ബി ജെ പി ദേശീയതലത്തിൽ പിളർപ്പിലേക്ക്

മോദിക്കും സംഘത്തിനും എതിരെ സംഘപരിവാർ നേതാക്കൾ

പത്തുവർഷക്കാലം ഇന്ത്യ രാജ്യം അടക്കിവാണ നരേന്ദ്രമോദിക്കും കൂട്ടർക്കും ബിജെപി എന്ന പാർട്ടിക്കും തിരിച്ചടികളുടെ നാളുകളാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ 400 നു മേൽ സീറ്റുകൾ പാർട്ടി ഒറ്റയ്ക്ക് നേടി അധികാരത്തിൽ വരും എന്ന് സ്വപ്നം കണ്ടിരുന്ന നരേന്ദ്രമോദിയും അമിത് ഷായും കൂട്ടരും ഫലം പുറത്തുവന്നപ്പോൾ ബോധം കെട്ടു വീഴുന്ന സ്ഥിതിയിലാണ് എത്തിച്ചേർന്നത്. ചില പ്രാദേശിക പാർട്ടികളുടെ പിന്തുണ നേടിക്കൊണ്ടാണ് മൂന്നാമതും നരേന്ദ്രമോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചത്. ഈ തെരഞ്ഞെടുപ്പ് അവസരത്തിൽ ഉണ്ടായ വലിയ പരാജയം പാർട്ടിയെ ഇപ്പോഴും പ്രതിസന്ധിയിൽ നിർത്തിയിരിക്കുകയാണ്. ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ രാജ്യത്തെ ശക്തികേന്ദ്രം ആയിരുന്ന ഉത്തർപ്രദേശ് സംസ്ഥാനത്ത് പാർട്ടി തകർന്നടിയുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ശക്തി ക്ഷയിച്ചതും കേന്ദ്ര ഭരണത്തിന് സ്വന്തമായി ഭൂരിപക്ഷം ഇല്ലാതെ വന്നതും പാർട്ടിയെ പ്രതിസന്ധിയിൽ നിർത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തർപ്രദേശിൽ അടക്കം ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ നേതാക്കൾ തമ്മിൽ രൂക്ഷമായ പോര് ഉണ്ടായിരിക്കുന്നത് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകൈ ആയിരുന്ന യോഗി ആദിത്യനാഥ് വലിയ വിമർശനങ്ങളുടെ പേരിൽ തളർന്നു നിൽക്കുകയാണ് അവിടെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ എല്ലാരും തന്നെ മുഖ്യമന്ത്രി യോഗിയുടെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നു ബംഗാൾ ബീഹാർ മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾക്ക് ഇടയിലും ഭിന്നത രൂക്ഷമാണ്.

ഇപ്പോൾ നടന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ബിജെപി എന്ന പാർട്ടിയുടെ താങ്ങും തണലും ആയിരുന്ന ആർ എസ് എസ് – സംഘപരിവാർ ശക്തികളും ബിജെപി പാർട്ടിക്ക് എതിരെ നീങ്ങുന്ന സ്ഥിതി ഉണ്ടായി ഇതിന് വഴിയൊരുക്കിയത് വോട്ടെടുപ്പിന് മുൻപ് പാർട്ടി പ്രസിഡന്റായ ജെ.പി. നദ്ദ നടത്തിയ ഒരു വിവാദ പ്രസംഗം ആയിരുന്നു ബിജെപി എന്ന രാഷ്ട്രീയപാർട്ടിക്ക് ആർ എസ് എസിന്റെ ഒരു സഹായവും ഇനി ആവശ്യമില്ല എന്നും പാർട്ടിയിൽ ദേശീയതലത്തിൽ വലിയ വളർച്ച നേടി എന്നുമാണ് നദ്ദ അന്ന് പ്രസ്താവിച്ചത് ഇതിനെതിരെ ആർ എസ് എസ് നേതാക്കൾ വലിയ വിമർശനം അന്ന് ഉയർത്തുകയും ചെയ്തിരുന്നു.

ബിജെപിയുടെ നേതൃനിരയിൽ ഉള്ള ആർ എസ് എസ് – സംഘപരിവാർ നേതാക്കളാണ് നരേന്ദ്രമോദിക്കും സംഘത്തിനും എതിരെ ഇപ്പോൾ വലിയ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയെ തള്ളിപ്പറയുവാനും ഒപ്പം നിൽക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുവാനും ഇവർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയിരുന്ന സബ്കാ സാഥ് – സബ്കാ വികാസ് എന്ന മുദ്രാവാക്യം ഉപേക്ഷിക്കാനും ആരാണോ നമ്മൾക്കൊപ്പം അവർക്കൊപ്പം നമ്മളും എന്ന പുതിയ മുദ്രാവാക്യം ഉയർത്തുവാനും ഈ സംഘം തീരുമാനമെടുത്തു കഴിഞ്ഞു. ബിജെപിയുടെ പശ്ചിമബംഗാൾ നേതാവ് സുവേന്ദു അധികാരി ആണ് ഈ നിർദ്ദേശം പാർട്ടി യോഗത്തിൽ ഉയർത്തിയത്. ഇതിനിടയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ സ്ഥാനത്തു നിന്നും മാറ്റി ഹൈന്ദവ വിഭാഗത്തിലെ താഴ്ന്ന സമുദായത്തിൽപ്പെട്ട ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം അവിടുത്തെ ഉപമുഖ്യമന്ത്രി കേശ പ്രസാദ് ഉയർത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥന്റെ ബുൾഡോസർ ഭരണം അവിടുത്തെ ജനങ്ങളെ സർക്കാരിനെതിരെ മാറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗ നദീതീരത്ത് കൊടിയേറി താമസിച്ചിരുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരുടെ കുടിലുകൾ ബുൾഡോസർ ഉപയോഗിച്ച് അടിച്ചു നിരത്താൻ മുഖ്യമന്ത്രി എടുത്ത തീരുമാനം ജനങ്ങളിൽ വലിയ എതിർപ്പ് ഉണ്ടാക്കി എന്നും ആക്ഷേപം ഉണ്ട്.

ഈ വിധത്തിൽ വലിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ നേതാക്കൾക്കിടയിൽ ഗ്രൂപ്പിസം ശക്തിപ്പെടുകയും പരസ്യമായ യുദ്ധത്തിലേക്ക് മാറുകയും ചെയ്തിരിക്കുന്ന ഈ അവസരത്തിൽ ഒരു അനുരഞ്ജനം ഉണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇടപെട്ടുവെങ്കിലും ആർഎസ്എസ് സംഘപരിവാർ നേതാക്കൾ ഇതിനൊന്നും വഴങ്ങിയിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടിയുടെ ദേശീയ നേതാക്കളുടെയും പ്രവർത്തന ശൈലിയും സർക്കാർ നിലപാടുകളും ജനങ്ങൾക്കുവേണ്ടി മാറ്റുവാൻ തയ്യാറായില്ല എങ്കിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ തകരുക തന്നെ ചെയ്യും എന്ന് ആർ എസ് എസ് നേതാക്കൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ആർ എസ് എസ്സിന്റെ അഭിപ്രായങ്ങളെ അംഗീകരിച്ചില്ലെങ്കിൽ ബദൽ സംവിധാനവുമായി മുന്നോട്ടു പോകണം എന്ന തീരുമാനത്തിലാണ് ഈ വിഭാഗം എത്തിയിരിക്കുന്നത്. നിലവിൽ ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രമുഖ ബിജെപി നേതാക്കൾ പോലും രണ്ടു തട്ടിലായി നിലനിൽക്കുകയാണ്. ആർഎസ്എസിനെ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന ഭൂരിഭാഗം വരുന്ന നേതാക്കൾ ഒരുമിച്ച് നീങ്ങുന്നതിന് തീരുമാനം എടുത്തതായി റിപ്പോർട്ട് ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര അടക്കമുള്ള വലിയ സംസ്ഥാനങ്ങൾ നീങ്ങുന്ന അവസരത്തിൽ തെരഞ്ഞെടുപ്പിന് മുൻപ് അനുരഞ്ജന നീക്കങ്ങൾ ഫലം കണ്ടില്ല എങ്കിൽ പലയിടത്തും ബിജെപി രണ്ടായി പിളരുന്ന സ്ഥിതിയും അതുവഴി നരേന്ദ്രമോദി സംഘവും ആർ എസ് എസ് സംഘവും രണ്ടായി പ്രവർത്തിക്കുന്ന സാഹചര്യവും ഉണ്ടായിത്തീരും.

ഏതായാലും ശരി ലോകസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയ തിരിച്ചടി ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ പിളർത്തുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ ദേശീയ നേതാക്കളിൽ കണ്ടിരുന്ന ഐക്യവും സൗഹൃദവും ഇപ്പോൾ ഇല്ല. മാത്രവുമല്ല നരേന്ദ്രമോദിയും കൂട്ടരും പാർട്ടിയെ ഇന്ത്യയിൽ വളർത്തിയെടുത്ത പഴയകാല മുതിർന്ന നേതാക്കളോട് തികഞ്ഞ അവഗണന കാണിച്ചതും പ്രതിഷേധമായി പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. പത്ത് വർഷക്കാലം രാജ്യം കയ്യടക്കി ഭരണം നടത്തിയ ബിജെപി എന്ന പാർട്ടി ദേശീയതലത്തിൽ തന്നെ ഒരു പിളർപ്പിലേക്ക് നീങ്ങുന്നു എന്നതിൻറെ സൂചനങ്ങളാണ് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.