ചുരുങ്ങിയ കാലത്തിനിടയിൽ രാജ്യത്ത് എമ്പാടും വ്യാപകമായി പ്രവർത്തിച്ച വലിയ മുന്നേറ്റം ഉണ്ടാക്കിയ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികൾ ഇപ്പോൾ പുതിയ ആശയവുമായി രംഗത്തുവന്നിരിക്കുന്നു. വലിയ കുത്തക കമ്പനികളായ സ്വിഗ്ഗി,സൊമാറ്റോ ,ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ഭക്ഷ്യവിതരണ കമ്പനികളുമായി ചേർന്നുകൊണ്ട് ഓൺലൈൻ ആയി മദ്യ വില്പന നടത്തുന്ന കാര്യം സംസ്ഥാന എക്സൈസ് വകുപ്പും ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുന്നതായി ആണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വിഷയം വലിയ പ്രചാരം ഉണ്ടാക്കിയതോടുകൂടി സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഇപ്പോൾ ഇത്തരത്തിൽ ഒരു ആലോചന സർക്കാർ നടത്തുന്നില്ല എന്ന ചെറിയ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ സംസ്ഥാന ബീവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പും ഈ കാര്യത്തിൽ ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികളുമായി ചർച്ച നടത്തിയതായിട്ടാണ് അറിയുന്നത്. ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടാക്കിയാൽ ചില മേഖലകളിൽ നിന്നും പ്രതിഷേധം ഉണ്ടാകും എന്നതാണ് മന്ത്രിയുടെ നിഷേധക്കുറിപ്പിന്റെ കാരണം. എന്നാൽ ഓൺലൈനിൽ മദ്യ വില്പന ആരംഭിക്കണമെന്നും അതുവഴി സർക്കാർ ഖജനാവിലേക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കണമെന്നും ആണ് ധനകാര്യ മന്ത്രി നിലപാട് എടുത്തിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ മദ്യ വില്പന സംബന്ധിച്ച ആലോചനയ്ക്ക് സഹായകമായത് രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിൽ ഈ സമ്പ്രദായം കൃത്യമായി നടന്നുവരുന്നു എന്നതുകൊണ്ടാണ്.. ഇപ്പോൾ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ ഭക്ഷ്യ വിതരണ കമ്പനികൾ ഓൺലൈനിൽ മദ്യ വിതരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനുപുറമേ ഡൽഹി, പഞ്ചാബ്, കർണാടക, ഹരിയാന, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ട് നടത്തിവരുന്നതായിയുള്ള റിപ്പോർട്ടും ഉണ്ട്. ആദ്യ ഘട്ടം എന്ന നിലയ്ക്ക് ബിയറും വൈനും ഓൺലൈനായി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് പൈലറ്റ് പദ്ധതിയായി നടപ്പിൽ വരുത്തിയിട്ടുള്ളത്. കേരളത്തിൻറെ എക്സൈസ് മന്ത്രി ഈ പദ്ധതി തള്ളിക്കളഞ്ഞിട്ടില്ല. പ്രതിഷേധത്തെ ഭയന്ന് തൽക്കാലം നടപ്പിൽ വരുത്തുന്നില്ല എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ മദ്യ ഉത്പാദക കമ്പനി ഉടമകളും ഓൺലൈൻ വിതരണ കമ്പനി മേധാവികളും എക്സൈസ് വകുപ്പ് മേധാവികളും ഒരുമിച്ചിരുന്ന് ഈ കാര്യത്തിൽ പലതവണ ചർച്ച നടത്തി കഴിഞ്ഞതായി ആണ് അറിയുന്നത്. ഓൺലൈൻ കമ്പനികൾ മദ്യ വിതരണത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നതിന് വലിയ താല്പര്യമാണ് കാണിച്ചിട്ടുള്ളത്. എന്നാൽ ഉടനടി ഇത് നടപ്പിൽ വരുത്തിയാൽ ഇപ്പോൾ സർക്കാരിൻറെ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് പലതരത്തിലുള്ള പ്രതിഷേധങ്ങളും മറ്റും തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ ഒരു പുതിയ വടി കൊടുക്കുന്ന സ്ഥിതിയും ഉണ്ടാകും എന്ന ഭയം കൊണ്ടാണ് എക്സൈസ് മന്ത്രി തീരുമാനത്തിൽ മടി കാണിക്കുന്നത്.
രാജ്യത്ത് കോവിഡ് നിലനിന്നിരുന്ന കാലത്ത് ഉത്തരേന്ത്യയിൽ അടക്കം പല സംസ്ഥാനങ്ങളിലും ഓൺലൈൻ വഴി മദ്യം വീടുകളിൽ എത്തിക്കുന്ന സമ്പ്രദായം നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമാണ് ഈ സംവിധാനം നിർത്തലാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായത്. ഓൺലൈൻ കമ്പനികൾ കേരളത്തിൽ മദ്യ വിതരണത്തിന് സമ്മതം മൂളിയാലും ഇത് നടപ്പിൽ വരുത്തുന്നതിന് ഒട്ടേറെ കടമ്പകൾ ഉണ്ട്. നിലവിലെ എക്സൈസ് നിയമത്തിൽ ഭേദഗതികൾ വരുത്തിയാൽ മാത്രമേ സർക്കാരിനെ ഇക്കാര്യത്തിൽ അനുമതി നൽകാൻ കഴിയുകയുള്ളൂ. അഥവാ നടപ്പിലാക്കിയാൽ ബാറ് മുതലാളിമാർ സർക്കാറിൻെറ ശത്രുക്കളായി മാറുകയും ചെയ്യും. ഇപ്പോഴും ബിവറേജിൽ പോകാൻ മടികാണിക്കുന്ന ഒരുകൂട്ടം പ്രമാണിമാർ ഉണ്ട് . അവർ വലിയ മുന്തിയ ബാറുകളെയും ആശ്രയിച്ചാണ് പൂസാകുന്നത്. ഇനി അവർക്ക് ഓഡർചെയ്തു വീട്ടിൽ ഇരുന്ന് അടിക്കാം .കുറച്ച് കാലത്തിന് മുൻപ് സംസ്ഥാനത്തെ മദ്യ വിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് തുടങ്ങിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോഡാണ് ആപ്പ് നിര്‍മ്മിച്ചിരുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന രീതിയിൽ ആയിരുന്നു. ആപ്പിന് അനുമതി ലഭിച്ചതോടെ ഇത് എങ്ങനെയാണ് ഉപയോഗിക്കുക എന്നകാര്യത്തില്‍ എല്ലാവര്‍ക്കും സംശയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ ആ ആപ്പും കോപ്പും എവിടെ എന്നുപോലും അറിയില്ല.അതുപോലെ എന്തല്ലാം പക്താധികൾ.
കേരളത്തിൽ മദ്യ വിതരണ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർക്കശമായ ചില നിയന്ത്രണങ്ങളാണ് ഇപ്പോഴും തുടരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ബീവറേജസ് കോർപ്പറേഷൻ കടകൾ വഴിയല്ലാതെ മദ്യ വിതരണം ഇപ്പോൾ നടക്കുന്നില്ല. സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ബാറുകൾക്കും ബീവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യം നൽകിവരുന്നത്. മധ്യ വിതരണ കേന്ദ്രങ്ങളിൽ മദ്യം വാങ്ങുന്നതിന് എത്തുന്ന ആൾക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരിതങ്ങൾ ഹൈക്കോടതിയിൽ വരെ കണ്ടെത്തുകയും പരിഹാര നിർദേശം നൽകുകയും ചെയ്തിരുന്നതാണ്. ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ എല്ലായിടത്തും പകൽ മുഴുവൻ നീണ്ട ക്യൂ കാണുന്നത് പതിവാണ്. ഏതായാലും ഇത്തരത്തിൽ സ്വന്തം പണം കൊടുത്ത് മദ്യം വാങ്ങുന്നതിന് തയ്യാറാക്കുന്നവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ പുതിയ ഓൺലൈൻ വിതരണ സമ്പ്രദായത്തിലൂടെ ഒഴിവാക്കപ്പെടുകതന്നെ ചെയ്യും. കേരളത്തിലെ മദ്യപാനികൾക്കെല്ലാം സൗഭാഗ്യം വരുന്ന ഒരു അവസ്ഥ ആയിരിക്കും ഓൺലൈനിൽ വിതരണത്തിലൂടെ ലഭ്യമാവുക. ഇതൊക്കെയാണെങ്കിലും പതിവുപോലെ ഈ തീരുമാനം പുറത്തു വന്നാൽ ചില ക്രിസ്തീയ മതമേധാവികളും ചുരുക്കം ചില മദ്യവിരുദ്ധ സംഘടനക്കാരും പ്രതിഷേധവുമായി രംഗത്തുവരും എന്നത് വാസ്തവമാണ്.