞതെന്നാണ് വിവരം.

റിസർവ് ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലേക്കു പോകാനുള്ള വഴിച്ചെലവു തുക മാത്രമേ കിട്ടാനുള്ളൂ എന്നാണ് ഇന്നലെ ഉച്ചയ്ക്കുശേഷം വിളിക്കുമ്ബോള്‍ പറയുന്നത്. 5 മണി കഴിഞ്ഞാല്‍ ഒരു തരത്തിലും തുക സ്വീകരിക്കാനാവില്ല എന്നായിരുന്നു 5 മണി വരെയും ഏജന്റുമാരുടെ കാർക്കശ്യം. എന്നാല്‍, രാത്രി വിളിക്കുമ്ബോഴും പണം ഇത്തിരി നേരം കൂടി സ്വീകരിക്കുമെന്ന് ഔദാര്യം.

സമൂഹത്തിൽ പൈസയുടെ ആവശ്യം കൂടുതൽ ഉള്ളത് ആർക്കാണെന്നും കൂടുതൽ വലയിൽ വീഴാൻ സാധ്യത ഉള്ളവരെ തേടി എത്തുകയാണ് ഫോൺ കാളുകൾ…..